ചങ്ങനാശേരി: കോവിഡ് ബാധിച്ചു മരിച്ച ഗൃഹനാഥന്റെ മൃതദേഹം വിട്ടുകിട്ടാൻ പണമടയ്ക്കാൻ കഴിയാതെ വിഷമിച്ച കുടുംബത്തിന് താങ്ങായി സിപിഎം പ്രവർത്തകർ.
തൃക്കൊടിത്താനം അമര അമ്മിണി ഭവനിൽ എൻ.കെ. മോഹനൻ(52) ആണ് കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കേ തിരുവല്ല ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്.
രോഗം മൂർച്ഛിച്ചതിനെത്തുടർന്ന് ദിവസങ്ങളോളം മോഹനൻ വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു.
നിർധന കുടുംബത്തിന് ആശുപത്രിയിലെ ഭീമമായ ചെലവ് പൂർണമായും അടച്ചു തീർക്കാൻ കഴിയാതെ വന്നതോടെ മൃതദേഹം ആശുപത്രി അധികൃതർ വിട്ടു നൽകിയില്ല.
മൂന്നരലക്ഷത്തിനു മുകളിൽ രൂപയാണ് ആശുപത്രിയിൽ ബില്ലായത്. മകളുടെ വിവാഹത്തിനായി കരുതിയിരുന്ന സ്വർണാഭരണങ്ങൾ വിറ്റ് വീട്ടുകാർ പകുതിയോളം രൂപ അടച്ചിരുന്നു.
ബാക്കി തുക കണ്ടെത്താൻ കഴിയാതെ വന്നതോടെ നാല് ദിവസത്തോളമായി മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.
സിപിഎം നേതാക്കൾ ആശുപത്രി മാനേജ്മെന്റുമായി നടത്തിയ ചർച്ചയിൽ ഒരു ലക്ഷം രൂപ ഇളവ് അനുവദിച്ചു.
സിപിഎം ഏരിയാ കമ്മിറ്റി നല്കിയ മുക്കാൽ ലക്ഷം രൂപയുടെ ചെക്കും വീട്ടുകാർ നൽകിയ 25,000 രൂപയും ചേർത്ത് ഒരു ലക്ഷം രൂപ ആശുപത്രിയിൽ അടച്ചു.
സിപിഎം, ഡിവൈഎഫ് ഐ പ്രവർത്തകർ ഏറ്റുവാങ്ങിയ മൃതദേഹം കോവിഡ് പ്രോട്ടോക്കോൾ പ്രകാരം സംസ്കരിച്ചു. മോഹനന്റെ പിതാവ് കുട്ടപ്പനാചാരി(85)ഒരാഴ്ച മുന്പ് കോവിഡ് ബാധിച്ച് മരണമടഞ്ഞിരുന്നു.