അയ്യന്തോൾ: പരാതിയുമായെത്തി കോണികയറാനാവാതെ നിന്ന ഭിന്നശേഷിക്കാരായ ദന്പതികളെ താഴെയെത്തി വിവരംതിരക്കി കളക്ടർ.
എങ്കക്കാട് മങ്കര പാട്ടശേരി മുസ്തഫയുടെ മകൻ അർഷാദ് അയൂബും ഭാര്യ സജനയുമാണു നാലും ഒന്നും വയുള്ള മക്കൾക്കൊപ്പം കളക്ടറേറ്റിലെത്തിയത്.
അടുത്ത ബന്ധുവും കുടുംബവും ചേർന്ന് നാലര സെന്റ് ഭൂമി പേരിലെഴുതി തരാമെന്നു വിശ്വസിപ്പിച്ച് പതിനൊന്നേകാൽ പവൻ സ്വർണം കൈപ്പറ്റി ചതിച്ചെന്നാണു പരാതി.
മണിക്കൂറുകളോളം കാത്തുനിന്ന ദന്പതികളെ അവസാനം കളക്ടർ ഹരിത എസ്. കുമാർ കോണിയിറങ്ങിയെത്തി സന്ദർശിച്ചു. പരാതി കൈപ്പറ്റിയശേഷം അന്വേഷിച്ച് വേണ്ടതുപോലെ ചെയ്യാമെന്ന കളക്ടറുടെ ഉറപ്പിൽ കുടുംബം മടങ്ങി.
നാലു വർഷം മുന്പാണ് ഇവർ ചതിക്കപ്പെട്ടത്. അന്നു മുതൽ പരാതിയുമായി ഓഫീസുകൾ കയറിയിറങ്ങുകയാണ്.ബന്ധുവായ ഒരാളിൽ നിന്ന് മൂന്നു ലക്ഷം രൂപയ്ക്ക് വാക്കാൽ ഉറപ്പിച്ച സ്ഥലത്തിനു പകരം സ്വർണം നൽകുകയായിരുന്നു.
സ്വർണം വിറ്റ വകയിൽ 2,25,000 രൂപ മാത്രമാണു ലഭിച്ചതെന്നു ബന്ധു ഇവരെ വിശ്വസിപ്പിക്കുകയായിരുന്നു. ബാക്കി തുക നൽകാൻ തയാറാണെന്ന് അറിയിച്ചപ്പോൾ ഭൂമിക്കു കൂടുതൽ വില നൽകണമെന്നായി.
തുടർന്ന് സ്ഥലം വാങ്ങുന്നതിൽ നിന്ന് പിന്മാറിയെങ്കിലും ആഭരണങ്ങൾ തിരികെ നൽകാൻ ബന്ധു തയാറായിട്ടില്ല.സ്വർണം തിരികെ ഏൽപ്പിക്കാൻ നിർദേശിച്ച് വടക്കാഞ്ചേരി പൊലീസ് ബന്ധുവിനു നൽകിയ സമയപരിധി ഒരു വർഷം പിന്നിട്ടു.
നടപടി ആവശ്യപ്പെട്ടിട്ട് കമ്മീഷണർ ഓഫീസിൽ പരാതി നൽകിയിട്ടും ഫലമുണ്ടായില്ലെന്ന് ഈ കുടുംബം പറയുന്നു.പ്ലസ്ടു വരെ പഠിച്ചിട്ടുള്ള അർഷാദ് ലോട്ടറി കച്ചവടക്കാരനായിരുന്നു.
കാളത്തോടുള്ള തണൽ അഗതി മന്ദരത്തിലെ അന്തോവാസിയും 60 ശതമാനം ശാരീരിക വൈകല്യവുമുള്ള സജനയെ വിവാഹം കഴിച്ച പ്പോൾ നാട്ടുകാർ സ്വരൂപിച്ചു നൽകിയതാണ് ഈ സ്വർണം.