തിരുവനന്തപുരം: കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ വീട്ടിൽ വയ്ക്കാൻ അനുമതി. കോവിഡ് ബാധിതരുടെ മൃതദേഹങ്ങൾ സംസ്കരിക്കാനുള്ള നിയന്ത്രണങ്ങളിൽ സർക്കാർ ഇളവുവരുത്തി. മൃതദേഹങ്ങൾ ഒരു മണിക്കൂർ വീട്ടിൽവയ്ക്കാം.
ബന്ധുക്കൾക്ക് കാണാനും പരിമിതമായ തോതിൽ മതാചാരങ്ങൾക്കും അനുമതി നൽകിയിട്ടുണ്ട്. എന്നാൽ കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിച്ചുവേണം ചടങ്ങുകൾ നടത്താനെന്നും മുഖ്യമന്ത്രി അറിയിച്ചു.
കോവിഡ് അവലോകന യോഗത്തിലെ പ്രധാന തീരുമാനങ്ങൾ:
◙കോവിഡ് ബാധിതരുടെ മൃതശരീരം ഒരു മണിക്കൂറിൽ താഴെ സമയം വിട്ടിൽ കൊണ്ടുപോയി ബന്ധുക്കൾക്ക് കാണാനും പരിമിതമായ മതാചാരം നടത്താനും അനുവദിക്കും
◙കോവിഡ് ബാധിച്ചു മരണമടഞ്ഞവരുടെ പേരിലുള്ള വായ്പകളുടെ ജപ്തി നടപടികൾ നിർത്തി വയ്ക്കാൻ നിർദേശം
◙അന്തർ സംസ്ഥാന യാത്രികരുടെ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് പരിശോധിക്കുന്നതിനായി റെയിൽവേ സ്റ്റേഷനുകളിലും അതിർത്തി ചെക്ക്പോസ്റ്റുകളിലും പരിശോധനാസംവിധാനം ശക്തിപ്പെടുത്തും
◙ബി വിഭാഗത്തിൽ പെടുന്ന പ്രദേശങ്ങളിൽ ഓട്ടോറിക്ഷ ഓടാൻ അനുമതി
◙ഹോം സ്റ്റേകൾ, സർവീസ് വില്ലകൾ, ഗൃഹശ്രീ യൂണിറ്റുകൾ, ഹൗസ് ബോട്ടുകൾ, മോട്ടോർ ബോട്ടുകൾ, ടൂർ ഗൈഡുകൾ, ടൂറിസ്റ്റ് ടാക്സി ഡ്രൈവർമാർ, ടൂർ ഓപ്പറേറ്റർമാർ എന്നിവരെ 18 മുതൽ 45 വയസ് വരെയുള്ളവരിലെ വാക്സിനേഷൻ മുൻഗണനാപട്ടികയിൽ ഉൾപ്പെടുത്തും
◙ആയുഷ്, ഹോമിയോ മെഡിക്കൽ വിദ്യാർഥികൾ, ഫാർമസി കോഴ്സ് വിദ്യാർഥികൾ എന്നിവർക്കുള്ള വാക്സിനേഷനും പൂർത്തീകരിക്കും