ദേവീകുളം സബ്കളക്ടറായിരുന്ന ശ്രീറാം വെങ്കിട്ടറാമിനെ സ്ഥലം മാറ്റിയ സര്‍ക്കാര്‍ നടപടിയെ പരിഹസിച്ച് ആരാധകര്‍ സ്നേഹത്തോടെ കളക്ടര്‍ ബ്രോ എന്നുവിളിക്കുന്ന പ്രശാന്ത് നായര്‍ ഐഎഎസ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് പ്രശാന്ത് നായരുടെ വിമര്‍ശനം. എംപ്ലോയ്മന്റ് എന്നാല്‍ തൊഴില്‍, ജോലി, പണി എന്നൊക്കെ അര്‍ത്ഥം വരും എന്നായിരുന്നു പ്രശാന്തിന്റ ഫേസ്ബുക്ക് പോസ്റ്റ്.
പ്രശാന്ത് നായരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം…
പണ്ട് ഈയുള്ളവനും ഇരുന്ന പോസ്റ്റാ എംപ്ലോയ്മന്റ് ഡയറക്ടര്‍. എംപ്ലോയ്മന്റ് എന്നാല്‍ തൊഴില്‍, ജോലി, പണി എന്നൊക്കെ അര്‍ത്ഥം വരും. നൂറുനൂറാശംസകള്‍
ശ്രീറാമിന്റെ പുതിയ നിയമനം എംപ്ലോയ്മെന്റ് ഡയറക്ടറായിട്ടാണ്. നാലുകൊല്ലമായ ഉദ്യോഗസ്ഥരെ മാറ്റുന്നുവെന്ന വിശദീകരണമാണ് സര്‍ക്കാര്‍ ഇതിന് നല്കിയതും. മൂന്നാറിലെ കൈയേറ്റമൊഴിപ്പിക്കലുമായി ബന്ധപ്പെട്ടാണ് ശ്രീറാം വെങ്കിട്ടരാമന് വാര്‍ത്തകളില്‍ നിറയുന്നത്. പിന്നാലെ കൈയേറ്റമൊഴിപ്പിക്കലില്‍ ശ്രീറാമും സിപിഐഎം എംഎല്‍എയായ എസ് രാജേന്ദ്രനുമായി വാക്കേറ്റം ഉണ്ടാകുകയും ചെയ്തിരുന്നു. ശ്രീറാമിനെ മാറ്റണമെന്ന് ആവശ്യം സിപിഐഎം പ്രത്യക്ഷത്തില്‍ തന്നെ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഇത് കൂടാതെ മൂന്നാറിലെ നിലവിലെ വിവാദങ്ങളുമായി ബന്ധപ്പെട്ട റിസോര്‍ട്ട് ഉടമ കൈയ്യേറിയ ഭൂമി സര്‍ക്കാരിന് ഏറ്റെടുക്കാമെന്നുളള നിര്‍ണായക ഹൈക്കോടതി വിധി ഇന്നലെ വരികയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ശ്രീറാമിന്റെ സ്ഥലംമാറ്റം.
മന്ത്രിസഭായോഗത്തില്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോയാണ് ശ്രീറാമിനെ മാറ്റണമെന്ന നിര്‍ദേശം മുന്നോട്ടുവച്ചത്. എന്നാല്‍ റവന്യു മന്ത്രി ഇ.ചന്ദ്രശേഖരന് ഇതിനെ ശക്തമായി എതിര്‍ത്തു. നാലു വര്‍ഷം സര്‍വീസുള്ളവരെയാണ് മാറ്റുന്നതെന്നും സ്ഥാനക്കയറ്റത്തോടെ വകുപ്പ് മേധാവിയായാണ് നിയമിക്കുന്നതെന്നും ചീഫ് സെക്രട്ടറി വിശദീകരിച്ചു. ഇതിനെ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ അനുകൂലിക്കുകയും ചെയ്തു. ഒടുവില്‍ റവന്യു മന്ത്രിയും ഇതിനോട് യോജിച്ചു. പെരിന്തല്‍മണ്ണ സബ് കലക്ടര്‍ ജാഫര്‍ മാലിക്കിനെ ടൂറിസം അഡീഷണല്‍ ഡയറക്ടറായി നിയമിക്കാന്‍ മന്ത്രിസഭാ തീരുമാനിച്ചു. പ്ലാനിങ് ഡെപ്യൂട്ടി സെക്രട്ടറിയുടെ ചുമതലയും അദ്ദേഹത്തിനായിരിക്കും.