പത്തനംതിട്ട: കഴിഞ്ഞ ഫെബ്രുവരി 29ന് ഇറ്റലിയിൽ നിന്നു കൊച്ചിയിൽ വിമാനമിറങ്ങിയ ദന്പതികളും മകനും ഏഴ് ദിവസങ്ങൾ കൊണ്ട് 3,000 പേരുമായി ഇടപഴകിയിട്ടുണ്ടാകാമെന്നു പ്രാഥമിക നിഗമനം.
തിരിച്ചറിയപ്പെട്ടവരെയും സംശയമുള്ളവരുമായ എല്ലാവരെയും നിരീക്ഷണത്തിലാക്കാനാണ് ആരോഗ്യവകുപ്പ് തീരുമാനം.
ഇവരിൽനിന്നു ലഭിച്ച വിവരം അനുസരിച്ച് വീട്ടിലും ബന്ധുവീടുകളിലും കൂടാതെ ദേവാലയത്തിലെ പൊതുചടങ്ങ്, നാട്ടിലെ പൊതുചടങ്ങുകൾ, ബാങ്കുകൾ, ഷോപ്പിംഗ് മാളുകൾ എന്നിവിടങ്ങളിൽ ഇവരുടെ സാന്നിധ്യമുണ്ടായിരുന്നു. റാന്നി, പത്തനംതിട്ട, പത്തനാപുരം തുടങ്ങിയ സ്ഥലങ്ങളിൽ ഇവരെത്തിയതായാണ് സൂചന ലഭിച്ചത്.
ഇവരുടെ മകൻ ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തിൽ കഴിഞ്ഞ അഞ്ചിനു വന്നിരുന്നു. മടക്കയാത്രയ്ക്കുള്ള ക്ലിയറൻസ് സർട്ടിഫിക്കറ്റിനു വേണ്ടിയായിരുന്നു ഇത്. ആദ്യം റാന്നി പോലീസ് സ്റ്റേഷനിലെത്തിയശേഷമാണ് പത്തനംതിട്ടയിൽ എസ്പി ഓഫീസിലെത്തിയത്.
റാന്നി പോലീസ് സ്റ്റേഷനിൽ നിന്ന് ഒരു പോലീസുകാരൻ അന്വേഷണത്തിനായി ഇവരുടെ വീട്ടിലെത്തുകയും ചെയ്തിരുന്നു. പത്തനംതിട്ടയിലെ തീയറ്ററിലെത്തി സിനിമയും കണ്ടിരുന്നു.
റാന്നിയിലെ സ്വകാര്യ ആശുപത്രിയിൽ പനിക്ക് ആദ്യം ചികിത്സ തേടിയെത്തിയപ്പോൾ ഇറ്റലിയിൽ നിന്ന് വന്നുവെന്ന വിവരം മറച്ചുവച്ചു. കൂടുതൽ അന്വേഷണത്തിലാണ് ഇക്കാര്യം വെളിപ്പെട്ടത്.
അതേസമയം, കോവിഡ് ബാധിതരുമായി ഇടപെട്ട നൂറ്റന്പതോളം പേരെ തിരിച്ചറിഞ്ഞതായി മന്ത്രി പത്തനംതിട്ടയിൽ പറഞ്ഞു. ഇതിൽ 58 പേർ വളരെ അടുത്ത് ഇടപഴകിയവരാണ്.