കൊച്ചി: കോവിഡ് വാക്സിന് വിതരണം വേഗത്തിലാക്കാൻ നടപടിയുണ്ടായില്ലെങ്കില്‍ ഒന്നോ രണ്ടോ വര്ഷംകൊണ്ടുപോലും മുഴുവന്‍ പേര്‍ക്കും വാക്സിന് നല്കാന് കഴിയില്ലെന്നും ഈ പ്രശ്നം പരിഹരിക്കേണ്ടതല്ലേയെന്നും ഹൈക്കോടതി.
വാക്സിനേഷൻ വൈകിയാൽ കോവിഡിന്റെ പുതിയ ജനിതകമാറ്റം വ്യാപകമാവുന്ന സ്ഥിതിയുണ്ടാകും. ഇതു മരണസംഖ്യ കൂട്ടുമെന്നും ഹൈക്കോടതി വാക്കാല്‍ പറഞ്ഞു.
എല്ലാവര്ക്കും വാക്സിന് സൗജന്യമായി നല്‍കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് സ്വദേശി ഡോ.കെ.പി. അരവിന്ദന് നല്കിയ ഹര്‍ജിയിലാണ് ഡിവിഷന് ബെഞ്ചിന്റെ നിരീക്ഷണം.
സംസ്ഥാനത്ത് മേയ് 13നു രാത്രി എട്ടുവരെ വാക്സിന് ലഭിച്ചവരുടെ കണക്ക് ഉയര്‍ത്തിക്കാട്ടിയ ഡിവിഷന് ബെഞ്ച് എത്രപേര്‍ക്കാണ് വാക്സിന് കിട്ടിയതെന്നു പരിശോധിക്കാനും കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
എറണാകുളത്ത് 18.57 ശതമാനം പേര്‍ക്കാണ് വാക്സിന് ലഭിച്ചത്. മലപ്പുറത്ത് ഏറെപ്പേരാണ് മരിച്ചത്. അവിടെ 10.75 ശതമാനം ആളുകള്‍ക്ക് മാത്രമാണ് വാക്സിന് കൊടുത്തത്. ഇതില്‍തന്നെ രണ്ട് ഡോസും ലഭിച്ചവര്‍ വെറും 2.67 ശതമാനം മാത്രം.
രണ്ടു ഡോസും ലഭിച്ചവര്‍ ഏറ്റവും കൂടുതലുള്ള പത്തനംതിട്ട ജില്ലയില്‍ പോലും 10.08 ശതമാനം പേര്‍ക്കു മാത്രമാണ് വാക്സിന് നല്‍കിയത്. ബാക്കിയുള്ളവര്‍ കോവിഡ് ഭീഷണിയോടു പൊരുതുകയാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.