തമിഴ് സൂപ്പർതാരങ്ങളായ സൂര്യയ്ക്കും വിജയ് ക്കുമെതിരേ വിതരണക്കാരുടെ സംഘടന. താരമൂല്യം സംരക്ഷിക്കുന്നതിനായി തീയറ്ററുകളിൽ നിന്നുമുള്ള യഥാർഥ കണക്കുകളല്ല ഇവർ പുറത്തുവിടുന്നതെന്നാണ് വിതരണക്കാരുടെ ആരോപണം. ഇരുവരുടെയും അടുത്തിടെ ഇറങ്ങിയ ചിത്രങ്ങൾ ബോക്സ് ഓഫീസിൽ പരാജയമായിരുന്നുവെന്നും ഈ ചിത്രങ്ങൾ നൂറുകോടി കടന്നെന്ന് പ്രചരിപ്പിക്കുന്നതിലൂടെ തങ്ങൾക്ക് നഷ്ടം മാത്രമേ സംഭവിക്കുന്നുള്ളൂ എന്നും വിതരണക്കാർ പറയുന്നു. ഇരുവർക്കും വിലക്ക് ഏർപ്പെടുത്താൻ തമിഴ് ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ തീരുമാനിച്ചതായും വാർത്തകളുണ്ട്.
വിജയ് നായകനായ പുലി, ഭൈരവ, സൂര്യയുടെ 24, സിങ്കം 3 എന്നീ ചിത്രങ്ങൾ ബോക്സ് ഓഫീസിൽ പരാജയമായിരുന്നുവെന്നും, എന്നാൽ ചിത്രങ്ങൾ വൻവിജയമാണെന്നും നൂറുകോടി കളക്ഷൻ നേടിയെന്നും പ്രചരിപ്പിക്കുന്ന നിർമാതാക്കൾ മാധ്യമങ്ങളിലൂടെ കള്ളക്കണക്കുകളാണ് പുറത്തുവിടുന്നതെന്നും വിതരണക്കാർ ആരോപിച്ചു. ഇരുതാരങ്ങളുടെയും ഇനിയുള്ള ചിത്രങ്ങളുടെ റിലീസുകൾ തടയുമെന്നും, അല്ലെങ്കിൽ മിനിമം ഗാരന്റി പണമായി നല്കണമെന്നും അസോസിയേഷൻ അറിയിച്ചു.