ആലപ്പുഴ: മുൻമന്ത്രി തോമസ് ചാണ്ടി ചെയർമാനായ വാട്ടർവേൾഡ് ടൂറിസം കന്പനിക്കെതിരെ കായൽ കൈയേറ്റവുമായി ബന്ധപ്പെട്ട് നൽകിയ നോട്ടീസിൽ തെറ്റ് എങ്ങനെ വന്നെന്ന് അന്വേഷിക്കുമെന്ന് ജില്ലാ കളക്ടർ ടി.വി. അനുപമ. കഴിഞ്ഞ 23ന് ഹാജരാകാനായിരുന്നു വാട്ടർ വേൾഡ് ടൂറിസം കന്പനിക്ക് ജില്ലാ കളക്ടർ നോട്ടീസ് നൽകിയത്.
എന്നാൽ കന്പനി ഹിയറിംഗിന് ഹാജരാകാതെ നോട്ടീസിലെ പിഴവ് ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹർജി പരിഗണിച്ച കോടതി നോട്ടീസിലെ തുടർനടപടികൾ സ്റ്റേ ചെയ്യുകയും ചെയ്തു. എന്നാൽ സ്റ്റേ ഉത്തരവിനെക്കുറിച്ചറിയാതെ ജില്ലാ ഭരണകൂടം നേരത്തെ നൽകിയ നോട്ടീസിലെ സർവേ നന്പരിൽ തെറ്റ് കണ്ടതിനെത്തുടർന്ന് പുതിയ നോട്ടീസ് നൽകിയിരുന്നു.
ഹൈക്കോടതിയുടെ ഉത്തരവോടെ നടപടികളെല്ലാം നിർത്തിവച്ചിരിക്കുകയാണ്. അതേസമയം ഭൂമിയുടെ കൈവശക്കാരെന്ന നിലയ്ക്കാണ് വാട്ടർവേൾഡ് ടൂറിസം കന്പനിക്ക് നോട്ടീസ് നൽകിയതെന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്. നോട്ടീസ് നൽകിയതിൽ തെറ്റ് പറ്റിയിട്ടില്ല. ഇത് കോടതിയെ ബോധ്യപ്പെടുത്തും.
ആദ്യ നോട്ടീസിൽ സർവേ നന്പരിലുണ്ടായ തെറ്റ് ടൈപ്പ് ചെയ്തപ്പോൾ വന്നതാകാം. തെറ്റുവന്നതിൽ സംശയാസ്പദമായ എന്തെങ്കിലുമുണ്ടെങ്കിൽ അന്വേഷിക്കും. രണ്ടാമത്തെ നോട്ടീസിൽ സർവേ നന്പരിൽ പിഴവില്ല. കോടതി വിധി ലഭിച്ചതിനുശേഷം ഇത് കോടതിയുടെ ശ്രദ്ധയിൽപ്പെടുത്താനുള്ള നിലപാടിലാണ് ജില്ലാ ഭരണകൂടം.
ഇന്നലെ നിലം നികത്തൽ ആരോപണവുമായി ബന്ധപ്പെട്ട് വാട്ടർ വേൾഡ് ടൂറിസം കന്പനിക്കെതിരെ ജില്ലാ കളക്ടർ നൽകിയ രണ്ട് നോട്ടീസുകൾ ഹൈക്കോടതി റദ്ദാക്കിയിരുന്നു. നോട്ടീസിൽ തെറ്റായ സർവേ നന്പർ ഉൾപ്പെട്ടതിന് കളക്ടറെ കോടതി വിമർശിക്കുകയും ചെയ്തിരുന്നു.