കഴിഞ്ഞ ദിവസം രാത്രിയില്‍ കോട്ടയത്ത് കോളജ് വിദ്യാര്‍ഥിനിയ്ക്ക് നേരെയുണ്ടായ ക്രൂരമായ ആക്രമണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.
ആ സംഭവത്തില്‍ മാനസികമായും ശാരീരികമായും താന്‍ തളര്‍ന്നുപോയെന്ന് കോട്ടയം മെഡിക്കല്‍ കോളജിലെ ആശുപത്രിക്കിടക്കയില്‍ നിന്ന് വിദ്യാര്‍ഥിനി പറയുന്നു.
സുഹൃത്തിനൊപ്പം രാത്രി പത്തിനു ശേഷം നഗരത്തിലെ കടയില്‍ ഭക്ഷണം കഴിക്കുമ്പോള്‍ തുടങ്ങിയ കമന്റടി ശാരീരികാക്രമണത്തില്‍ കലാശിക്കുകയായിരുന്നു.
സംഭവത്തെക്കുറിച്ച് വിദ്യാര്‍ഥിനിയുടെ വാക്കുകള്‍ ഇങ്ങനെ…കൂടുതലും എന്നെ ഫോക്കസ് ചെയ്തായിരുന്നു അവരുടെ കമന്റടി. ആ സമയത്ത് ഞാന്‍ അവിടെ ഇരുന്നതാണ് അവരെ പ്രകോപിപ്പിച്ചത്.
എന്നെയാണ് അവര്‍ കളിയാക്കിക്കൊണ്ടിരുന്നത്. മോശമായി പെരുമാറുകയും തെറിവിളിക്കുകയും ചെയ്തു.
വൃത്തികേടുകളും അധിക്ഷേപങ്ങളും വിളിച്ചു പറഞ്ഞുകൊണ്ടിരുന്ന അവരെ ഞാന്‍ പോടാ എന്ന് വിളിച്ച് പ്രതികരിച്ചു. അത് അവര്‍ക്ക് ഇഷ്ടപ്പെട്ടില്ല. കാറില്‍ പിന്തുടര്ന്ന് എത്തി ബൈക്ക് തടഞ്ഞു.
എന്റെ കൂടെയുണ്ടായിരുന്ന സുഹൃത്തിനെയാണ് തല്ലിത്തുടങ്ങിയത്. തടയാന്‍ ശ്രമിച്ചതോടെ എനിക്കു നേരെയായി ആക്രമണം. ‘ഞങ്ങള്‍ ആരാണെന്നാടീ നിന്റെ വിചാരം’ എന്നൊക്കെ പറഞ്ഞ് ഭീഷണിപ്പെടുത്തി.
പത്തു മിനിറ്റോളം ഇതു നീണ്ടു. അവസാനമാണ് പോലീസ് വന്നത്. എന്റെ തലയ്ക്കും വയറിനും നല്ല വേദനയുണ്ട്.
ഇടയ്ക്കിടയ്ക്ക് കണ്ണില്‍ ഇരുട്ടു കയറുന്നതുപോലെ തോന്നുന്നു. മനസ്സും ശരീരവും ഇതുവരെ ശരിയായിട്ടില്ല.രാത്രി ഒരു പെണ്‍കുട്ടി ഇത്രയും ക്രൂരമായി ആക്രമിക്കപ്പെടുന്നത് കണ്ടിട്ടും അവിടെ ഉണ്ടായിരുന്ന ഒരാളുപോലും പ്രതികരിച്ചില്ലെന്നത് പേടിപ്പെടുത്തുന്നുണ്ട്.
ശാരീരികമായും മാനസികമായും നേരിട്ട ആഘാതം വിട്ടുമാറിയിട്ടില്ല. സുഹൃത്തിനാണു കൂടുതല്‍ പരുക്കേറ്റത്. ഇതേ കോളജിലെ മറ്റൊരു വിദ്യാര്‍ഥിനിയ്ക്കും സമാനമായ അനുഭവം ഉണ്ടായിട്ടുണ്ടെന്ന് പെണ്‍കുട്ടി പറയുന്നു.
ആ സംഭവത്തിലെയും പ്രതി ഇവരില്‍ ഒരാളായിരുന്നുവെന്നും പെണ്‍കുട്ടി പറയുന്നു.