പാക്കിസ്ഥാനിലെ ആശുപത്രിയില്‍ ക്രിസ്ത്യന്‍ നഴ്‌സിന് നേരിടേണ്ടി വന്നത് കൊടിയ പീഡനം. കറാച്ചിയിലെ ശോഭരാജ് മെറ്റേണിറ്റി ഹോസ്പിറ്റലിലെ തബിത നസീര്‍ ഗില്ലിനെ (30) ആണ് ജനക്കൂട്ടം ആശുപത്രിയില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചത്.
യുവതി മതനിന്ദ നടത്തിയെന്ന് ഒരു മുസ്ലിം സഹപ്രവര്‍ത്തക ആരോപിച്ചതിന് പിന്നാലെയാണ് ജനക്കൂട്ടം കെട്ടിയിട്ട് പീഡിപ്പിച്ചത്. രാവിലെ മുതല്‍ മര്‍ദ്ദിച്ച ശേഷം തബിതയെ ഒരു മുറിയില്‍ കെട്ടിയിട്ടിരിക്കുകയായിരുന്നു. വിവരമറിഞ്ഞയുടന്‍ പൊലീസ് എത്തി തബിതയെ കസ്റ്റഡിയിലെടുത്തു.
തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ യുവതി കുറ്റക്കാരിയല്ലെന്ന് പൊലീസ് കണ്ടെത്തുകയും അവരെ മോചിപ്പിക്കുകയുമായിരുന്നു. സഹപ്രവര്‍ത്തകയുടെ പ്രതികാര നടപടിയാണ് മതനിന്ദ ആരോപണമെന്നാണ് വിവരം.
ഒരു രോഗിയില്‍ നിന്ന് സഹപ്രവര്‍ത്തക പണം സ്വീകരിച്ചത് കണ്ടുപിടിച്ചതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. ആശുപത്രി സേവനങ്ങള്‍ ഉപയോഗിക്കുന്ന ആളുകളില്‍ നിന്ന് സ്റ്റാഫ് പണം സ്വീകരിക്കുന്നത് ഗില്‍ വിലക്കിയിരുന്നു.
എന്നാല്‍, ഒരു മുസ്ലിം സഹപ്രവര്‍ത്തക ഇതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുകയും രോഗിയില്‍ നിന്നും പണം സ്വീകരിക്കുകയുമായിരുന്നു. ഗില്‍ ഇത് ചോദ്യം ചെയ്തതോടെ ഇവര്‍ ഗില്ലിന് മേല്‍ മതനിന്ദ ആരോപിക്കുകയായിരുന്നു.
ആശുപത്രിയില്‍ യുവതിയെ കെട്ടിയിട്ടു മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നിരവധി സ്ത്രീകള്‍ യുവതിയെ ചുറ്റും നിന്ന് മര്‍ദ്ദിക്കുന്നതാണ് ദൃശ്യങ്ങളില്‍ കാണാന്‍ കഴിയുന്നത്.
എന്നാല്‍ ഈ യുവതി മതനിന്ദ നടത്തിയെന്നതിന് യാതൊരു തെളിവും പൊലീസിന് കണ്ടെത്താന്‍ കഴിഞ്ഞില്ലായെന്ന് കേസില്‍ ഇടപെട്ട നസീര്‍ റാസ എന്ന ക്രിസ്ത്യന്‍ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ പറഞ്ഞു.
കഴിഞ്ഞ ഒന്‍പതു വര്‍ഷമായി കറാച്ചിയിലെ ശോഭരാജ് മെറ്റേര്‍ണിറ്റി ആശുപത്രിയില്‍ തബിതക്കൊപ്പം നേഴ്‌സായി ജോലി ചെയ്തുകൊണ്ടിരുന്ന സഹപ്രവര്‍ത്തകയാണ് വ്യാജ ആരോപണം ഉന്നയിച്ചത്. കുറ്റക്കാരിയല്ലെന്ന് പോലീസ് കണ്ടെത്തിയതിനെത്തുടര്‍ന്ന് സ്വയം സുരക്ഷയെക്കരുതി അജ്ഞാതവാസത്തിലാണ് തബിതയിപ്പോള്‍.
തബിതക്കെതിരെ സഹപ്രവര്‍ത്തക ഉന്നയിച്ച ആരോപണം വ്യാജമാണെന്ന് കണ്ടെത്തിയെങ്കിലും അവളുടെ ജീവിതം ഇനിയൊരിക്കലും പഴയതുപോലെ ആകില്ലെന്നു ‘സെന്റര്‍ ഫോര്‍ ലീഗല്‍ എയിഡ് അസിസ്റ്റന്‍സ് & സെറ്റില്‍മെന്റ്’ന്റെ ഡയറക്ടറായ നസീര്‍ സയീദ് പറഞ്ഞു.
വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ നിരവധി ആളുകള്‍ക്കു നേരെയാണ് മതനിന്ദക്കുറ്റം ആരോപിക്കുന്നത്. കഴിഞ്ഞ വര്‍ഷം മാത്രം 9 ക്രൈസ്തവര്‍ക്കെതിരെയാണ് മതനിന്ദ ആരോപിക്കപ്പെട്ടത്. നിഷ്‌കളങ്കരായ മൂന്നു ജീവനുകള്‍ മതനിന്ദയുടെ പേരില്‍ കഴിഞ്ഞവര്‍ഷം നഷ്ടപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.