കോഴിക്കോട്: വീടിന് ഭീഷണിയായതിനെ തുടര്‍ന്ന് മുറിച്ചുമാറ്റിയ മരത്തിന് കടത്തുപാസ് അനുവദിക്കാത്തതില്‍ മനംനൊന്ത് മുതുകാട്ടിലെ കര്ഷകന് കൊമ്മറ്റത്തില്‍ ജോസഫ് ഡിഎഫ്ഒ ഓഫീസില്‍ ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ജില്ലാകളക്ടറെ രൂക്ഷമായി വിമര്‍ശിച്ച് ഡിഎഫ്ഒയുടെ ഫേസ്ബുക്ക് പോസ്റ്റ്. ‘കളക്ടര്‍ക്ക് വിദ്യാഭ്യാസമുണ്ടെങ്കിലും വിവരമില്ല’ എന്ന് സൂചിപ്പിക്കുന്നതായ ഡിഎഫ്ഒയുടെ പേരിലെ പോസ്റ്റാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്.
വനംവകുപ്പിലെ ഒരു ഉദ്യോഗസ്ഥനില്‍ നിന്നു തന്നെ ചക്കിട്ടപ്പാറ മേഖലയിലെ കര്‍ഷകര്‍ക്ക് വാട്സ് ആപ്പില്‍ ലഭിച്ചതാണ് ഡിഎഫ്ഒയുടെ പേരിലുള്ള ഫേസ്ബുക്ക് പോസ്റ്റ്. കഴിഞ്ഞ ദിവസം ജില്ലാകളക്ടര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ കര്‍ഷകര്‍ക്കു മുന്നില്‍ വച്ച് തന്നെ ജില്ലാകളക്ടര്‍ എസ്.സാംബശിവറാവു ശാസിച്ചതായി ഡിഎഫ്ഒ ജയപ്രകാശ് പ്രിന്‍സിപ്പല്‍ വനം കണ്‍സര്‍വേറ്റര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് കളക്ടറെ വിമര്‍ശിക്കുന്ന പോസ്റ്റ് പുറത്തിറിക്കിയത്.
പോസ്റ്റ് ഇങ്ങനെ : ‘ ഇന്ന് ഒരു പ്രധാനപ്പെട്ട സംഭവം നടന്നു. കോഴിക്കോട് വനം ഡിവിഷന് ഓഫീസിലെ ഫാനില്‍ സണ്ണി എന്ന കൊമ്മറ്റത്തില്‍ ജോസഫ് ആത്മഹത്യാ ഭീഷണിയുമായി തുണിമുറുക്കുവിദ്യ നടത്തി – 2015ല്‍ മുതുകാട് ഭാഗത്ത് അനധികൃത മരംമുറി നടക്കുന്നു എന്ന് പോലീസ് വിജിലന്‍സിന് പരാതി നല്കിയ അതേ ആള്. അന്ന് നടന്ന പോലീസ് വിജിലന്‍സ് പരിശോധനയില്‍ ഈ ഭാഗത്തെ മരങ്ങള്‍ മുറിക്കാന്‍ നിയമാനുസൃതമല്ലാതെ അനുമതി നല്‍കരുത് എന്ന് നിഷ്കര്‍ഷിച്ച് അന്വേഷണ റിപ്പോര്‍ട്ടും സമര്‍പ്പിച്ചിരുന്നു.
പെരുവണ്ണാമൂഴി ഡാം നിര്‍മ്മാണ സമയത്ത് കുടിയൊഴിപ്പിക്കപ്പെട്ട ആളുകള്‍ക്ക് പിള്ള പെരുവണ്ണാമലവാരത്തിലെ ഉദ്ദേശം 236 ഏക്കര്‍ സ്ഥലം പതിച്ചു കൊടുക്കാന്‍ ഉത്തരവായിരുന്നു. ഇതില്‍ ശേഷിച്ച 41 കുടുംബങ്ങള്‍ക്കും കുടി പുനരധിവാസം നടത്താന്‍ ഉദ്ദേശം 76 ഏക്കര്‍ സര്‍ക്കാര്‍ ഉത്തരവിലൂടെ അനുവദിക്കപ്പെട്ടു – എന്നാല്‍ അവസാനത്തെ അത്താഴം വിധിക്കപ്പെട്ട ഈ പാവങ്ങള്‍ ഒഴികെയുള്ളവര്‍ക്ക് വ്യക്തിഗത പട്ടയങ്ങളും അനുവദിച്ചു.
സര്‍ക്കാര്‍ ഭൂമി തന്നെ പതിച്ചു നല്കി എന്നതിനാല്‍ മരങ്ങള്‍ സംബന്ധിച്ച് ഈ പട്ടയങ്ങളില്‍ കൃത്യമായ നിഷ്കര്‍ഷയുമുണ്ട്. എന്നാല്‍ അവസാന ഉത്തരവിലെ 41 കുടുംബങ്ങള്‍ക്ക് റവന്യൂ വകുപ്പ് യാതൊരു പതിച്ചു കൊടുക്കല്‍ രേഖയും വ്യകതിഗതമായി നല്‍കിയില്ല: ആയതിനാല്‍ തന്നെ ഇതിലെ മരങ്ങള്‍ സംബന്ധിച്ചും ഇത് ബാധകമാണ്. വ്യകതിഗത രേഖകള്‍ ഇല്ലാത്ത സ്ഥലത്ത് മരം മുറിക്ക് വനം വകുപ്പിന് എങ്ങനെ അനുമതി നല്‍കാനാകും ?
ജില്ലാ കളക്ടര്‍ വിളിച്ച യോഗത്തില്‍ ഇതിനെല്ലാം ഉത്തരവാദി ഡി.എഫ്.ഒ ആണ് എന്ന് ശാസന – അവനവനില്‍ നിക്ഷിപ്തമായ കടമ ചെയ്താല്‍ യോഗം ആവശ്യമില്ല എന്ന എന്റെ നിഗമനമാണത്രേ അദ്ദേഹത്തെ ചൊടിപ്പിച്ചത്.
ഞാന്‍ ഇന്ന് രണ്ടാം യോഗത്തില്‍ പങ്കെടുക്കാതിരുന്നതാണത്രെ വിഷയമായത്. അവനവനില്‍ നിക്ഷിപ്തമായ അധികാരങ്ങള്‍ ചെയ്യാതെ മറ്റുള്ളവരെ കുറ്റം പറഞ്ഞിട്ട് എന്തു കാര്യം? വിദ്യാഭ്യാസവും വിവരവും തമ്മില്‍ ഭക്തിയും വിഭക്തിയും തമ്മിലുള്ള ബന്ധം മാത്രമാണ് ഉള്ളത
തത്രെ? കക്കയം ഹൈഡല്‍ ടൂറിസം വിശാലമാക്കുന്ന പുത്തന്‍കൂറ്റുകാരെ അഭിനന്ദിക്കാതെ തരമില്ലല്ലൊ.!’
അതേസമയം 27 ന് യോഗം മുടങ്ങിയതോടെയാണ് കര്ഷകന് ആത്മഹത്യാ ഭീഷണി മുഴക്കിയത്. ഒരാഴ്ച മുമ്പ് ഇതേവിഷയത്തില്‍ നടന്ന യോഗത്തില്‍ കളക്ടര്‍ പരസ്യമായി അപമാനിച്ചെന്നാരോപിച്ച് ഡിഎഫ്ഒ കഴിഞ്ഞ യോഗത്തില്‍ നിന്ന് വിട്ടുനിന്നതെന്നാണ് പറയുന്നത്. അതേസമയം കളക്ടര്‍ നിയമപ്രശ്നം മാത്രമാണ് യോഗത്തില്‍ വ്യക്തമാക്കിയതെന്നും പറയുന്നു. മരം മുറിയ്ക്കാന്‍ അനുമതി നല്കുന്ന വിഷയത്തില്‍ റവന്യൂ-വനം വകുപ്പുകള്‍ രണ്ടു തട്ടിലാണ്.