സര്‍ക്കാര്‍ വാഹനം ദുരുപയോഗം ചെയ്തുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ കോഴിക്കോട് മുന്‍ കളക്ടര്‍ എന്‍ പ്രശാന്തിന് പിഴ അടയ്ക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്. കോഴിക്കോട് കളക്ടര്‍ ആയിരിക്കെ മണല്‍ സ്‌ക്വാഡിനായി വാങ്ങിയ സര്‍ക്കാര്‍ വാഹനം സ്വന്തം ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചതിന് നഷ്ടപരിഹാരമായി 25,73,385 രൂപ അടയ്ക്കാനാണ് സംസ്ഥാന ധനകാര്യ വകുപ്പ് ഉത്തരവിട്ടത്.
മലബാര്‍ ഡെവലപ്മെന്റ് ഫോറം പ്രസിഡന്റ് കെ. എം. ബഷീര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. 2017 ഫെബ്രുവരി ഒമ്പതിനാണ് ബഷീര്‍ വീഡിയോ തെളിവുകള്‍ സഹിതം ചീഫ് സെക്രട്ടറിക്കും സെക്രട്ടറിയേറ്റ് ഫൈനാന്‍സ് വകുപ്പിനും പരാതി നല്‍കിയത്.
സര്‍ക്കാര്‍ ഉത്തരവിന് വിരുദ്ധമായി അനുയോജ്യമല്ലാത്ത വാഹനങ്ങള്‍ വാങ്ങുകയും മണല്‍ സ്‌ക്വാഡിന് വേണ്ടി വാങ്ങിയ വാഹനം കോഴിക്കോട് താലൂക്ക് മണല്‍ സ്‌ക്വാഡിന് നല്‍കാതിരിക്കുകയും ചെയ്ത വകയില്‍ 11,76,688 രൂപയാണ് പ്രശാന്ത് സര്‍ക്കാരിന് നഷ്ടമുണ്ടായതെന്ന് ബഷീര്‍ പറഞ്ഞു.
കോഴിക്കോട് താലൂക്ക് തല മണല്‍ സ്‌ക്വാഡിനായി വാങ്ങിയ കെ എല്‍ 11 എ സെഡ് 8888 നമ്പര്‍ വാഹനം വകുപ്പിന് നല്‍കാതെ 2015 സെപ്റ്റംബര്‍ മുതല്‍ 2017 ഫെബ്രുവരി വരെ തന്റെ ആവശ്യങ്ങള്‍ക്ക് എന്‍ പ്രശാന്ത് ഉപയോഗിക്കുകയായിരുന്നു. 31,852 കിലോമീറ്റര്‍ ദൂരമാണ് വാഹനം ഇദ്ദേഹത്തിന്റെ സ്വകാര്യ ആവശ്യങ്ങള്‍ക്കായി ഓടിയത്.
ഇത്രയും കാലം വാഹനത്തിന്റെ ചെലവുകള്‍ക്കായി റിവര്‍ മാനേജ്മെന്റ് ഫണ്ടില്‍ നിന്നും 2,91,353 രൂപ ചെലവഴിച്ചു. വാഹനത്തിന്റെ ഡ്രൈവറുടെ ശമ്പളം, ഇന്ധന ചെലവുകള്‍, ഇന്‍ഷൂറന്‍സ് ചെലവ്, വാഹനം സര്‍വ്വീസ് ചെയ്യാനുള്ള ചാര്‍ജുകള്‍ എന്നിവയെല്ലാം റിവര്‍ മാനേജ്മെന്റ് ഫണ്ടില്‍ നിന്നാണ് ചെലവഴിച്ചത്. മണല്‍ സ്‌ക്വാഡിന് വേണ്ടി രണ്ട് മഹീന്ദ്ര ബൊലോറ വണ്ടികള്‍ വാങ്ങാനായിരുന്നു സര്‍ക്കാറിന്റെ നിര്‍ദ്ദേശം. എന്നാല്‍ ഇതിന് പകരമായി ഫോര്‍ഡ് ആസ്പയറിന്‍ന്റെ രണ്ട് കാറുകള്‍ വാങ്ങിയാണ് മുന്‍കളക്ടര്‍ ചട്ടലംഘനം നടത്തിയത്.
സര്‍ക്കാരിന്റെ ചുവന്ന ബോര്‍ഡ് അഴിച്ചുമാറ്റിയാണ് വീട്ടില്‍ ഉപയോഗിച്ചത്. വാഹനം ദുരുപയോഗം ചെയ്യുന്നുവെന്ന വിവരം പുറത്ത് അറിയുന്നത് വരെ ഒരു ദിവസം പോലും വാഹനം മണല്‍ സ്‌ക്വാഡിന് വേണ്ടി ഓടിയിട്ടില്ല എന്ന് വ്യക്തമായി. സര്‍ക്കാര്‍ അനുമതിയില്ലാതെയാണ് പ്രശാന്ത് വാഹനം ദുരുപയോഗം ചെയ്തതെന്ന് വ്യക്തമായി തെളിഞ്ഞതായി സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.