പത്തനംതിട്ട: കോന്നി താലൂക്ക് ഓഫീസിലെ കൂട്ടഅവധി വിഷയത്തില്‍ തീരുമാനം മുഖ്യമന്ത്രിക്കു വിട്ടു. റവന്യുവകുപ്പ് ഉന്നതരും മന്ത്രിയും കൂടിയാലോചന നടത്തിയെങ്കിലും ഒരു തീരുമാനത്തിലെത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഫയല്‍ മുഖ്യമന്ത്രിക്കു കൈമാറിയത്.
വിഷയത്തിലെ രാഷ്്ട്രീയ വിവാദം കൂടി പരിഗണിച്ചാണ് മുഖ്യമന്ത്രിയുടെ അഭിപ്രായം ആരാഞ്ഞിരിക്കുന്നത്.പത്തനംതിട്ട ജില്ലാകളക്ടര്‍ വിഷയത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
താലൂക്ക് ഓഫീസിലെ 21 ജീവനക്കാരൊഴികെയുള്ളവര് കഴിഞ്ഞ ഫെബ്രുവരി പത്തിന് അവധിയെടുത്തതാണ് വിവാദമായത്. ഇവരില്‍ ഒരുവിഭാഗം മൂന്നാറിലേക്ക് ഉല്ലാസ യാത്ര കൂടി പോയതോടെ വിവാദം ശക്തമായി.
ജീവനക്കാരുടെ അവധിയെ ന്യായീകരിച്ചാണ് ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍ കൂട്ടഅവധി കാരണം താലൂക്ക് ഓഫീസിലെത്തിയവര്‍ക്ക് ബുദ്ധിമുട്ടുണ്ടായെന്നും ഇതില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഇത്തരമൊരു സാഹചര്യത്തില്‍ കൂട്ട അവധി ഒഴിവാക്കാമായിരുന്നുവെന്നും ഓഫീസ് മേലധികാരിക്ക് ജാഗ്രതാക്കുറവുണ്ടായെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
സര്‍വീസ് ചട്ടപ്രകാരം അവധിയെടുത്ത ജീവനക്കാര്‍ക്കെതിരേ ഒരു നടപടിക്കും സാധ്യതയില്ലെന്നാണ് നിയമോപദേശം ലഭിച്ചത്. ഇതു സംബന്ധിച്ച് റവന്യു ഉന്നത ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തി.
മന്ത്രിയുടെ സാന്നിധ്യത്തിലും വിഷയം ചര്‍ച്ച ചെയ്തു. റവന്യുവകുപ്പ് എന്തെങ്കിലും നടപടി സ്വീകരിച്ചാല്‍ സര്‍വീസ് സംഘടനകള്‍ പ്രതിഷേധിക്കുമെന്നും നടപടിക്കു വിധേയരായവര്‍ കോടതിയെ സമീപിച്ചാല്‍ അനുകൂല ഉത്തരവ് ലഭിക്കുമെന്നും വിലയിരുത്തപ്പെട്ടു.
തുടര്‍ന്നാണ് വിഷയത്തിലെ രാഷ്ട്രീയവശം കൂടി പരിഗണിച്ച് റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ തീരുമാനത്തിനു വിടുന്നത്. ഇനി ഇക്കാര്യത്തില്‍ എന്തുവേണമെന്ന് മുഖ്യമന്ത്രി തീരുമാനിക്കും.
തുടര്‍ന്നും ഇത്തരം സാഹചര്യം ഒഴിവാക്കുന്നതിലേക്ക് അവധി സംബന്ധിച്ച വ്യവസ്ഥകളില്‍ ഓഫീസ് മേലധികാരികളുടെ വിവേചനാധികാരം കൂട്ടുന്നതിനുള്ള ശിപാര്‍ശയും റവന്യുവകുപ്പ് നല്‍കുന്നുണ്ട്.