പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ: കോവിഡ് രണ്ടാം വ്യാപനം അപഹരിച്ചത് കെ എസ് ആർ ടി സിയിലെ 45 ജീവനക്കാരുടെ ജീവൻ. കഴിഞ്ഞ ഒന്നര മാസത്തിനകമാണ് ഇത്രയും ജീവനക്കാരുടെ ജീവൻ പൊലിഞ്ഞത്.
ഇതിൽ മിക്കവരും ജനങ്ങളുമായി നേരിട്ടിട പഴകുന്ന ഓപ്പറേറ്റിംഗ് വിഭാഗത്തിൽപ്പെട്ട ഡ്രൈവർ, കണ്ടക്ടർമാരാണ്.
മറ്റ് രോഗങ്ങൾ ഉണ്ടായിരുന്നതിന് പുറമേ കോവിഡ് കൂടി ബാധിച്ച് മരിച്ചവർ വിരലിലെണ്ണാവുന്നവർ മാത്രം. ഒരു ദിവസം വിവിധ ഡിപ്പോകളിലായി മൂന്ന് പേർ വരെ മരിച്ച ദിവസവുമുണ്ടായി.
കോർപ്പറേഷന്റെ രണ്ടു ഡിപ്പോകളിൽ ഒരാൾ വീതം കോവിഡ് ബാധിച്ചു മരിക്കുന്നു എന്നതാണ് കഴിഞ്ഞ ഒന്നര മാസത്തെ അവസ്ഥ.
കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ 355 ജീവനക്കാരെയാണ് കെഎസ്ആർടിസിക്ക് പല കാരണങ്ങളാൽ നഷ്ടമായത്. ഹൃദ്രോഗം, അപകടം, ഗുരുതരമായ രോഗങ്ങൾ, കോവിഡ് എന്നിവയാണ് മരണകാരണം.
കോവിഡിന്റെ ഒന്നാം വ്യാപനം മുതൽ ജീവനക്കാർക്ക് യാതൊരു വിധ സുരക്ഷാ സംവിധാനങ്ങളുമില്ലാതെയാണ് കെ എസ് ആർ ടി സി ബസ് സർവീസ് നടത്തിയിരുന്നത്.
മാസ്ക്കും കൈയിൽ കരുതുന്ന സാനിട്ടറൈസറും മാത്രമാണ് ഇവർക്ക് കോവിഡ് പ്രതിരോധത്തിനുണ്ടായിരുന്നത്. അപൂർവം ജീവനക്കാർ ഗ്ലൗസുകളും ധരിച്ചാണ് സർവീസ് നടത്തി കൊണ്ടിരുന്നത്.
ഇതിനിടയിൽ ചില ഡിപ്പോകളിൽ ആരോഗ്യ വകുപ്പ് ഇടപെട്ട് കോവിഡ് പരിശോധനാ ടെസ്റ്റ് നടത്തിയിരുന്നുവെന്ന് മാത്രം. പോസിറ്റീവായ വർ ചികിത്സ തേടി.
സർവീസ് ഓപ്പറേറ്റിംഗ് ജീവനക്കാർക്ക് പോലും കോവിഡ് പ്രതിരോധ സംവിധാനമൊരുക്കാൻ കോർപ്പറേഷന്റെ ഭാഗത്തു നിന്നും യാതൊരു നടപടികളുമുണ്ടായില്ലെന്ന് ജീവനക്കാർ കുറ്റപ്പെടുത്തിയിരുന്നു.
45 ജീവനക്കാർ കോവിഡ് ബാധിച്ച് മരിക്കുകയും നൂറുകണക്കിന് ജീവനക്കാർ കോവിഡ് ബാധിതരായി ചികിത്സയിലുമാണ്.
ഇതേ തുടർന്ന് ജീവനക്കാർക്ക് കോവിഡ് പ്രതിരോധ വാക്സിൻ നൽകാൻ കഴിഞ്ഞാഴ്ച കോർപ്പറേഷൻ തീരുമാനമെടുത്തിട്ടുണ്ട്.
ഇതിന്റെ ആദ്യ ഘട്ടമായി രജിസ്ട്രേഷന് വേണ്ടി കോർപ്പറേഷൻ ഒരു നോഡൽ ഓഫീസറെയും നിയോഗിച്ചിട്ടുണ്ട്. ജീവനക്കാരുടെ വ്യാപകമായ പരാതിയെ തുടർന്നാണ് ഒടുവിൽ കോർപ്പറേഷൻ ഈ തീരുമാനത്തിലെത്തിയത്.
രജിസ്ട്രേഷൻ തുടങ്ങിയെങ്കിലും എന്ന് മുതൽ വാക്സിനേഷൻ നൽകി തുടങ്ങുമെന്ന് ഇനിയും വ്യക്തമല്ല.
സംസ്ഥാന സർക്കാർ അവശ്യ സർവീസായി പ്രഖ്യാപിച്ചിട്ടുള്ള കെഎസ്ആർടിസിയിലെ ജീവനക്കാർ ഇപ്പോൾ കോവിഡ് വ്യാപന ഭീഷണി പോലും മനപൂർവംമറന്നു കൊണ്ട് ജോലി ചെയ്യേണ്ട ഗതികേടിലാണ്.