തൃശൂർ: ജില്ലാ കളക്ടർ പിടിച്ചെടുത്ത ബാർ അസോസിയേഷൻ ഓഫീസിന്റെ താഴ് ഒരു വിഭാഗം അഭിഭാഷകർ ചേർന്ന് പൊളിച്ചു. ഇതേസമയം, ബാർ അസോസിയേഷൻ ഭാരവാഹികൾക്കും മുതിർന്ന അഭിഭാഷകർക്കും ഇടയിലുണ്ടായ പ്രതിഷേധം മന്ത്രി വി.എസ്. സുനിൽകുമാർ ഇടപെട്ട് തണുപ്പിച്ചു.
മന്ത്രി ബാർ അസോസിയേഷൻ ഭാരവാഹികളും ജില്ലാ കളക്ടർ ടി.വി. അനുപമയുമായി സംസാരിച്ചു. ബാർ അസോസിയേഷൻ ഓഫീസിൽ അട്ടിയിട്ട അരിച്ചാക്കുകളും മറ്റും വാഹനങ്ങളിലാക്കി കൊണ്ടുപോകാനുള്ള ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്. ഓഫീസ് തത്കാലം അഭിഭാഷകർക്കുതന്നെ വിട്ടുകൊടുത്തേക്കും. ഓഫീസ് മുറിയുടെ പ്രധാന വാതിലിൽ ചങ്ങല സഹിതം സ്ഥാപിച്ച താഴ് ജില്ലാ ഭരണാധികാരികൾതന്നെ ഉച്ചയോടെ അഴിച്ചെടുത്തു കൊണ്ടുപോയി.
തമിഴ്നാട്ടിൽനിന്ന് എത്തിയ അരിയും മറ്റു ഭക്ഷ്യസാധനങ്ങളും സൂക്ഷിക്കാൻ ഇടമില്ലാതിരുന്നതിനാലാണ് അടിയന്തരമായി ബാർ അസോസിയേഷന്റെ ഓഫീസ് മുറികൾ തുറന്നതെന്നു കളക്ടർ വിശദീകരിച്ചു. ദുരിതാശ്വാസത്തിനുള്ള സാധനങ്ങൾ സൂക്ഷിക്കാൻ മുറികൾ തുറന്നുതന്നില്ലെന്നു അഭിഭാഷകരെ മോശമായി ചിത്രീകരിച്ചുകൊണ്ടു സർക്കാർ പത്രക്കുറിപ്പ് പുറത്തിറക്കിയെന്ന് അഭിഭാഷകർ പരാതിപ്പെട്ടു.
അഭിഭാഷകരെയോ ബാർ അസോസിയേഷനേയോ മോശമായി ചിത്രീകരിച്ചിട്ടില്ലെന്നും അടിയന്തര ഘട്ടത്തിൽ ഞായറാഴ്ച സ്ഥലം ഏറ്റെടുത്തതാണെന്നും കളക്ടർ പറഞ്ഞു. എന്നൽ ഒരു വിഭാഗം അഭിഭാഷകർ കളക്ടർ ഏറ്റെടുത്തു പൂട്ടിയ താഴ് പൊളിക്കുകയും ചെയ്തു.രു താഴിട്ടു പൂട്ടാനും ശ്രമമുണ്ടായി. മുതിർന്ന അഭിഭാഷകർ ഇടപെട്ട് അതെല്ലാം ഒഴിവാക്കി.
കളക്ടറേറ്റിൽ പ്രവർത്തിച്ചിരുന്ന കോടതികളെല്ലാം തൊട്ടരികിലെ പുതിയ കോടതി സമുച്ചയത്തിലേക്കു മാറ്റിയ സാഹചര്യത്തിൽ ബാർ അസോസിയേഷൻ ഓഫീസും ക്ലർക്സ് അസോസിയേഷൻ ഓഫീസും മാറ്റണമെന്ന് മുൻ കളക്ടർമാർ ആവശ്യപ്പെട്ടിരുന്നു.
പുതിയ സമുച്ചയത്തിൽ ബാർ അസോസിയേഷനും ക്ലർക്സ് അസോസിയഷനും ഓഫീസ് മുറികൾ അനുവദിച്ചിട്ടുണ്ട്. നല്ല വിസ്താരമേറിയ മുറികളാണുതാനും. എന്നാൽ ഈ മുറികളിൽ വൈദ്യുതി ബന്ധം ഏർപ്പെടുത്തിയിട്ടില്ല. പുതിയ കെട്ടിടത്തിൽ കോടതിമുറികളിലെല്ലാം വൈദ്യുതിയുണ്ട്.
വൈദ്യുതി കണക്ഷൻ ലഭിച്ചാൽ പുതിയ മന്ദിരത്തിലേക്ക് ബാർ അസോസിയേഷൻ ഓഫീസ് മാറ്റാമെന്ന നിലപാടിലാണ് അഭിഭാഷകർ.ബാർ അസോസിയേഷന്റെ ഓഫീസ് നിലവിലുള്ള കളക്ടറേറ്റ് മന്ദിരത്തിൽനിന്നു മാറ്റിയാൽ തങ്ങൾക്കു സ്ഥലം വിട്ടുതരണമെന്ന ആവശ്യവുമായി അര ഡസൻ സർക്കാർ വകുപ്പുകളാണ് കളക്ടർക്ക് അപേക്ഷ നൽകി കാത്തിരിക്കുന്നത്.