മഞ്ചേരി : 1995-ൽ പിഡബ്ല്യുഡി ക്കുവേണ്ടി സർക്കാർ ഏറ്റെടുത്ത ഭൂമിക്ക് നിശ്ചയിച്ച വില നൽകുന്നതിൽ വീഴ്ച വരുത്തിയതിനു മലപ്പുറം കളക്ടറേറ്റിലെ മുതലുകൾ ജപ്തി ചെയ്യാൻ മഞ്ചേരി സബ് കോടതി വിധിച്ചു. പെരിന്തൽമണ്ണ-മാനത്തുമംഗലം ബൈപാസ് റോഡ് നിർമാണത്തിനു വേണ്ടിയാണ് പരിസരവാസികളിൽ നിന്നു അര സെന്റ് മുതൽ മുപ്പത്തിനാല് സെന്റ് വരെ സർക്കാർ ഏറ്റെടുത്തത്.
ഈ സ്ഥലങ്ങൾക്ക് സെന്റിനു നൂറു രൂപ മുതൽ 13167 രൂപ വരെ കളക്ടർ വില നിശ്ചയിച്ചിരുന്നു. എന്നാൽ ഇതു വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് സ്ഥലമുടമകൾ മതിയായ രേഖകളുമായി കോടതിയെ സമീപിച്ചു.
കോടതി വിധിപ്രകാരം 7891 രൂപ വില നിശ്ചയിച്ചിരുന്ന സ്ഥലത്തിനു 23760 രൂപയും 10533 രൂപയുടെ സ്ഥലത്തിനു 23760 രൂപയും 13152 രൂപയുടെ സ്ഥലത്തിനു 26400 രൂപയും തോതിൽ സെന്റിന് വില വർധിച്ചു.
ഈ വിധിക്കെതിരേ സർക്കാരും വില ഇനിയും വർധിപ്പിക്കണമെന്നാവശ്യപ്പെട്ടു ഭൂവുടമകളും ഹൈക്കോടതിയെ സമീപിച്ചു. സർക്കാരിന്റെ അപ്പീൽ തള്ളിയ കോടതി ഭൂമിക്ക് വില വർധിപ്പിച്ചു നൽകണമെന്നാവശ്യപ്പെട്ടു കേസ് കീഴ് കോടതിയിലേക്കു തിരിച്ചയച്ചു. മഞ്ചേരി സബ് കോടതി സർക്കാർ ഏറ്റെടുത്ത സ്ഥലത്തെ എസിഡി എന്നിങ്ങനെ മൂന്നു കാറ്റഗറികളായി തിരിച്ചു.
ഇതനുസരിച്ച് സെന്റിനു എ കാറ്റഗറിയിൽ 33000 രൂപ, സി കാറ്റഗറിയിൽ 26730 രൂപ, ഡി കാറ്റഗറിയിൽ 21384 രൂപ എന്നിങ്ങനെ വില അനുവദിച്ചു. അനുവദിച്ച തുക ഗഡുക്കളായി നൽകാമെന്ന് സമ്മതിച്ച സർക്കാർ തുക കുടിശിക വരുത്തിയതിനെ തുടർന്നാണ് വിധി നടപ്പാക്കി കിട്ടണമെന്നാവശ്യപ്പെട്ട് തൃശൂർ കൂനംമൂച്ചി കെ.വി മേരി (88), മക്കളായ ജോബ്, മറിയാമ്മ, ആനി, ടോണി, വർഗീസ്, ജോസ് എന്നിവരും പെരിന്തൽമണ്ണ സ്വദേശിയും റിട്ടയേർഡ് ഡെപ്യൂട്ടി കളക്ടറുമായ എം.കെ ജനാർദനൻ (75), സഹോദരൻ രാജഗോപാലൻ (68) എന്നിവർ കോടതിയെ സമീപിച്ചത്. ഈ കേസിലാണ് സബ്ജഡ്ജി ഉത്തരവ് നൽകിയത്.