സമൂഹത്തിന്റെ നല്ലതിനായി മികച്ചതും ഉറച്ചതുമായ പല തീരുമാനങ്ങളും എടുത്ത് ജനങ്ങളുടെ കയ്യടി നേടിക്കൊണ്ടിരിക്കുന്നവരാണ് യുവ ഐഎഎസ്, ഐപിഎസ് ഓഫീസര്‍മാര്‍. തൃശൂര്‍ കളക്ടര്‍ ടി.വി. അനുപമയാണിപ്പോള് വീണ്ടും മറ്റൊരു നിര്‍ണായക നീക്കവുമായി രംഗത്തെത്തിയിരിക്കുന്നത്.
തൃശ്ശൂരില്‍ നിയമവിരുദ്ധ വെടിക്കെട്ടുകള്‍ വേണ്ടെന്നാണ് ജില്ലാ കളക്ടര്‍ അനുപമ പറഞ്ഞിരിക്കുന്നത്. ആരാധനാലയങ്ങളിലെ തിരുനാളുകള്‍, ഉത്സവങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് നടത്തുന്ന വെടിക്കെട്ട് പ്രദര്‍ശനത്തിന് അനുമതി ലഭിക്കുന്നതിന് എക്സ്പ്ലോസീവ് റൂള്‍ പ്രകാരമുള്ള വ്യവസ്ഥകള്‍ പാലിക്കണമെന്നും നിയമവിരുദ്ധ വെടിക്കെട്ട് പ്രദര്‍ശനത്തിനെതിരെ നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ ടി. വി അനുപമ അറിയിച്ചു.
വെടിക്കെട്ട് സാമഗ്രികള്‍ സൂക്ഷിക്കുന്ന കെട്ടിടത്തിന് സ്ഫോടക വസ്തു ലൈസന്‍സ് ഉണ്ടായിരിക്കണം. വെടിക്കെട്ട് നിര്‍മ്മാതാക്കള്‍ക്കും വെടിക്കോപ്പുകള്‍ക്കും പെസോയില്‍നിന്നും ലൈസന്‍സ് വേണം. വെടിക്കെട്ട് നടത്തുന്ന സ്ഥലത്തിന് പെസോ നിഷ്ക്കര്‍ഷിക്കുന്ന സുരക്ഷാ ക്രമീകരണങ്ങള്‍ ഉണ്ടായിരിക്കണം.
ഈ വ്യവസ്ഥകള്‍ ലംഘിച്ച് സമര്‍പ്പിക്കുന്ന അപേക്ഷ നിരസിക്കുമെന്നും ഫാന്‍സി വെടിക്കെട്ടുകള്‍ക്ക് അനുമതിയില്ലെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. നേരത്തെ ആരാധനാലയങ്ങളിലെ ഭക്ഷണ വിതരണം, പ്രസാദ ഊട്ട്, തിരുനാള്‍ ഊട്ട് എന്നിവയ്ക്ക് ലൈസന്‍സ്, രജിസ്ട്രേഷന് എന്നിവ നിര്‍ബന്ധമാക്കിയതായി തൃശൂര്‍ ജില്ലാ കളക്ടര്‍ ടിവി അനുപമ അറിയിച്ചിരുന്നു.
മാര്‍ച്ച് ഒന്നിനകം എല്ലാ ആരാധനാലയങ്ങളും ലൈസന്‍സ്, രജിസ്ട്രേഷനുകള്‍ എടുക്കണം. പൊതു ആരാധനാലയങ്ങള്‍ക്കും സ്വകാര്യ ആരാധനാലയങ്ങള്‍ക്കും ഇത് ബാധകമാണ്. വലിയ തോതില്‍ ദിവസവും ഭക്ഷണം, പ്രസാദം എന്നിവ വിതരണം ചെയ്യുന്ന ആരാധനാലങ്ങള്‍ക്ക് ലൈസന്‍സും ഇടവിട്ടുള്ള ഭക്ഷണ, പ്രസാദ വിതരണം നടത്തുന്ന ആരാധനാലയങ്ങള്‍ക്ക് രജിസ്ട്രേഷനുമാണ് വേണ്ടതെന്നും കളക്ടര്‍ വ്യക്തമാക്കി. മികച്ച നടപടിയെന്നാണ് ഇതുസംബന്ധിച്ച് പൊതുസമൂഹത്തിന്റെ പ്രതികരണം.