തണുത്ത വെള്ളം നമ്മുടെ ശരീരത്തിന് ഗുണകരമാണോ അതോ ദോഷകരമാണോ എന്നതിനെ ചുറ്റിപ്പറ്റിയുള്ള സംവാദങ്ങള്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല. പലരും തണുത്ത വെള്ളം ആരോഗ്യത്തിന് ഹാനികരമാകുമോ എന്ന് കരുതി ഒഴിവാക്കാറുണ്ട്. ചില സാഹചര്യങ്ങളില്‍ തണുത്ത വെള്ളം കുടിക്കുന്നത് ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെങ്കിലും, തണുത്ത വെള്ളം കുടിക്കുന്നത് വഴി ഗുണങ്ങളുമുണ്ടാകുറുണ്ട്.
ഉപാപചയ പ്രവര്‍ത്തനങ്ങളെ ഉത്തേജിപ്പിക്കാന്‍ തണുത്ത വെള്ളം കുടിക്കുന്നത് വഴി സാധിക്കുന്നതാണ്. തണുത്ത വെള്ളം കുടിക്കുന്നത് ഉപാപചയ നിരക്ക് താല്‍ക്കാലികമായി വര്‍ദ്ധിപ്പിക്കുമെന്ന് നിരവധി പഠനങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്.
തണുത്ത വെള്ളം പലപ്പോഴും ചെറുചൂടുള്ളതിനേക്കാള് വേഗത്തില്‍ വലിച്ചെടുക്കുന്നു. ഇത് മെച്ചപ്പെട്ട ജലാംശം വര്‍ധിപ്പിക്കുന്നതിന് കാരണമാകുന്നു. ശരിയായ ജലാംശം നിലനിര്‍ത്തുന്നത് ശരീരത്തിന്റെ മൊത്തത്തിലുള്ള പ്രവര്‍ത്തനത്തിന് അത്യാന്താപേക്ഷിതമാണ്.
ജേണല്‍ ഓഫ് ഹ്യൂമന്‍ ന്യൂട്രീഷന്‍ ആന്‍ഡ് ഡയറ്ററ്റിക്സ് അനുസരിച്ച് തണുത്ത വെള്ളം കുടിക്കുന്നത് ശരീരഭാരം കുറയ്ക്കുന്ന പ്രക്രിയയെ പിന്തുണയ്ക്കുന്നെന്ന് വ്യക്തമാക്കുന്നു.
ചുട്ടുപൊള്ളുന്ന ദിവസങ്ങളിലോ കഠിനമായ വ്യായാമത്തിന് ശേഷമോ തണുത്ത വെള്ളം കുടിക്കുന്നത് പോലെ ഉന്മേഷം നല്കുന്ന മറ്റൊന്നില്ല. ശരീര ഊഷ്മാവ് കുറയ്ക്കാന്‍ തണുത്ത വെള്ളത്തിന് കഴിയും.
തലവേദനയോ പേശിവേദനയോ മൂലമുണ്ടാകുന്ന അസ്വസ്ഥതകള്‍ ലഘൂകരിക്കുന്നതില്‍ തണുത്ത വെള്ളം സഹായിക്കുന്നതാണ്. രക്തക്കുഴലുകളെ സങ്കോചിപ്പിക്കുന്നതിനും വീക്കം കുറയ്ക്കുന്നതിനും വേദന കുറയ്ക്കുന്നതിനും സഹായിക്കും.
അതേസമയം തണുത്ത വെള്ളം കുടിക്കുന്നതിന് കുറച്ച് ദോഷവശങ്ങളുമുണ്ട്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് ദഹനപ്രശ്നങ്ങള്‍. തണുത്ത വെള്ളത്തിന് ആമാശയത്തിലെ രക്തക്കുഴലുകള്‍ സങ്കോചിപ്പിക്കുവാന്‍ കഴിയും. ഇത് ദഹനത്തെ ബാധിക്കുകയും അസ്വസ്ഥതകള്‍ ഉണ്ടാക്കുകയും ചെയ്യുന്നു.
പോഷകാഹാര വിദഗ്ധയായ ശില്പ അറോറയുടെ അഭിപ്രായത്തില്‍ തണുത്ത വെള്ളം വൃക്കകളെ ദുര്‍ബലമാക്കുന്നു. ഈ സാഹചര്യം ഒഴിവാക്കാന്‍ ഭക്ഷണത്തോടൊപ്പം തണുത്ത വെള്ളം കുടിക്കുന്നത് ഒഴിവാക്കുക.
തണുത്ത വെള്ളം കുടിക്കുന്നത് വഴി കൂടുതല്‍ പേര്‍ക്കും ഉണ്ടാകുന്ന മറ്റൊരു പ്രശ്നമാണ് ജലദോഷം. നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിനില്‍ പ്രസിദ്ധീരിച്ച ഒരു പഠനം സൂചിപ്പിക്കുന്നത് തണുത്ത വെള്ളം കുടിക്കുന്നത് മൂക്കിലെ കഫം കട്ടിയാകാന്‍ ഇടയാക്കുമെന്നാണ്. നിങ്ങള്‍ക്ക് ജലദോഷമോ ചുമയോ അനുഭവപ്പെടുകയാണെങ്കില്‍ തണുത്ത വെള്ളം ഒഴിവാക്കുന്നതാണ് നല്ലത്.