മഞ്ചേരി: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയ വയോധികനെ മഞ്ചേരി പോക്സോ സ്പെഷൽ കോടതി മൂന്നു വർഷം തടവിനും 50000 രൂപ പിഴയടക്കാനും ശിക്ഷിച്ചു.
കോട്ടക്കൽ എടരിക്കോട് പുതുപ്പറന്പ് ചോലക്കത്തൊടി കുഞ്ഞിമുഹമ്മദ് എന്ന ബാപ്പുവി (66)നെയാണ് ജഡ്ജി എ.വി നാരായണൻ ശിക്ഷിച്ചത്.
2014 ജൂണ്‍ 25ന് വൈകീട്ട് 5.30നാണ് കേസിനാസ്പദമായ സംഭവം. പ്രതിയുടെ ഉടമസ്ഥതയിലുള്ള ഡെക്കറേഷൻ സ്ഥാപനത്തിനകത്തേക്ക് പത്തു വയസുകാരിയായ പെണ്‍കുട്ടിയെ വിളിച്ചു കൊണ്ടുപോയി മാനഭംഗപ്പെടുത്തിയെന്നാണ് കേസ്.
2015 മാർച്ച് 13ന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കോട്ടക്കൽ പോലീസ് ജൂലൈ 20ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പിഴയടക്കാത്ത പക്ഷം ആറുമാസത്തെ അധിക തടവ് അനുഭവിക്കാനും പിഴയടക്കുകയാണെങ്കിൽ തുക ഇരക്ക് നകാനും കോടതി വിധിച്ചു.
അതോടൊപ്പം പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് സർക്കാരിന്റെ വിക്ടിം കോംപൻസേഷൻ ഫണ്ടിൽ നിന്ന് നഷ്ടപരിഹാരമായി ഒരു ലക്ഷം രൂപ ലഭ്യമാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുന്നതിന് കോടതി ജില്ലാ ലീഗൽ സർവീസസ് അഥോറിറ്റിക്ക് നിർദ്ദേശം നൽകി.
കോട്ടക്കൽ എസ്ഐയായിരുന്ന കെ.പി ബെന്നിയാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി ഹാജരായ പബ്ലിക് പ്രോസിക്യൂട്ടർ ഐഷാ പി.ജമാൽ ആറു സാക്ഷികളെ കോടതി മുന്‍പാകെ വിസ്തരിച്ചു. അഞ്ച് രേഖകളും ഹാജരാക്കി.