തൃശൂർ: ദുരിതാശ്വാസ സഹായം അനർഹമായി കൈപ്പറ്റിയ അഞ്ഞൂറുപേരിൽനിന്നു പണം തിരിച്ചുപിടിച്ചതായി ജില്ലാ കളക്ടർ ടി.വി.അനുപമ പറഞ്ഞു. നിരവധി പരാതികൾ ഇതുസംബന്ധിച്ചു ലഭിച്ചുകൊണ്ടിരിക്കയാണ്. അനർഹരായവർ പണം കൈപ്പറ്റിയിട്ടുണ്ടോയെന്ന് വീണ്ടും പരിശോധിക്കും.
പ്രസ്ക്ലബിൽ മീറ്റ് ദ പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു കളക്ടർ. ജില്ലയിൽ 1,06000ത്തിലധികം പേർക്കു ദുരിതാശ്വാസ സഹായമായ പതിനായിരം രൂപ നല്കിക്കഴിഞ്ഞിട്ടുണ്ട്. ആദ്യഘട്ടത്തിൽ 3800 രൂപ നല്‍കിയപ്പോൾതന്നെ അനർഹർക്കു പണം ലഭിച്ചിട്ടുണ്ടെന്നു പരാതി ലഭിച്ചു. തുടർന്നു നടത്തിയ പരിശോധനയിലാണ് ഇതു വ്യക്തമായത്. ചിലരുടെ ബാങ്ക് അക്കൗണ്ട് നന്പർ ശരിയല്ലാത്തതിനാൽ പണം തിരിച്ചുവന്നിട്ടുണ്ട്. ഇത്തരത്തിലാണ് പലർക്കും പണം കിട്ടാതായിരിക്കുന്നത്.
ജില്ലയിൽ 1,800 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്. ഇത് ഇനിയും കൂടാമെന്നാണ് പറയുന്നത്. റോഡുകൾ നന്നാക്കാൻ തന്നെ 350 കോടി രൂപ ആവശ്യമാണ്. വീട് നഷ്ടപ്പെട്ടവരാണ് ഇനിയും ക്യാന്പുകളിൽ കഴിയുന്നത്. ഇവർക്കു താമസിക്കാൻ വേണ്ട സൗകര്യമുണ്ടാക്കി ക്യാന്പുകളിൽനിന്നു മാറ്റുന്നതിനാണ് മുൻഗണന നൽകുന്നത്.
25 സ്ഥലങ്ങളിൽ ജിയോളജി വകുപ്പും കെഎഫ്ആർഐയും നടത്തിയ പരിശോധനയിൽ തത്കാലം താമസിക്കാൻ സാധിക്കില്ലെന്നാണു പറഞ്ഞിരിക്കുന്നത്. ഒരു മഴയുംകൂടി കഴിഞ്ഞാലേ ചില സ്ഥലങ്ങളിൽ താമസയോഗ്യമാണോയെന്നു തീരുമാനിക്കാൻ സാധിക്കൂ. പ്രളയമാലിന്യം പൂർണമായും മാറ്റാൻ കഴിഞ്ഞിട്ടില്ല. അതിനുള്ള നടപടികൾ തുടരുകയാണ്.
ഇലക്ട്രോണിക് സാധനങ്ങളും വീട്ടുപകരണങ്ങളും നഷ്ടപ്പെട്ടവർക്കു കുടുംബശ്രീ വഴി ഒരു ലക്ഷം രൂപ വരെ ലോണ്‍ നൽകുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ലോണ്‍ ആവശ്യപ്പെട്ട് മുപ്പതിനായിരം അപേക്ഷകളാണ് ലഭിച്ചിരിക്കുന്നത്. 28നു ലോണ്‍ വിതരണം തുടങ്ങാനുള്ള നീക്കങ്ങളാണ് നടത്തുന്നതെന്നു കളക്ടർ വ്യക്തമാക്കി.
ദുരിതാശ്വാസ സഹായമായി ലഭിച്ച ആറായിരം ഗ്യാസ് സ്റ്റൗകളും വീട് നഷ്ടപ്പെട്ടവർക്കു മുൻഗണന നൽകി വിതരണം ചെയ്യും. ഇതുവരെ 500 എണ്ണം വിതരണം ചെയ്തിട്ടുണ്ട്. വീടുകൾ നഷ്ടപ്പെട്ടതിന്റെയും മറ്റു നഷ്ടങ്ങളുടെയും റവന്യൂ വകുപ്പിന്റെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും കണക്കുകളുടെ വ്യത്യാസം പുതുതായി തുടങ്ങിയ മൊബൈൽ ആപ്പ് വഴി പരിഹരിക്കും.