മട്ടന്നൂർ: പ്രണയം തലയ്ക്കു പിടിച്ച അഭിഭാഷകനെ ഒടുവിൽ പോലീസ് അറസ്റ്റ് ചെയ്തു. അഭിഭാഷകന്റെ ശല്യം സഹിക്കാതെ പരാതി നല്കിയതാകട്ടെ വനിതാ മജിസ്ട്രേറ്റും.
തെക്കൻ ജില്ലക്കാരിയായ വനിതാ മജിസ്ട്രേറ്റ് അടുത്തിടെയാണ് കണ്ണൂർ ജില്ലയിലെ ഒരു കോടതിയിൽ മജിസ്ട്രേറ്റായി വന്നത്. മജിസ്ട്രേറ്റിനോട് പ്രണയം തോന്നിയ അഭിഭാഷകൻ ഇതു തുറന്നുപറഞ്ഞിരുന്നു.
എന്നാൽ, വനിതാ മജിസ്ട്രേറ്റ് ഇതു തള്ളിക്കളയുകയായിരുന്നു. പിന്നീട് അഭിഭാഷകൻ ശല്യമായി മാറുകയായിരുന്നു. മൊബൈൽ ഫോണിലൂടെ പ്രണയ സന്ദേശങ്ങൾ അയയ്ക്കുക, പ്രണയ കാർഡുകൾ അയയ്ക്കുക തുടങ്ങിയവയായിരുന്നു അഭിഭാഷകന്റെ പ്രണയ രീതി.
ശല്യം സഹിക്കാതെ വന്നപ്പോൾ വനിതാ മജിസ്ട്രേറ്റ് ഒടുവിൽ ബാർ അസോസിയേഷനെ സമീപിച്ചു. ബാർ അസോസിയേഷൻ വക്കീലിനെ വിളിച്ച് ശാസിക്കുകയും മേലിൽ ഇത് ആവർത്തിക്കരുതെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു.
എന്നാൽ പ്രണയം തലയ്ക്കു പിടിച്ച വക്കീൽ ശല്യം തുടർന്നുകൊണ്ടേയിരുന്നു. ഇതിനിടയിൽ കോടതി മുറിക്കുള്ളിലേക്ക് അഭിഭാഷകന്റെ പ്രണയം അതിക്രമിച്ച് കടന്നപ്പോൾ മജിസ്ട്രേറ്റ് പോലീസിൽ പരാതി നല്കുകയായിരുന്നു.
കോടതി പ്രവർത്തിക്കുന്നതിനിടെ മജിസ്ട്രേറ്റിനോട് മോശമായി പെരുമാറിയതിനാണ് അൻപത്തിരണ്ടുകാരനായ അഭിഭാഷകനെ അറസ്റ്റ് ചെയ്തത്.
ഇയാളെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കോടതി പ്രവർത്തിക്കുന്ന സമയത്ത് കോടതി മുറിയിൽ വച്ചു ട്രയൽ നടന്നുകൊണ്ടിരിക്കെ മജിസ്ട്രേറ്റിന്റെ കൃത്യനിർവഹണം തടസപ്പെടുന്ന തരത്തിൽ ലൈംഗിക തൃഷ്ണയോടെ ആംഗ്യങ്ങൾ കാണിക്കുകയും ഇതേ തുടർന്ന് മജിസ്ട്രേറ്റിന്റെ കൃത്യനിർവഹണം തടസപ്പെടുകയും ചെയ്തതായാണ് പരാതി.
അഭിഭാഷകനെ കഴിഞ്ഞ ദിവസം ബാർ അസോസിയേഷൻ അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.