വൈക്കം: കോവിഡ് രണ്ടാം തരംഗത്തിൽ പരന്പരാഗത വ്യവസായങ്ങളെല്ലാം തകർച്ചയിൽ.ജില്ലയിൽ പടിഞ്ഞാറൻ തീരങ്ങളിലെ കയർ മേഖലാണ് ഇപ്പോൾ വലിയ ഭീഷണി നേരിടുന്നത്. തൊഴിലാളികളും കയർ സംഘങ്ങളും കടുത്ത പ്രതിസന്ധിയിലാണിപ്പോൾ.
രണ്ടു പ്രളയങ്ങളും കോവിഡിന്റെ ഒന്നാം തരംഗവും കനത്ത നഷ്ടമുണ്ടാക്കിയ കയർ മേഖല ഏറെ പണിപ്പെട്ട് അതിജീവനത്തിന്റെ പാതയിലേക്കു പാദമൂന്നിയപ്പോഴാണ് കോവിഡിന്റെ രണ്ടാം തരംഗം കനത്ത പ്രഹരമേൽപിച്ചത്.
കയർ കെട്ടിക്കിടക്കുന്നു
വൈക്കത്തെ 30 കയർ സംഘങ്ങളിലും നൂറുകണക്കിനു തൊഴിലാളികളുടെ വീടുകളിലും പിരിച്ച കയർ കെട്ടിക്കിടക്കുകയാണ്. സംഘങ്ങളുടെ കയർ സംഭരിക്കുന്നത് കയർഫെഡാണ്.
കോവിഡ് പ്രതിസന്ധി മൂലം കയർഫെഡിനു കയർ സംഭരിക്കാൻ കഴിയാതെ വന്നതാണ് കയർ മേഖലയിൽ പ്രതിസന്ധി കടുപ്പിച്ചത്.
മുന്പ് സംഭരിച്ച കയറിന്റെ വിലയും കയർഫെഡ് നൽകാനുണ്ട്. കയർഫെഡ് സംഭരിച്ച കയർ കോവിഡ് വ്യാപനത്തെത്തുുടർന്ന് വിറ്റഴിക്കാൻ കഴിഞ്ഞിരുന്നില്ല. വൈക്കത്തെ ചില കയർ സംഘങ്ങൾക്ക് നാലു ലക്ഷം മുതൽ പത്തു ലക്ഷം രൂപ വരെ ലഭിക്കാനുണ്ട്.
കഴിഞ്ഞ മൂന്നാം തിയതി കയർഫെഡ് വീണ്ടും സംഘങ്ങളിൽ നിന്നു കയർ സംഭരിച്ചു തുടങ്ങിയിട്ടുണ്ട്. മിക്ക സംഘങ്ങളുടെ ഗോഡൗണിലും 50-60 ക്വിന്റൽ കയർ കെട്ടിക്കിടപ്പുണ്ട്. വിപണിയിൽ വൈക്കം കയറിനു ഇപ്പോഴും പ്രിയമേറെയാണ്. 60,180 റണ്ണേജുള്ള വൈക്കം കയറിനു യഥാക്രമം 49,53 രൂപ വിലയുണ്ട്.
അയവുള്ള വൈക്കം കയർ കയർ ഉൽപന്ന നിർമാണത്തിനു ഏറെ അനുയോജ്യമാണ്. ഉൽപന്ന നിർമാണത്തിലേർപ്പെടുന്ന തൊഴിലാളികൾക്കും എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ കഴിയുമെന്നത് വൈക്കം കയറിനെ ഏറെ പ്രിയതരമാക്കുന്നു.
ഏറ്റവും കൂടുതൽ ഡിമാൻഡുള്ള കയർ ഭൂവസ്ത്രം, തടുക്ക്, കയറ്റുപായ തുടങ്ങിയവയൊക്കെ നിർമിക്കാൻ വൈക്കം കയർ ഏറ്റവും അനുയോജ്യമാണ്.
ഉത്പാദനം ഉയർന്നു
വൈക്കത്തെ ചെമ്മനാകരി, അക്കരപ്പാടം, പറക്കാട്ടുകുളങ്ങര തുടങ്ങി നിരവധി സംഘങ്ങൾ സർക്കാരിന്റെ കരുതലും പരിഗണനയും ലഭിച്ചപ്പോൾ കയർ ഉത്പാദനം ഗണ്യമായി ഉയർത്തി.
ഓട്ടോമാറ്റിക് സ്പിന്നിംഗ് മെഷിനും ഡീഫൈബറിംഗ് യൂണിറ്റും സംഘങ്ങളിൽ എത്തിയതോടെയാണ് കയർ ഉൽപാദനം പലമടങ്ങായി വർധിച്ചു.
സംഘങ്ങൾക്ക് പച്ചത്തൊണ്ട് എത്തിച്ചു നൽകാൻ രൂപീകരിച്ച ആലപ്പുഴ-വൈക്കം കയർ കണ്സോഷ്യവും കയർ മേഖലയ്ക്കു വലിയ പിൻബലമായി. വൈക്കത്തും സമീപ പ്രദേശങ്ങളിലും പച്ചതൊത്തൊണ്ട് വാങ്ങുന്നത് മലബാർ മേഖലയിൽ നിന്നാണ്.
കോവിഡ് വ്യാപനം മൂലം പച്ചത്തൊണ്ട് എത്താത്തത് സംഘങ്ങളുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുകയാണ്. വിദേശത്തേക്കു ചകിരിനാര് കയറ്റി അയക്കുന്നതിനാൽ പ്രാദേശിക വിപണിയിൽ തൊണ്ടിന്റെ വില വർധിപ്പിക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ട്.
മുന്പ് 2.20 രൂപയ്ക്ക് ലഭിച്ചിരുന്ന പച്ചത്തൊണ്ടിനു 2.50 രൂപ മലബാർ മേഖലയിലെ തൊണ്ടു സംരംഭകർ ആവശ്യപ്പെടുന്നത് സംഘങ്ങളെ വിഷമവൃത്തത്തിലാക്കുകയാണ്.
സംഘങ്ങളിൽ കെട്ടിക്കിടക്കുന്ന ശേഷിച്ച കയർ സംഭരിക്കുന്നതിനും സംഘങ്ങൾക്കു കയർ വിലയായി നൽകാനുള്ള കുടിശികയും നൽകാനുള്ള നടപടികൾ ത്വരിതപ്പെടുത്തി വരികയാണെന്ന് കയർഫെഡ് അധികൃതർ പറയുന്നു.