പത്തനംതിട്ട: ലഹരിക്കെതിരെയുള്ള സൗഹൃദ ക്രിക്കറ്റിന്റെ ആവേശത്തിൽ പത്തനംതിട്ട. ജില്ലാ കളക്ടർ പി.ബി. നൂഹ് നേരിട്ടിറങ്ങി ആവേശം പകർന്നെങ്കിലും കളക്ടറേറ്റിൽ നിന്നുള്ള ടീം ആദ്യമത്സരത്തിൽ പാളുന്നതു കണ്ടാണ് മത്സരത്തിനു തുടക്കമായത്.
പത്തനംതിട്ട പ്രസ്ക്ലബ്, എക്സൈസ് വകുപ്പ് വിമുക്തി ലഹരിവർജന മിഷൻ, ജില്ലാ സ്പോർടസ് കൗണ്‍സിൽ എന്നിവയുടെ സംയക്താഭിമുഖ്യത്തിൽ നടക്കുന്ന സൗഹൃദ ക്രിക്കറ്റ് ചാന്പ്യൻഷിപ്പിലെ ആദ്യദിന മത്സരങ്ങളിൽ എംഎൽഎമാരടങ്ങിയ പൊളിറ്റീഷൻസ് ഇലവണും പോസ്റ്റൽ ഇലവണും ഡോക്ടേഴ്സ് ഇലവണും ഓരോ വിജയം നേടാനായി.
ഗ്രൂപ്പ് അടിസ്ഥാനത്തിലുളള ടൂർണമെന്റിൽ ഇന്നത്തെ രണ്ടാം റൗണ്ട് മത്സരങ്ങൾക്കു ശേഷം ജേതാക്കൾ തമ്മിൽ വൈകുന്നേരം കിരീടത്തിനായി പൊരുതും.
എട്ട് ഓവർ മത്സരത്തിൽ ജില്ലാ കളക്ടർ പി.ബി നൂഹ് ക്യാപ്റ്റനായുളള കളക്ടേഴ്സ് ഇലവണും പോസ്റ്റൽ ഇൻസ്പെക്ടർ എസ്. ഭാഗ്യരാജ് ക്യാപ്റ്റനായ പോസ്റ്റൽ ഇലവണും തമ്മിലായിരുന്നു ആദ്യ ഏറ്റുമുട്ടൽ.
ബാറ്റുമായി ക്രീസിലിറങ്ങിയ ജില്ലാ കളക്ടർ പി.ബി. നൂഹ് മത്സരത്തിനു നിൽക്കാതെ ടീമംഗങ്ങളെ ചുമതല ഏല്പിച്ചു പവലിയനിലിരുന്ന് പ്രോത്സാഹിപ്പിച്ചു.
പോസ്റ്റൽ ഇലവണ്‍ 17റണ്‍സിന് കളക്ടേഴ്സ് ഇലവനെ പരാജയപ്പെടുത്തി. ടോസ് നേടിയ കളക്ടേഴസ് ഇലവണ്‍ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. അഞ്ച് വിക്കറ്റിന് 62റണ്‍സെടുത്ത പോസ്റ്റൽ ടീം കളക്ടേഴ്സ് ഇലവണെ ഒന്‍പത് വിക്കറ്റിന് 45റണ്‍സെന്ന നിലയിൽ പിടിച്ചുകെട്ടി.
ശ്രീജിത്ത് 29ഉും സുബിൻ 14ഉും റണ്‍സ് നേടി പോസ്റ്റൽ ടീമിനെ മികച്ച സ്കോറിലേക്ക് എത്തിച്ചു. പോസ്റ്റലിന് വേണ്ടി ഹാട്രിക് നേടിയ രാഹുലിന്റെ പ്രകടനം ടീമിന് വിജയം സമ്മാനിച്ചു.
കളക്ടേഴസ് ഇലവണു വേണ്ടി 16 റണ്‍സ് അടിച്ച് അനീഷ് ടോപ് സ്കോററായി. ശരതും വൈശാഖും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.
ആവേശത്തിലേക്ക് കടന്ന രണ്ടാം മത്സരത്തിൽ പത്തനംതിട്ട ജനറൽ ആശുപത്രി ആർഎംഒ ഡോ. ആശിഷ് മോഹൻകുമാർ ക്യാപ്റ്റനായ ഡോക്ടേഴ്സ് ടീം പ്രസ്ക്ലബ് വൈസ് പ്രസിഡന്റ് ജി. വിശാഖൻ ക്യാപ്റ്റനായ മീഡിയ ഇലവണെ 10 റണ്‍സിനു കീഴടക്കി.
ടോസ് നേടി ബാറ്റ് ചെയ്ത ഡോക്ടേഴ്സ് നാല് വിക്കറ്റ് നഷ്ടത്തിൽ 72 റണ്‍സ് നേടി. 19 റണ്‍സ് നേടി ഡോ. കോശിയും 17 റണ്‍സ് നേടി ഡോ. ജിജോയും ബാറ്റിംഗിൽ കരുത്തു തെളിയിച്ചു.
മീഡിയ ഇലവണിലെ സുനിത്ത് കുമാറും സച്ചിനും പ്രശാന്തും റഹിമും ഓരോ വിക്കറ്റ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ മീഡിയ ഇലവണ്‍ മികച്ച ഓപ്പണ്‍ കൂട്ടുകെട്ടിലൂടെ സ്കോർ ഉയർത്തിയെങ്കിലും അവസാന ഓവറുകളിൽ റണ്‍സ് നേടാനാവതെ കിതച്ചു. ഒരു വിക്കറ്റ് നഷ്ടത്തിൽ 62റണ്‍സാണ് നേടിയത്.
റഹിം 16ഉം പ്രശാന്ത് 15ഉം റണ്‍സ് നേടി. ഡോ. കോശിക്കായിരുന്നു ഏക വിക്കറ്റ്. റഹിമിനു പകരക്കാരനായി ഇറങ്ങിയ പ്രശാന്താണ് പുറത്തായത്.
മീഡിയ ഇലവണെതിരെ ഉയർന്ന സ്കോർ നേടി വിജയിച്ച ഡോക്ടർമാരുടെ സംഘം രണ്ടാം മത്സരത്തിൽ എംഎൽഎമാരായ രാജു ഏബ്രഹാം ക്യാപറ്റനും ചിറ്റയം ഗോപകുമാർ, കെ.യു. ജനീഷ് കുമാർ വൈസ് ക്യാപ്ടൻമാരുമായ പൊളിറ്റീഷ്യൻ ഇലവന് മുന്നിൽ തകർന്നു.
7.5 ഓവറിൽ 32റണ്‍സിന് പുറത്തായ ഡോക്ടേഴ്സ് ഇലവനെതിരെ ആറ് വിക്കറ്റ് ജയമാണ് പൊളിറ്റീഷ്യൻസ് നേടിയത്. തുടക്ക ഓവറിൽ ഡോക്ടേഴ്സ് ക്യാപ്ടൻ ആശിഷ് മോഹന്റെ പന്തിൽ കെ.യു.ജനീഷ് കുമാർ എംഎൽഎ റണ്‍സ് നേടാതെ മടങ്ങി. 14റണ്‍സ് നേടിയ ഷിഹാബിന് ഉറച്ച പിന്തുണ നൽകിക്കൊണ്ടിരുന്ന രാജു ഏബ്രഹാം രണ്ട് റണ്‍സ് നേടിയണ് പുറത്തായത്.
ഫീൽഡിംഗിൽ മികവു കാട്ടിയ ചിറ്റയം ഗോപകുമാർ ബാറ്റിംഗിനിറങ്ങിയില്ല. പത്തനംതിട്ട നഗരസഭ കൗണ്‍സിലർ അൻസർ മുഹമ്മദും ഫീൽഡിംഗിൽ മികച്ച പ്രകടനം കാഴ്ചവച്ചു.
സ്പോർട്സ് കൗണ്‍സിൽ പ്രസിഡന്റ് കെ. അനിൽ കുമാർ, മുൻ പ്രസിഡന്റ് സലിം പി.ചാക്കോ എന്നിവർ ടീമിന് ഉറച്ച പിന്തുണയുമായി ഒപ്പമുണ്ടായിരുന്നു.ആന്റോ ആന്റണി എംപിയാണ് ചാന്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തത്.
വീണാ ജോർജ് എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാദേവി, ജില്ലാ സ്പോർട്സ് കൗണ്‍സിൽ പ്രസിഡന്റ് കെ. അനിൽ കുമാർ, എക്സൈസ് ജോയിന്റ് കമ്മീഷണർ മാത്യു ജോർജ്, സിഐ കെ. മോഹനൻ, പ്രസ്ക്ലബ് പ്രസിഡന്റ് ബോബി ഏബ്രഹാം, സെക്രട്ടറി ബിജു കുര്യൻ, വിമുക്തി മാനേജർ ബി. ജയചന്ദ്രൻ, കൗണ്‍സിലർ പി.കെ. ജേക്കബ് തുടങ്ങിയവരും സന്നിഹിതരായിരുന്നു.
ഇന്നു രാവിലെ ഏഴിന് പോസ്റ്റൽ ഇലവണ്‍ എക്സൈസ് ഇലവണെയും തുടർന്ന് കളക്ടേഴ്സ് ഇലവണ്‍ എക്സൈസ് ഇലവണെയും നേരിടും. ഉച്ചകഴിഞ്ഞ് മൂന്നിന് മീഡിയ ഇലവണ്‍ പൊളിറ്റീഷ്യൻ ഇലവണ്‍ ടീമിനെ നേരിടും. തുടർന്നാണ് ഫൈനൽ മത്സരം.
വിജയികൾക്ക് ജില്ലാ സ്പോർട്സ് കൗണ്‍സിൽ പ്രസിഡന്റ് കെ. അനിൽ കുമാർ ട്രോഫികളും മൗണ്ട് സിയോണ്‍ ഗ്രൂപ്പ് ചെയർമാൻ ഡോ.ഏബ്രഹാം കലമണ്ണിൽ കാഷ് അവാർഡുകളും സമ്മാനിക്കും. പ്രസ്ക്ലബ് പ്രസിഡന്റ് ബോബി ഏബ്രഹാം അധ്യക്ഷത വഹിക്കും.