തിരുവനന്തപുരം: കോവിഡ് പ്രോട്ടോക്കോളിൽ മാറ്റംവരുത്തി സംസ്ഥാന സർക്കാർ ഉത്തരവ്. രണ്ടു തവണ തുടർച്ചയായി നെഗറ്റീവ് ഫലംവന്നാൽ മാത്രം കോവിഡ് രോഗികളെ ഡിസ്ചാർജ് ചെയ്താൽ മതിയെന്ന നിബന്ധനയാണു സംസ്ഥാന സർക്കാർ പിൻവലിച്ചത്.
പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തിൽ കോവിഡ് രോഗികളെ ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്യുന്നതിന് ഇനി രണ്ടു പരിശോധനകൾ ആവശ്യമില്ല. ആദ്യ ടെസ്റ്റ് പോസിറ്റീവായി 10 ദിവസം പിന്നിടുന്പോൾ രോഗ ലക്ഷണങ്ങൾ ഇല്ലാതിരിക്കുകയും, ടെസ്റ്റിൽ നെഗറ്റീവാകുകയും ചെയ്താൽ ഡിസ്ചാർജ് ചെയ്യാം.
പോസിറ്റീവായാൽ ഒന്നിടവിട്ട ദിവസങ്ങളിൽ ടെസ്റ്റ് നടത്തി റിസൾട്ട് നെഗറ്റീവാകുന്പോൾ ഡിസ്ചാർജ് ചെയ്യണം. ചെറിയ ലക്ഷണങ്ങൾ കാണിച്ച കോവിഡ് രോഗികളെയും രോഗലക്ഷണമില്ലെങ്കിൽ പത്താം ദിവസം ടെസ്റ്റ് ചെയ്യാം.
പല വിഭാഗങ്ങളായി തിരിച്ചാവും കോവിഡ് രോഗികളെ ഡിസ്ചാർജ് ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയെന്നും ഉത്തരവിൽ പറയുന്നു.
ഡിസ്ചാർജ് ചെയ്യുന്നവർ യാത്ര ചെയ്യുന്നതും ബന്ധുക്കളെ കാണുന്നതും വിവാഹങ്ങളിലും മറ്റു ചടങ്ങുകളിലും പങ്കെടുക്കുന്നതും ഏഴു ദിവസത്തേക്ക് ഒഴിവാക്കണമെന്നും നിർദേശത്തിലുണ്ട്.