‘എടാ കിഷ്ണാ അവരെന്നെ കൊന്നു’! ഒരേയൊരു ചിത്രത്തിലൂടെ പറയാനുള്ളതെല്ലാം പറഞ്ഞു; ദളിത് യുവാവിന്റെ ആത്മഹത്യയില്‍ കളക്ടര്‍ ബ്രോ പ്രതിഷേധം രേഖപ്പെടുത്തിയതിങ്ങനെ

guസമൂഹത്തില്‍ അരങ്ങേറുന്ന സമകാലിക സംഭവങ്ങളെക്കുറിച്ച് വ്യക്തമായ അഭിപ്രായം രേഖപ്പെടുത്തുകയും തിന്മ കണ്ടപ്പോഴെല്ലാം എതിര്‍ക്കുകയും ചെയ്തതിനാലാണ് പ്രശാന്ത് നായര്‍ ഐഎഎസ് മലയാളികളുടെ കളക്ടര്‍ ബ്രോയായി മാറിയത്. ഏറ്റവും പുതിയ വിവാദവിഷയമായി സര്‍ക്കാരിന് തലവേദന സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന സംഭവത്തിലും കളക്ടര്‍ ബ്രോ വളരെ വ്യത്യസ്തമായ രീതിയില്‍ അഭിപ്രായപ്രകടനം നടത്തുകയുണ്ടായി. തൃശൂര്‍ ഏങ്ങണ്ടിയൂര്‍ പോലീസ് കസ്റ്റഡിയിലെ മര്‍ദ്ദനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത 19 വയസുകാരനായ ദളിത് യുവാവിന്റെ മരണത്തെ പ്രതീകാത്മകമായി ചിത്രീകരിച്ചുകൊണ്ടാണ് പ്രശാന്ത് നായര്‍ ഐഎഎസ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. കമ്മട്ടിപ്പാടം എന്ന സിനിമയില്‍, നടന്‍ വിനായകന്റെ കഥാപാത്രം അവതരിപ്പിച്ച കഥാപാത്രത്തിന്റെ പടം വെച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റാണ് പ്രശാന്ത് നായര്‍ ഷെയര്‍ ചെയ്തത്. ഒരു പെണ്‍കുട്ടിയുമായി സംസാരിച്ചു നില്‍ക്കുന്നത് കണ്ടതിനെ തുടര്‍ന്നാണ് വിനായകിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. മാല പൊട്ടിക്കുന്ന സംഘത്തില്‍പ്പെട്ട ആളാണെന്ന് കരുതിയാണ് അറസ്റ്റ് ചെയ്തതെന്നായിരുന്നു പോലീസിന്റെ ന്യായീകരണം.

വിനായകന്റെ പിതാവിനെ വിളിച്ചു വരുത്തി മകന്‍ മോഷ്ടാവും കഞ്ചാവ് ഉപയോഗിക്കുന്ന ആളാണെന്നും പോലീസ് പറഞ്ഞതായി ബന്ധുക്കള്‍ ആരോപിക്കുന്നു. മുടി വളര്‍ത്തിയതാണ് വിനായകന്‍ കഞ്ചാവ് വലിക്കുന്നതിന് ‘തെളിവായി’ പോലീസ് ചൂണ്ടിക്കാട്ടിയത്. പിതാവിനൊപ്പെം വീട്ടിലെത്തിയ വിനായകന്‍ തൊട്ടടുത്ത ദിവസം ആത്മഹത്യ ചെയ്യുകയായിരുന്നു. വിനായകന്‍ ആത്മഹത്യ ചെയ്തത് ചെയ്യാത്ത കുറ്റത്തിനേറ്റ ക്രൂരപീഡനത്തില്‍ മനംനൊന്താണെന്നാണ് വിനായകനൊപ്പം കസ്റ്റഡിയിലായ സുഹൃത്തുക്കള്‍ പറഞ്ഞിരുന്നു. മനസാക്ഷിയെ നടുക്കുന്ന മര്‍ദ്ദനമുറകളാണ് വിനായകന് നേരിടേണ്ടി വന്നതെന്ന് സുഹൃത്ത് ശരത്തും സിപിഐഎം ഏരിയ സെക്രട്ടറി സുല്‍ത്താനും പിന്നീട് വെളിപ്പെടുത്തിയിരുന്നു. പോലീസ് കസ്റ്റഡിയില്‍ നിന്ന് വിട്ടയച്ച ശേഷം പ്രദേശത്തെ സിപിഐഎം ഏരിയ സെക്രട്ടറിയോട് തനിക്ക് സ്റ്റേഷനിലേറ്റ പൈശാചിക പീഡനത്തിന്റെ വിവരങ്ങള്‍ മരിക്കുന്നതിന് തലേദിവസം വിനായകന്‍ വെളിപ്പെടുത്തിയിരുന്നു.

മുലഞെട്ടുകള്‍ ഞെരിച്ചു പൊട്ടിച്ചും മുടിവലിച്ചു പറിച്ചും കുനിച്ച് നിര്‍ത്തി ഇടിച്ചുമാണ് പോലീസ് വിനായകിനെയും സുഹൃത്തിനെയും ചോദ്യം ചെയ്തതെന്നാണ് അദ്ദേഹം പറഞ്ഞത്. തൊഴില്‍, കുടുംബ പശ്ചാത്തലം, ജാതി തുടങ്ങിയ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം മാലമോഷണം, കഞ്ചാവ് ഉപയോഗം തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ച് മര്‍ദ്ദനം തുടങ്ങി. 19 കാരനായ വിനായകന്റെ തൊഴില്‍, ആധുനിക രീതിയിലുള്ള ഹെയര്‍സ്റ്റൈല്‍ തുടങ്ങിയവയായിരുന്നു പോലീസിനെ പ്രകോപിച്ചത്. ഭിത്തിയില്‍ ചാരിനിന്ന വിനായകന്റെ മുടി വലിച്ചു പറിച്ച ശേഷം കുനിച്ചു നിര്‍ത്തി മുട്ടുകൈ കൊണ്ട് നിരവധി തവണ മര്‍ദ്ദിച്ചെന്നാണ് ശരത് പറയുന്നത്. നെഞ്ചില്‍ ഇടിച്ച ശേഷം മുലഞെട്ടുകള്‍ രണ്ടും ഞെരടിപ്പൊട്ടിച്ചു. വേദന കൊണ്ട് കരഞ്ഞ വിനായകന്റെ ലിംഗത്തില്‍ മര്‍ദ്ദിച്ചെന്നും ശരത് പറയുന്നു. വിനായകനെ കാണുമ്പോള്‍ അവന്റെ ശരീരം ചതവു മൂലം നീരു വെച്ചിരുന്നതായി സി.പി.ഐ.എം ഏരിയ സെക്രട്ടറി സുല്‍ത്താനും പറഞ്ഞു. പോലീസ് കസ്റ്റഡിയിലെടുത്ത ശരത് തൃശൂര്‍ മെഡിക്കല്‍ കൊളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. വിനായകനെതിരെയുള്ള പോലീസ് അക്രമത്തില്‍ വി.ടി ബലറാം മുമ്പ് രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. ‘വിനായകന്റെ വീട്ടിലേക്ക് പോകുന്നു, കറുത്തവന്റെ ചോര ദാഹിക്കുന്ന പൈശാചികപ്പോലീസിനെ നിലക്കുനിര്‍ത്തുക, കാക്കിയിട്ട കൊലപാതകികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരിക എന്നായിരുന്നു വിടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്.


Related posts