കോഴിക്കോട്: എം.കെ. രാഘവൻ എംപിക്ക് കുന്നംകുളത്തിന്റെ മാപ്പ് നൽകിയ കോഴിക്കോട് ജില്ലാ കളക്ടർ എൻ. പ്രശാന്തിന് മാപ്പില്ല. പ്രശാന്തിനെ ജില്ലാ കളക്ടർ സ്ഥാനത്ത് നിന്നും മാറ്റാൻ സർക്കാർ തീരുമാനിച്ചു. ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിലാണ് പ്രശാന്തിനെ സ്ഥലംമാറ്റാൻ തീരുമാനമായത്. ടൂറിസം ഡയറക്ടറായ യു.വി. ജോസിനെയാണ് പുതിയ കളക്ടറായി നിയമിക്കാനും തീരുമാനിച്ചു.
എന്നാൽ പ്രശാന്തിന് നൽകേണ്ട പുതിയ ചുമതലയെപ്പറ്റി മന്ത്രിസഭാ യോഗത്തിൽ തീരുമാനമായില്ലെന്നാണ് വിവരം. നേരത്തെ എം.കെ. രാഘവൻ എംപിയും പ്രശാന്തുമായുള്ള തർക്കം ഏറെ ബഹളമുണ്ടാക്കിയതായിരുന്നു. എംപി ഫണ്ട് വിനിയോഗത്തിന് കളക്ടർ തടസം നിൽക്കുന്നുവെന്ന് ആരോപിച്ച് രാഘവൻ രംഗത്തെത്തുകയും ചെയ്തിരുന്നു.
ഇതേതുടർന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ തന്നെ അധിക്ഷേപിച്ച പ്രശാന്ത് മാപ്പ് പറയണമെന്നും രാഘവൻ ആവശ്യപ്പെട്ടിരുന്നു. മാപ്പ് ആവശ്യപ്പെട്ട രാഘവനെ പരിഹസിച്ച് കുന്നംകുളത്തിന്റെ മാപ്പ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്താണ് പ്രശാന്ത് അന്ന് മറുപടി നൽകിയിരുന്നത്. പ്രശാന്ത് തന്റെ ഒൗദ്യോഗിക വാഹനം ദുരുപയോഗം ചെയ്യുന്നുവെന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. എന്നാൽ ഇതിനും മറുപടിയായി അദ്ദേഹം ഫേസ്ബുക്കിൽ ചില പരാമർശങ്ങൾ പോസ്റ്റ് ചെയ്തതും വലിയ ഒച്ചപ്പാടുണ്ടാക്കിയിരുന്നു.