സ്വന്തം ലേഖകന്‍
കോഴിക്കോട്: സംസ്ഥാനത്ത് വ്യാപകമായി പനി പടരുന്നതിനിടയില്‍ ആരോഗ്യ വകുപ്പില്‍ ഡോക്ടര്‍മാര്‍ക്ക് കൂട്ടത്തോടെ സ്ഥലംമാറ്റം. വിദൂര ജില്ലകളിലേക്കുള്ള സ്ഥലംമാറ്റത്തിനെതിരേ നീതിതേടി ഡോക്ടര്‍മാര്‍ ഹൈക്കോടതിയില്‍ കയറിയിറങ്ങുകയാണ്. കോടതിയെ സമീപിച്ച മിക്കവര്‍ക്കും സ്റ്റേ ലഭിച്ചിട്ടുണ്ട്.
ഈ മാസം 16നാണ് 106 അസി. സര്ജന്മാരെ സ്ഥലംമാറ്റിക്കൊണ്ട് ആരോഗ്യ വകുപ്പ് ഉത്തരവിറക്കിയത്. സര്‍ക്കാര്‍ ജീവനക്കാരുടെ സേവന വേതന വ്യവസ്ഥ സംബന്ധിച്ച കാര്യങ്ങള്‍ ഏക ജാലകത്തില്‍ കൊണ്ടുവരുന്നതിനുള്ള വെബ് അധിഷ്ഠിത സംവിധാനമായ സ്പാര്‍ക്ക് (സര്‍വീസ് ആന്‍ഡ് പേറോള്‍ അഡ്മിനിസ്ട്രേീറ്റീവ് റിപ്പോസിറ്ററി ഫോര്‍ കേരള) വഴിയാണ് ജീവനക്കാരുടെ വിശദാംശങ്ങള്‍ അപ്ലോഡ് ചെയ്തിരുന്നത്.
സര്‍വീസ് കാലം തുടങ്ങിയതുമുതല്‍ ഇതുവരെയുള്ള സ്ഥലംമാറ്റത്തിന്റെ വിശദാംശങ്ങള്‍ ഇതില്‍ അപ്ലോഡ് ചെയ്തിരുന്നു. സ്പാര്‍ക്ക് വഴിയാണ് സ്ഥലംമാറ്റം നടന്നത്.
സ്ഥലംമാറ്റത്തിന്റെ കരട് പട്ടിക നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു. അതില്‍ പരാതിയുള്ളവര്‍ക്ക് അപ്പീലിനു അവസരം നല്കി. രണ്ടാമത്തെ പട്ടികക്കുശേഷമാണ് ഇപ്പോള്‍ അവസാന പട്ടിക പുറത്തിറക്കിയത്.
അപ്പീല്‍ പരിഗണിക്കാതെയാണ് ഉത്തരവ് ഇറങ്ങിയതെന്നാണ് ആക്ഷേപം. സ്ഥലംമാറ്റ ഉത്തരവില്‍ ഒട്ടേറെ അപകാതകള്‍ ഉണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. പലരുടെയും അപ്പീല്‍ പരിഗണിച്ചില്ല. അതുകൊണ്ടാണ് ഉത്തരവു ലഭിച്ച പലരും നീതിതേടി കോടതിയില്‍ എത്തിയത്.
സ്വന്തം ജില്ലയില്‍നിന്ന് വിദൂര സ്ഥലങ്ങളിലേക്കുള്ള സ്ഥലംമാറ്റമാണ് ഡോക്ടര്‍മാര്‍ക്ക് ഇടിത്തീയായത്. ജില്ല വിട്ടാണ് പലര്‍ക്കും മാറ്റം.
കോഴിക്കോട് മടപ്പള്ളി പിഎച്ച്സിയിലെ ഡോക്ടറെ കണ്ണൂര്‍ ജില്ലയിലെ അങ്ങാടിക്കടവ് പിഎച്ച്സിയിലേക്കും ചെറുവാടി ആശുപത്രിയിലെ ഡോക്ടറെ കണ്ണൂര്‍ ജില്ലയിലെ പേരാവൂര്‍ താലൂക്ക് ആശുപത്രിയിലേക്കും മാറ്റി.
തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ അസി.സര്‍ജനെ ആലപ്പുഴ ജനറല്‍ ആശുപത്രിയിലേക്കും ഇടുക്കി ജില്ലാ ആശുപത്രിയിലെ ഡോക്ടറെ ആലപ്പുഴ പിഎച്ച് ലാബിലേക്കും കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ തൃശൂര്‍ വില്‍വട്ടം പിഎച്ച്സിയിലേക്കും മാറ്റിയിട്ടുണ്ട്.
മലപ്പുറം ഓടക്കയം പിഎച്ച്സിയില്നിന്ന് അസി. സര്‍ജനെ പാലക്കാട് അടക്കാപുത്തൂരിലേക്കാണ് മാറ്റിയത്. ചെമ്മലശ്ശേരി പിഎച്ച്സിയിലെ ഡോക്ടറെ പാലക്കാട് തിരുമറ്റക്കോട്ടേക്ക് മാറ്റി.
മൂന്നു വര്‍ഷം ഒരേ സീറ്റില്‍ ഇരുന്ന ഡോക്ടര്‍മാരെയാണ് സ്ഥലം മാറ്റിയിട്ടുള്ളതെന്ന് അധികൃതര്‍ പറയുന്നു. സ്ഥലംമാറ്റം ലഭിച്ച് ജോലിയില്‍ പ്രവേശിക്കാന്‍ മറ്റിടങ്ങളില്‍ നിന്ന് ഡോക്ടര്‍മാര്‍ എത്തുമ്പോഴാണ് സ്ഥലംമാറ്റം സ്േറ്റ ചെയ്തുകൊണ്ടുള്ള കോടതിയുടെ ഉത്തരവ് ലഭിക്കുന്നത്.
ഇതും പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്.ഡോക്ടര്‍മാര്‍ക്കു പുറമേ ഗ്രേഡ് ഒന്ന് നഴ്സുമാരെയും ദൂരസ്ഥലത്തേക്ക് മാറ്റി ഉത്തരവിറക്കിയിട്ടുണ്ട്. അതത് ജില്ലകളില്‍ ഒഴിവുണ്ടായിട്ടും നല്‍കാതെയാണ് ഇത്തരം സ്ഥലംമാറ്റമെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.
സംസ്ഥാനത്ത് ആയിരങ്ങള്‍ക്കാണ് ദിവസേന പനി ബാധിക്കുന്നത്. ചില ജില്ലകളില്‍ പനി മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതിനിടയിലാണ് സ്ഥലംമാറ്റം നടപ്പാക്കിയിട്ടുള്ളത്.