ന്യൂഡൽഹി: വധശിക്ഷ നടപ്പാകാൻ ഏതാനും മണിക്കൂറുകൾ മാത്രം ശേഷിക്കെ നിർഭയ പ്രതികൾക്കു മുന്നിലെ അവസാന നിയമവഴികളും അടഞ്ഞു.
കേസിലെ വിചാരണ അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികളിലൊരാൾ നൽകിയ ഹർജിയും സുപ്രീം കോടതി തള്ളി. പ്രതിയായ മുകേഷ് സിംഗ് നൽകിയ ഹർജിയാണ് തള്ളിയത്.
കൃത്യം നടക്കുമ്പോൾ താൻ ഡൽഹിയിലുണ്ടായിരുന്നില്ലെന്നും തന്നെ കേസിൽ കുടുക്കുകയായിരുന്നെന്നുമായിരുന്നു മുകേഷ് സിംഗിന്റെ വാദം. എന്നാൽ മുകേഷ് സിംഗിന്റെ പുതിയ റിട്ട് ഹർജി നിലനിൽക്കില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
പുനപരിശോധനാ ഹർജിയും തിരുത്തൽ ഹർജിയും താൻ അല്ല നൽകിയതെന്ന വാദവും കോടതി തള്ളി. ഇതോടെ പ്രതികൾക്കു മുന്നിലുള്ള നിയമവഴികൾ അവസാനിച്ചിരിക്കുകയാണ്.
വധശിക്ഷ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി പവൻ ഗുപ്ത സമർപ്പിച്ച ഹർജി ഇന്ന് സുപ്രീം കോടതി തള്ളിയിരുന്നു.
സംഭവം നടക്കുമ്പോൾ തനിക്ക് പ്രായപൂർത്തിയായില്ലെന്നും അതിനാൽ വധശിക്ഷ ജീവപര്യന്തമാക്കണമെന്നുമായിരുന്നു ഇയാളുടെ ആവശ്യം.
ഇന്ന് അക്ഷയ് സിംഗിന്റെ രണ്ടാം ദയാഹർജി രാഷ്ട്ര പതിയും തള്ളിയിരുന്നു.
വെള്ളിയാഴ്ച പുലർച്ചെ 5.30-നാണ് നാല് പ്രതികളുടെയും ശിക്ഷ നടപ്പാക്കാൻ നിശ്ചയിച്ചിരിക്കുന്നത്. തിഹാർ ജയിലിൽ ഇതിനുള്ള ഒരുക്കങ്ങളെല്ലാം പൂർ ത്തിയായിട്ടുണ്ട്.
നിർഭയ പ്രതിയുടെ ഭാര്യ നല്കിയ വിവാഹമോചന ഹർജി മാറ്റി
ഔറംഗബാദ്: നിർഭയ കേസിലെ പ്രതികളിൽ ഒരാളായ അക്ഷയ് സിംഗിന്റെ ഭാര്യ വിവാഹമോചനം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി കോടതി മാർച്ച് 24-ലേക്ക് മാറ്റി.
കേസ് ഇന്ന് ബിഹാറിലെ ഔറംഗബാദ് കോടതി പരിഗണിച്ചപ്പോൾ പരാതിക്കാരി പുനീത ദേവി ഹാജരായില്ല. ഇതേതുടർന്നാണ് ഹർജി മാറ്റിവച്ചത്.
ബിഹാറിലെ നബിനഗർ സ്വദേശിയായ പൂനിത ചൊവ്വാഴ്ചയാണ് വിവാഹമോചനം തേടി കോടതിയെ സമീപിച്ചത്.
മാനഭംഗം നടത്തിയ ആളുടെ വിധവയായി അറിയപ്പെടാൻ ആഗ്രഹമില്ലെന്നും ശിക്ഷ നടപ്പാക്കി കഴിഞ്ഞാൽ താൻ വിധവ എന്ന അറിയപ്പെടേണ്ടി വരുമെന്നുമായിരുന്നു ഹർജിയിലെ വാദം.
അതിനാൽ ശിക്ഷ നടപ്പാക്കും മുൻപ് വിവാഹമോചനം വേണമെന്നായിരുന്നു യുവതിയുടെ ആവശ്യം. ഹർജി സ്വീകരിച്ച കോടതി ഇന്നത്തേക്ക് വാദം കേൾക്കാൻ വച്ചിരുന്നു. എന്നാൽ യുവതി കോടതിയിൽ ഹാജരാകാതിരിക്കുകയായിരുന്നു.
വധശിക്ഷ ദീർഘിപ്പിക്കുന്നതിനു വേണ്ടി പ്രതി നടത്തുന്ന നാടകത്തിന്റെ ഭാഗമാണ് വിവാഹമോചന ഹർജിയെന്ന് ആക്ഷേപം ഉയർന്നിരുന്നു. വെള്ളിയാഴ്ച പുലർച്ചെയാണ് നിർഭയ കേസിലെ നാല് പ്രതികളുടെ ശിക്ഷ നടപ്പാക്കാൻ തീരുമാനിച്ചിരിക്കുന്നത്.
ഇതിനുള്ള ഒരുക്കങ്ങളെല്ലാം തിഹാർ ജയിലിൽ പൂർത്തിയാക്കി കഴിഞ്ഞു.