സാമൂഹിക പ്രവര്‍ത്തക കൂടിയായ വിദ്യ എം ആര് എന്ന സ്ത്രീ തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത ഒരു കുറിപ്പ് കഴിഞ്ഞദിവസങ്ങളില്‍ സോഷ്യല്‍മീഡിയയില്‍ ഉടനീളം വൈറലാവുകയുണ്ടായി. ഒരു കാലത്ത് കുട്ടികള്‍ക്ക് അറിവിന്റെ വെളിച്ചം പകര്‍ന്നു നല്കിയ ഒരധ്യാപിക തെരുവില്‍ അലയുന്നതിന്റെ ചിത്രങ്ങളും വാര്‍ത്തയുമായിരുന്നു അവരുടെ പോസ്റ്റില്‍ ഉണ്ടായിരുന്നത്. കുറിപ്പ് വൈറലായതോടെ ആളുകള്‍ അവരെക്കുറിച്ച് അന്വേഷണം നടത്തുകയും പിന്നീട് കണ്ടെത്തി ഓള്‍ഡ് ഏയ്ജ് ഹോമിലാക്കുകും ചെയ്തു.
തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം സുഹൃത്തിനെ നോക്കി നില്‍ക്കുമ്പോഴാണ് വിദ്യ ആ അമ്മയെ കണ്ടത്. ഭക്ഷണം വാങ്ങികൊടുത്തതിനുശേഷമുള്ള ചോദ്യങ്ങള്‍ക്കിടയിലാണ് അമ്മയുടെ പേര് വത്സ എന്നാണെന്നും മലപ്പുറത്തുള്ള ഒരു സ്കൂളില്‍ അധ്യാപിക ആയിരുന്നുവെന്നും പിന്നീട് മകന്റെ കൂടെ താമസമായിരുന്നുവെന്നും ഒക്കെ അറിഞ്ഞത്. ടീച്ചറെ എന്ന വിളിയില്‍ ആ അമ്മയുടെ മുഖം അഭിമാനം കൊണ്ട് വിറച്ചിരുന്നതായും വിദ്യ പറഞ്ഞിരുന്നു. വിദ്യ വത്സ ടീച്ചറുടെ കാര്യം പോലീസില്‍ അറിയിച്ചു. ബാക്കിയൊക്കെ പെട്ടെന്നായിരുന്നു.
ഇതേസമയം മറ്റൊരിടത്ത്, രാവിലെ ഓഫീസിലേക്കുള്ള വഴിയില്‍ വെച്ചാണ് തിരുവനന്തപുരം സബ് കളക്ടര്‍ ദിവ്യ അയ്യര്‍ ഈ വാട്സാപ്പ് മെസേജ് കാണുന്നത്. അതേ ദിവസം വൈകുന്നേരമായപ്പോഴേക്കും തിരുവനന്തപുരത്ത് തന്നെയുള്ള കല്ലടിമുഖത്തുള്ള കോര്പറേഷന് വക വൃദ്ധ സദനത്തില്‍ വത്സ ടീച്ചര്‍ സബ് കളക്ടറുടെ കൂടി സഹായത്താല്‍ എത്തിച്ചേര്‍ന്നു. അതേക്കുറിച്ച് സബ് കളക്ടര്‍ ദിവ്യ അയ്യര്‍ പറയുന്നതിങ്ങനെ…തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഉണ്ടെന്ന അറിവ് ലഭിച്ചിരുന്നു. ഈ അമ്മയെ നേരത്തെ എനിക്ക് പരിചയമുണ്ട്. ഒരിക്കല്‍ ഇവിടെ കുറച്ചു കോളേജ് വിദ്യാര്‍ത്ഥികളുടെയൊക്കെ ഒപ്പം പോയി കണ്ടിരുന്നു. പക്ഷെ അന്ന് ‘അമ്മ ഞങ്ങളുടെ ഒപ്പം വരാന്‍ തയ്യാറായില്ല. തിരികെ വീട്ടിലേയ്ക്ക് പോവുകയാണ് എന്നാണു അന്ന് പറഞ്ഞിരുന്നത്. ഇപ്പോള്‍ മാധ്യമത്തില്‍ എല്ലാം അത് വാര്‍ത്തയായപ്പോള്‍ പിന്നെയും പോലീസിനെ വിട്ടു അന്വേഷിപ്പിക്കുകയായിരുന്നു. അവര്‍ ഇപ്പോഴും റെയില്‍വേ സ്റ്റേഷനില്‍ തന്നെ ആയിരുന്നു എന്ന് രാവിലെ വാര്‍ത്ത കണ്ടപ്പോഴാണ് അറിഞ്ഞത്.
പിന്നീട് പോലീസുകാര്‍ വനിതാ ഹെല്‍പ്പ് ലൈനിന്റെ സഹായത്തോടെ അമ്മയെ കൊണ്ടു വരുകയാണുണ്ടായത്. സ്റ്റേഷനിലേക്കാണ് ആദ്യം കൊണ്ടു വന്നത്. അവിടെ വച്ചാണ് ഞാന്‍ ചെന്നു കാണുന്നത്. ഞങ്ങള്‍ കുറേ നേരം സംസാരിച്ചു, ആദ്യമൊന്നും അടുക്കാന്‍ ആള് തയ്യാറായിരുന്നതേയില്ല. ഒടുവില്‍ മറ്റൊരിടത്ത് താമസിക്കാം എന്ന തീരുമാനത്തില്‍ എത്തി. അങ്ങനെയാണ് അമ്പലത്തറയില്‍ ‘സായാഹ്നം’ എന്ന വൃദ്ധ സദനത്തില്‍ കൊണ്ടു പോകാന്‍ തീരുമാനിക്കുന്നത്.
അവിടെ ചെന്നപ്പോള്‍ അമ്മയുടെ മുഖം നന്നായി തെളിഞ്ഞു. ഇഷ്ടമായോ എന്ന് ചോദിച്ചപ്പോള്‍, ഇവിടെ നിറയെ കൂട്ടുണ്ടല്ലോ, വേറെയും ആളുകളൊക്കെ ഉണ്ടല്ലോ എന്ന് പറഞ്ഞു. പിന്നെ ആള് നല്ല ഉഷാറായി. ഇറങ്ങിയപ്പോള്‍ ഇനി എന്നും എന്നെ വന്നു കാണുമോ എന്നൊക്കെ ചോദിച്ചു. ഞാന്‍ ഇടയ്ക്ക് വരാം, കാര്യങ്ങളൊക്കെ അന്വേഷിച്ചോളാം എന്ന ഉറപ്പും കൊടുത്തു. ഇപ്പോള്‍ പതിമൂന്നു പേരുണ്ട് സായാഹ്നത്തില്‍. നല്ല സ്ഥലമാണ്. ഒരു വൃദ്ധ സദനമാണ്, അനാഥാലയമാണ് എന്നൊന്നും തോന്നില്ല.
വത്സ ടീച്ചര്‍ക്ക് ഒരു മകനുണ്ടെന്നു അവരോടൊപ്പം പഠിപ്പിച്ച സഹപ്രവര്‍ത്തകര്‍ പറയുന്നു. പക്ഷേ ടീച്ചര്‍ക്ക് മാനസികമായ യാതൊരു വിധ പ്രശ്നങ്ങളും ഇപ്പോഴും ഇല്ലെന്ന് ദിവ്യ അയ്യര്‍ ഉറപ്പ് നല്കുന്നു. വീട് വിട്ടിറങ്ങാന്‍ എന്താണ് കാരണമെന്നു ഇപ്പോഴും വ്യക്തമായി അറിയില്ല. മകനെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്. അതേസമയം, മകനെതിരെ അമ്മ ഒന്നും പറഞ്ഞിട്ടുമില്ല. കളക്ടര്‍ ദിവ്യ എസ് അയ്യര്‍ പറഞ്ഞു.