ആലപ്പുഴ: കയർപിരി തൊഴിലാളികളുടെ കൂലി പുതുക്കി നിശ്ചയിച്ചതിന്റെ അടിസ്ഥാനത്തിൽ കയർ വില വർധിപ്പിച്ചു നൽകാമെന്ന് സർക്കാർ നൽകിയ ഉറപ്പു പാലിക്കാത്തതിൽ പ്രതിഷേധിച്ച് 15 മുതൽ കയർ ഉദ്പാദനം നിർത്തിവയ്ക്കുമെന്നും 20 മുതൽ കയർഫെഡിൽ കയർ ഇറക്കില്ലെന്നും ആലപ്പുഴ കയർ പ്രോജക്ട് കയർ വ്യവസായ സഹകരണ സംഘം അസോസിയേഷൻ പത്രസമ്മേളനത്തിൽ വ്യക്തമാക്കി.
കയർ സംഘം പ്രസിഡൻറുമാരുടേയും സെക്രട്ടറിമാരുടേയും യോഗമാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. ജനുവരി മുതൽ വർധിപ്പിച്ച കൂലി അനുസരിച്ച് കയർ പിരിക്കുന്ന ഒരു തൊഴിലാളിക്ക് പ്രതിദിനം 350 രൂപ നൽകണം.
എന്നാൽ ഇതിനനുസൃതമായി കയർ വില പുതുക്കി നിശ്ചയിക്കാത്തതിനാൽ ഒരു ക്വിന്റൽ കയർ ഉത്പാദിപ്പിക്കുന്പോൾ 1888 രൂപയുടെ നഷ്ടം സംഘങ്ങൾക്ക് ഉണ്ടാകുന്നെണ്ടെന്ന് അസോസിയേഷൻ നേതാക്കളായ വി.വി. സുരേന്ദ്രൻ, പി.കെ. സുരേന്ദ്രൻ, എൻ. സുമന്ത്രൻ, എൻ.ജി. തിലകൻ എന്നിവർ വ്യക്തമാക്കി.