ജിജി ലൂക്കോസ്
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വാക്സിൻ വിതരണം ഈ മാസം 16 ന് ആരംഭിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതാധികാര സമിതിയാണ് തീരുമാനമെടുത്തത്. ആരോഗ്യ പ്രവർത്തകരും കോവിഡ് മുന്നണി പോരാളികളും ഉൾപ്പെടുന്ന മൂന്നു കോടിയോളം ആളുകൾക്കാണ് ആദ്യഘട്ടത്തിൽ വാക്സിൻ നൽകുക.
തുടർന്ന് 50 വയസിനു മുകളിലുള്ളവർക്കും 50 വയസിൽ താഴെയുള്ള രോഗബാധിതരും ഉൾപ്പെടുന്ന 27 കോടി പേർക്ക് വാക്സിൻ നൽകും. രാജ്യത്ത് നടക്കാൻ പോകുന്ന ഏറ്റവും നിർണായക ചുവടുവയ്പാണ് 16ന് ആരംഭിക്കുന്ന വാക്സിൻ വിതരണമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു.
ഡോക്ടർമാർ, നഴ്സുമാർ, മറ്റ് ആരോഗ്യ പ്രവർത്തകർ, ശുചീകരണ പ്രവർത്തകർ എന്നിവർ അടക്കമുള്ള കോവിഡ് മുന്നണി പോരാളികൾക്ക് വാക്സിൻ വിതരണത്തിൽ മുൻഗണന ലഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.
വാക്സിൻ വിതരണത്തിനായി വിവിധ സംസ്ഥാനങ്ങളിലായി നടത്തിയ ഡ്രൈ റണ്ണിന്റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്നലെ ഉന്നതതല യോഗം ചേർന്നത്.
രാജ്യത്തെ കോവിഡ് സാഹചര്യവും വാക്സിൻ വിതരണത്തിനുള്ള തയാറെടുപ്പുകളും യോഗം ചർച്ച ചെയ്തു. കേന്ദ്ര കാബിനറ്റ് സെക്രട്ടറി, പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി, ആരോഗ്യ സെക്രട്ടറി തുടങ്ങിയ ഉയർന്ന ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.
സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ വികസിപ്പിച്ചെടുത്ത കോവിഷീൽഡ്, ഭാരത് ബയോടെക് വികസിപ്പിച്ച കോവാക്സിൻ എന്നിവയ്ക്കു ഡ്രഗ് കണ്ട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) കഴിഞ്ഞയാഴ്ച അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയിരുന്നു.
ഓക്സ്ഫഡ് സർവകലാശാല, അസ്ട്രാസെനക എന്നിവരുമായി ചേർന്നാണ് സിറം ഇൻസ്റ്റിറ്റ്യൂട്ട് കോവിഷീൽഡ് വാക്സിൻ വികസിപ്പിച്ചെടുത്തത്. ഭാരത് ബയോടെക് ഐസിഎംആറിന്റെ സഹകരണത്തോടെ കോവാക്സിനും വികസിപ്പിച്ചെടുത്തു.
രണ്ടു വാക്സിനുകളും അടിയന്തര ഉപയോഗത്തിന് അനുമതി നൽകാവുന്നതാണെന്നു സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കണ്ട്രോൾ ഓർഗനൈസേഷൻ സബ്ജക്ട് എക്സ്പേർട്ട് കമ്മിറ്റി ശിപാർശ ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഡിസിജിഐ അനുമതി നൽകിയത്.
ആദ്യഘട്ടത്തിൽ കോവിഷീൽഡ് വാക്സിൻ വിതരണം ചെയ്യുമെന്നും അതിനു ശേഷം കോവാക്സിൻ നൽകുമെന്നും എയിംസ് ഡയറക്ടർ ഡോ. രണ്ദീപ് ഗുലേറിയയും വ്യക്തമാക്കിയിരുന്നു.
മനുഷ്യരാശിയുടെ രക്ഷയ്ക്ക് ഇന്ത്യ സജ്ജം: പ്രധാനമന്ത്രി
സ്വന്തം ലേഖകൻ
ന്യൂഡൽഹി: കോവിഡ് പ്രതിരോധത്തിൽ മനുഷ്യരാശിയെ രക്ഷിക്കാൻ തക്കവിധം ഇന്ത്യ സജ്ജമായെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡിനെതിരേ ഒന്നല്ല, രണ്ട് മെയ്ഡ് ഇൻ ഇന്ത്യ വാക്സിൻ ഇന്ത്യ സംഭാവന ചെയ്തെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രവാസി ഭാരതീയ ദിവസ് കണ്വൻഷൻ വീഡിയോ കോണ്ഫറൻസിംഗിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോവിഡിന്റെ തുടക്കത്തിൽ അടിസ്ഥാന പ്രതിരോധ സാമഗ്രികളായ പിപിഇ കിറ്റ്, മാസ്ക്, വെന്റിലേറ്റർ, പരിശോധന കിറ്റ് തുടങ്ങിയവ രാജ്യം ഇറക്കുമതി ചെയ്യുകയായിരുന്നു. പക്ഷേ, ഇന്നു രാജ്യം സ്വയം പര്യാപ്തമാകുകയാണ്.
രണ്ട് ഇന്ത്യൻ നിർമിത വാക്സിനുകളാണ് മനുഷ്യരാശിയെ രക്ഷിക്കുന്നതിനായി സജ്ജമാകുന്നത്. ലോകത്തിലെ ഏറ്റവും കുറഞ്ഞ കോവിഡ് മരണനിരക്കും ഉയർന്ന രോഗമുക്തി നിരക്കുമുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ഇന്ത്യ തകരുമെന്നും ജനാധിപത്യം രാജ്യത്ത് അസാധ്യമാകുമെന്നുമാണ് ചില ആളുകൾ പറഞ്ഞിരുന്നത്. എന്നാൽ, ഇന്ത്യ ശക്തവും ഊർജസ്വലവുമായ രാജ്യമായി ഒന്നിച്ചു നിൽക്കുന്നു എന്നതാണു യാഥാർഥ്യം. അഴിമതി തടയാൻ രാജ്യം സാങ്കേതിക വിദ്യ ഉപയോഗിക്കുന്നു.
ഇത് അർഹരായവർക്ക് നേരിട്ട് ലക്ഷങ്ങളും കോടികളും എത്തിക്കാൻ സഹായിക്കുന്നു. ഭീകരതയ്ക്കെതിരേ സ്വീകരിച്ച നിലപാടുകൾ ലോകരാജ്യങ്ങൾക്ക് കൂടുതൽ ധൈര്യം നൽകാനിടയാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനത്ത് 133 കേന്ദ്രങ്ങളിൽ
തിരുവനന്തപുരം: സംസ്ഥാനത്തു 133 കേന്ദ്രങ്ങളിൽ കോവിഡ് വാക്സിൻ വിതരണം ചെയ്യും. എറണാകുളത്ത് 12, തിരുവനന്തപുരത്തും കോഴിക്കോടും 11 , മറ്റു ജില്ലകളിൽ ഒൻപത് കേന്ദ്രങ്ങളിലുമാണ് വാക്സിൻ വിതരണം ചെയ്യുന്നത്. വാക്സിൻ വിതരണം തുടങ്ങുന്ന ഈ മാസം 16-നു 13,300 പേർക്കു വാക്സിൻ നൽകും.
3,54,897 പേരാണ് വാക്സിനായി ഇതുവരെ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഓണ്ലൈൻ വഴി രജിസ്റ്റർ ചെയ്തവർക്കാണു വാക്സിൻ നൽകുക. ഇവരുടെ മൊബൈൽ ഫോണിലേക്ക് വാക്സിൻ എടുക്കാൻ വരേണ്ട ദിവസവും സമയവും എസ്എംഎസിലൂടെ അറിയിക്കും.
വാക്സിൻ കേന്ദ്രത്തിൽ ഒരു ഡോക്ടറടക്കം അഞ്ച് ആരോഗ്യപ്രവർത്തകരുണ്ടാകും. കൈയിലാണ് വാക്സിൻ എടുക്കുന്നതെങ്കിൽ ഒരാൾക്ക് അഞ്ചു മിനിറ്റ് വേണ്ടിവരും.
വാക്സിൻ നൽകിയശേഷം 30 മിനിറ്റ് ഇവരെ നിരീക്ഷിക്കും. ഒരാൾക്ക് ഒരു വാക്സിന്റെ രണ്ടുഡോസാണ് കുത്തിവയ്ക്കുന്നത്. ആദ്യ കുത്തിവയ്പ് കഴിഞ്ഞ് നാലാഴ്ച കഴിഞ്ഞാണ് രണ്ടാമത്തെ കുത്തിവയ്പ്.