എംജെ ശ്രീജിത്ത്
തിരുവനന്തപുരം: വർക്കലയിലെ സർക്കാർ ഭൂമി സ്വകാര്യ വ്യക്തിയ്ക്ക് പതിച്ചു നൽകിയ സംഭവത്തിൽ സബ് കളക്ടർ ദിവ്യ എസ് അയ്യരെ സംരക്ഷിച്ചു കൊണ്ട് ലാൻഡ് റവന്യൂ കമ്മീഷണർ കെ മോഹൻദാസിന്റെ കുറിപ്പ്. സബ്കളക്ടറുടെ നടപടി തെറ്റാണോ ശരിയാണോ എന്ന് വ്യക്തമായി പറയാതെയാണ് ലാൻഡ് റവന്യൂ കമ്മീഷണർ റിപ്പോർട്ടിനു പകരം കുറിപ്പ് നൽകിയിരിക്കുന്നത്. തുടർ നടപടിയെക്കുറിച്ച് പറയാതെ കളക്ടർ ഇതു സംബന്ധിച്ച് വീണ്ടും ഹിയറിംഗ് നടത്തണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
സബ് കളക്ടർ ഭൂമി പതിച്ചു നൽകിയ ഉത്തരവ് റവന്യൂ വകുപ്പ് റദ്ദാക്കിയിരുന്നു.ഇതേക്കുറിച്ച് വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാനുമാണ് റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരൻ ഉത്തരവിട്ടത്. എന്നാൽ വിശദമായ റിപ്പോർട്ടിന് പകരം അന്വേഷണത്തിൽ സബ് കളക്ടറുടെ ഭാഗത്ത് നിന്ന് വിഴ്ച ഉണ്ടായോ തുടർ നടപടി എന്ത് സ്വീകരിക്കണമെന്ന് പറയാതെയുള്ള ഒരു കുറിപ്പാണ് ഇന്നലെ വൈകുന്നേരം റവന്യൂ വകുപ്പ് മന്ത്രിയുടെ ഓഫീസിന് കൈമാറിയത്.
അപൂർണമായ റിപ്പോർട്ട് നൽകിയതിൽ കടുത്ത അതൃപ്തിയിലാണ് റവന്യൂ മന്ത്രി. കുറിപ്പ് പരിശോധിച്ച മന്ത്രി വിശദമായ റിപ്പോർട്ട് ഉടൻ സമർപ്പിക്കണമെന്ന് ലാൻഡ് റവന്യൂ കമ്മീഷണറോട് ആവശ്യപ്പെടാൻ റവന്യൂ സെക്രട്ടറിയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
വർക്കല ഭൂമി ഇടപാടിൽ സബ്കളക്ടറുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയുണ്ടായെന്ന നിലപാടിൽ സിപിഎം ജില്ലാ നേതൃത്വവും വർക്കല എം.എൽ.എ വി ജോയിയും ഉറച്ചു നിൽക്കുകയാണ്.
ഇക്കാര്യത്തിൽ കളക്ടർ വാസുകിയും കൃത്യമായ നിലപാട് സ്വീകരിക്കാതെ ഒഴിഞ്ഞുമാറുന്നുവെന്ന പരാതി നേരത്തെ തന്നെ ഉയർന്നതാണ്. ലാൻഡ് റവന്യൂ കമ്മ്യൂഷണറുടെ റിപ്പോർട്ടും അപൂർണമായതോടെ ശക്തമായ നടപടിയുമായി മുന്നോട്ടു പോകാനാണ് റവന്യൂ വകുപ്പിന്റെ തീരുമാനം. വർക്കല ഭൂമി പതിച്ചു നൽകുന്നതിനെക്കുറിച്ചുള്ള അന്വേഷണം അട്ടിമറിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയും ഇതിനു പിന്നിലെ ഉദ്യോഗസ്ഥല ഗൂഢാലോചനെക്കുറിച്ച് വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ സമീപിക്കാനൊരുങ്ങുകയാണ് സി.പി.എം ജില്ലാ നേതൃത്വം.