കൊച്ചി: കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിരീക്ഷണപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി തുറമുഖ, വിമാനത്താവള ആരോഗ്യ വിഭാഗങ്ങളും. ജില്ലാ ആരോഗ്യ വിഭാഗത്തോടൊപ്പമാണു കൊറോണ നിരീക്ഷണപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടുള്ളത്.
പോര്‍ട്ട് ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിലാണു കൊച്ചി തുറമുഖത്തെ കൊറോണ നിരീക്ഷണ പ്രവര്‍ത്തങ്ങള്‍ നടത്തുന്നത്. ചൈന, ഹോങ്കോങ്, തായ്ലന്ഡ്, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍നിന്നും കൂടാതെ ഇവിടങ്ങളിലെ തുറമുഖങ്ങള്‍ സന്ദര്‍ശിച്ച് വരുന്ന കപ്പലുകളെയും ഇത്തരത്തില്‍ നിരീക്ഷണ വിധേയമാക്കുന്നുണ്ട്.
ഇതുവരെ മൂന്ന് കപ്പലുകളാണ് ഇത്തരത്തില്‍ പരിശോധനകള്‍ക്കു വിധേയമാക്കിയിട്ടുള്ളതെന്ന് അധികൃതര്‍ അറിയിച്ചു. ഇതുവരെ പരിശോധിച്ചതില്‍ ആര്‍ക്കും രോഗലക്ഷണങ്ങള്‍ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
ചരക്ക് കപ്പലുകളിലെ ജീവനക്കാരും യാത്രാകപ്പലുകളിലെ യാത്രക്കാരും കഴിഞ്ഞ 14 ദിവസത്തിനുള്ളില്‍ കൊറോണ ബാധിതമായ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ടോ എന്നതിന്റെ അടിസ്ഥാനത്തിലാണ് അവരെ നിരീക്ഷണ വിധേയമാക്കുന്നത്.
ഇത്തരത്തില്‍ കഴിഞ്ഞ 14 ദിവസത്തിനുള്ളില്‍ കൊറോണ ബാധിതമായ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുള്ള ആരെങ്കിലും ഉണ്ടെങ്കില്‍ അവരെ അതാത് കപ്പലുകളില്‍ തന്നെ ഐസൊലേഷനില്‍ കഴിയാന്‍ നിര്‍ദേശിക്കുകയാണ് ചെയുന്നത്.
ഇങ്ങനെ വരുന്ന കപ്പലുകളിലെ യാത്രക്കാരെ പരിശോധിക്കുന്നതിനായി ഡോക്ടര്‍മാര്‍, നഴ്സുമാര്‍ മറ്റ് പാരാമെഡിക്കല്‍ സ്റ്റാഫ് എന്നിവര്‍ ഉള്‍പ്പെടുന്ന പ്രത്യേകം സംഘത്തെയും രൂപീകരിച്ചിട്ടുണ്ട്.
കൊറോണ പ്രതിരോധ പ്രവര്‍ത്തങ്ങളുടെ ഭാഗമായി തുറമുഖത്തെ ജീവനക്കാര്‍ക്കായി ബോധ വല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കുകയും, പോസ്റ്റര്‍, ബാനര്‍ തുടങ്ങിയവ തുറമുഖത്തും പരിസരങ്ങളിലും പ്രദര്‍ശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം, കഴിഞ്ഞ 28 ദിവസത്തിനുള്ളില്‍ ചൈനയിലെ രോഗബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് മടങ്ങിവന്ന ഏഴ് പേരെ കൂടി മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി സ്വന്തം വീടുകളില്‍ തന്നെ കഴിയാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
നിരീക്ഷണ കാലയളവ് അവസാനിച്ചതിനെ തുടര്‍ന്ന് വീടുകളില്‍ നിരീക്ഷണത്തിരുന്നതില് എട്ടു പേരെ കൂടി നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി. ഇതോടെ ജില്ലയില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ള ആളുകളുടെ എണ്ണം 332 ആയി.
ആരിലും രോഗലക്ഷണങ്ങള്‍ ഒന്നും തന്നെയില്ല. കളമശേരി മെഡിക്കല്‍ കോളജിലെ ഐസോലേഷന് വാര്‍ഡില്‍ പുതുതായി ആരെയും നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചിട്ടില്ലെന്നും നിലവില്‍ ജില്ലയിലെ ആശുപത്രികളില്‍ ആരും നിരീക്ഷണത്തിലില്ലെന്നും അധികൃതര്‍ അറിയിച്ചു.
രോഗപ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായുള്ള ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. ജില്ലയിലെ വിവിധ സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളിലെ ജീവനക്കാര്‍ക്കുള്ള ബോധവത്ക്കരണ ക്ലാസുകളും, പരിശീലനവും ഇന്നലെ നടത്തി.
മാലിപ്പുറം, രാമമംഗലം എന്നിവിടങ്ങളില്‍ ആശവർക്കർമാര്‍ക്കും, വടവുകോട് തദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്കും ആലങ്ങാട്, മാലിപ്പുറം, കുമ്പളങ്ങി എന്നിവിടങ്ങളിലെ അങ്കണവാടി പ്രവര്‍ത്തകര്‍ക്കും കുമ്പളങ്ങി, രാമമംഗലം എന്നിവിടങ്ങളില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കും ആലുവ, പാണ്ടിക്കുടി എന്നിവിടങ്ങളില്‍ വിദ്യാര്‍ഥികള്‍ക്കും ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിച്ചു.