പണി നിര്‍ത്തി വച്ചാല്‍ അറസ്റ്റ് ഉണ്ടാവുമെന്നറിയിച്ച്, പാതിരാത്രിയും അറ്റകുറ്റപ്പണി നിരീക്ഷിക്കാന്‍ കളക്ടറെത്തിയപ്പോള്‍ ടാറിംഗ് ജോലികള്‍ ധ്രുതഗതിയില്‍! ഇത്തവണ താരം എറണാകുളം കളക്ടര്‍

പഴയ കാലം പോലെയല്ല, കളക്ടര്‍മാരെല്ലാം നല്ല ചുണക്കുട്ടന്മാരും മിടുമിടുക്കരുമാണ് എന്ന് പ്രായഭേദമന്യേ എല്ലാവരും പറഞ്ഞു തുടങ്ങി. അതിന് തെളിവാകുന്ന മറ്റൊരു സംഭവമാണ് ഇപ്പോള്‍ പുറത്തു വരുന്നത്. എറണാകുളം കളക്ടറാണ് ഇത്തവണ താരമായിരിക്കുന്നത്.

ജില്ലാ മജിസ്‌ട്രേട്ടിന്റെ അധികാരം ഉപയോഗിച്ച് അറസ്റ്റിനും സസ്‌പെന്‍ഷനും കളക്ടര്‍ നടപടി തുടങ്ങിയതിലൂടെ വേഗത്തിലായിരിക്കുകയാണ് പാലാരിവട്ടം കാക്കനാട് സിവില്‍ ലൈന്‍ റോഡ്. അറ്റകുറ്റപ്പണിയുടെ ആദ്യഘട്ടം ഞായറാഴ്ചയോടെ തീര്‍ക്കാനാകുമെന്നു പൊതുമരാമത്ത് ഉദ്യോഗസ്ഥരും അറിയിച്ചിരിക്കുന്നു. വന്‍ കുഴികള്‍ അടയ്ക്കലാണ് ആദ്യഘട്ടത്തില്‍ പൂര്‍ത്തിയാക്കുന്നത്. അടച്ച കുഴികളുടെ മുകളിലുള്ള ടാറിങ് അതിനുശേഷം തുടങ്ങും. നാലോ അഞ്ചോ ദിവസംകൊണ്ടു ഇതും പൂര്‍ത്തിയാക്കുകയാണു ലക്ഷ്യം.

കളക്ടര്‍ മുഹമ്മദ് സഫിറുല്ല വ്യാഴാഴ്ച രാത്രിയും റോഡ് അറ്റകുറ്റപ്പണി പരിശോധിക്കാനെത്തി. ബുധനാഴ്ച അറ്റകുറ്റപ്പണി നിര്‍ത്തിവച്ചതിനെ തുടര്‍ന്ന് അന്നു രാത്രി കരാറുകാരനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കാന്‍ കളക്ടര്‍ നടപടി തുടങ്ങിയിരുന്നു. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ക്കെതിരെയും നടപടി വരുമെന്നായപ്പോള്‍ ബുധനാഴ്ച അര്‍ധരാത്രിയോടെ അറ്റകുറ്റപ്പണി പുനരാരംഭിക്കുകയായിരുന്നു.

കളക്ടറേറ്റിലെ ദുരന്ത നിവാരണ വിഭാഗം ഉദ്യോഗസ്ഥരോടു രാത്രിയും പകലും റോഡ് പണി നിരീക്ഷിക്കാന്‍ കളക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്. റോഡുകളുടെ അറ്റകുറ്റപ്പണിയിലെ അപാകത മൂലം അപകടങ്ങള്‍ ഉണ്ടായാല്‍ ബന്ധപ്പെട്ട എന്‍ജിനീയര്‍മാരെയും കരാറുകാരെയും ദുരന്ത നിവാരണ നിയമപ്രകാരം ഉത്തരവാദികളാക്കുംവിധം കളക്ടര്‍ നേരത്തെ ഉത്തരവിട്ടിരുന്നു.

നിര്‍മാണ ശേഷം ഗുണനിലവാരമില്ലെന്നു കണ്ടെത്തിയാല്‍ ബില്ല് മാറി നല്‍കരുതെന്ന് എന്‍ജിനീയര്‍മാരുടെ യോഗം വിളിച്ചുകൂട്ടി കളക്ടര്‍ നിര്‍ദേശിച്ചിട്ടുമുണ്ട്. പോരേ..മന്ത്രിമാരും ജനപ്രതിനിധികളും ഉറക്കം നടിച്ചാലും ഊര്‍ജസ്വലനായ ഒരു ഉദ്യോഗസ്ഥന്‍ ഉണ്ടായാല്‍ മതി നാട് നന്നാവാന്‍.

Related posts