പറവൂർ: പറവൂർ മൂത്തകുന്നത്ത് കോവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ച യുവാക്കളെ ഒരു പകൽ മുഴുവൻ വാഹനത്തിലിരുത്തിയതായി ആരോപണം.
തമിഴ്നാട്ടിൽ മത്സ്യ വണ്ടിയിൽ പോയി രണ്ടു ദിവസംമുമ്പു തിരിച്ചെത്തിയ മാല്യങ്കര സ്വദേശിയായ യുവാവിന് കോവിഡ് പോസിറ്റീവായിരുന്നു.
തുടർന്ന് അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന രണ്ടു യുവാക്കളോടു കോവിഡ് ടെസ്റ്റ് ചെയ്യുന്നതിനായി വ്യാഴാഴ്ച രാവിലെ 6.30 ന് മൂത്തകുന്നത്തെത്താൻ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ നിർദേശിച്ചു.
രണ്ടു യുവാക്കളും രാവിലെ 6.30 ന് തന്നെ മൂത്തകുന്നത്തെത്തി. പിന്നീടു ചേന്ദമംഗലത്തെ കോവിഡ് ചികിത്സാ കേന്ദ്രത്തിൽ കൊണ്ടുപോയി ടെസ്റ്റ് നടത്തി.
പരിശോധനാഫലം വരുന്നതുവരെ മൂത്തകുന്നത്ത് വാഹനത്തിൽ തന്നെയിരിക്കാൻ ഉദ്യോഗസ്ഥർ നിർദേശിക്കുകയായിരുന്നു.
രണ്ടു പേരും തിരിച്ചെത്തി മൂത്തകുന്നത്ത് ദേശീയപാതയിൽ ആരോഗ്യ വകുപ്പിന്റെ സന്ദേശവും പ്രതീക്ഷിച്ചു കാത്തിരുന്നു.
രാവിലെ 10 ഓടെ കോവിഡ് പോസിറ്റീവാണെന്ന വിവരം ആരോഗ്യവകുപ്പ് അറിയിച്ചു.
തങ്ങളുടെ വീടുകളിൽ ക്വാറന്റൈൻ സൗകര്യമില്ലാത്തതിനാൽ പൊതുചികിത്സാ കേന്ദ്രത്തിലേക്കു പോകണമെന്നു യുവാക്കൾ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചു. അവിടെ തന്നെ കാത്തിരിക്കാനായിരുന്നു ഉദ്യോഗസ്ഥരുടെ നിർദേശം.
മണിക്കൂറുകളോളം കാത്തിരുന്നിട്ടും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ തിരിഞ്ഞു നോക്കാതായതോടെ യുവാക്കൾ പഞ്ചായത്ത് മെമ്പറെ ബന്ധപ്പെട്ടു.
മെമ്പർ ദിപുലാൽ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടെങ്കിലും ഉടനെ വരാമെന്ന മറുപടിയല്ലാതെ മറ്റു നടപടികളൊന്നുമുണ്ടായില്ല.
വൈകുന്നേരം ആറു വരെ ഈ യുവാക്കൾ ദേശീയ പാതയോരത്ത് പുറത്തിറങ്ങാനാവതെ ഭക്ഷണവും വെള്ളവുമില്ലാതെ കാത്തിരിക്കുകയായിരുന്നു.
വടക്കേക്കര പഞ്ചായത്തിൽ കോവിഡ് ചികിത്സാ കേന്ദ്രം സജ്ജമായിട്ടുണ്ടെങ്കിലുംപ്രവർത്തനം ഇതുവരെ തുടങ്ങാനായില്ല.
കോവിഡ് പോസിറ്റീവായ രണ്ടു യുവാക്കളെ വാഹനത്തിൽ ഒരു പകൽ മുഴുവൻ ഇരുത്തേണ്ടിവന്നത് ആരോഗ്യ വകുപ്പിന്റെയും വടക്കേക്കര പഞ്ചായത്തിന്റെയും അനാസ്ഥ മൂലമാണെന്നു വടക്കേക്കര മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് അനിൽ എലിയാസ് ആരോപിച്ചു.