ഇരിങ്ങാലക്കുട: ജില്ലാ കളക്ടറുടെ ശക്തമായ ഇടപെടലോടെ ഇരിങ്ങാലക്കുട നഗരസഭ പീച്ചംപിള്ളിക്കോളനിയിലുള്ള കുടിവെള്ള പദ്ധതിയുടെ സാങ്കേതിക തകരാറുകൾക്ക് പരിഹാരമായി. സാങ്കേതിക തടസം ചൂണ്ടിക്കാട്ടി നഗരസഭാധികൃതർ നീട്ടിക്കൊണ്ടുപോയ വിഷയത്തിന് കളക്ടർ ടി.വി. അനുപമ സന്ദർശിച്ച് 24 മണിക്കൂറിനുള്ളിലാണ് പരിഹാരമായത്. 2007 ൽ ജില്ലാ പഞ്ചായത്തിന്റെ ധനസഹായത്തോടെ കമ്മീഷൻ ചെയ്ത ഇ.കെ. നായനാർ സ്വാശ്രയ കുടിവെള്ള പദ്ധതി വഴിയാണ് കോളനിയിലെ 23 വീട്ടുകാർക്ക് കിണറിൽ നിന്നും വെള്ളമെത്തിച്ചിരുന്നത്.
പദ്ധതിയുടെ ഭാഗമായുള്ള മോട്ടോർ തകരാറിലായതിനെ തുടർന്ന് കോളനിവാസികൾ കുറച്ചുനാളുകളായി അടുത്തുള്ള പൊതുടാപ്പിനെ ആശ്രയിച്ചാണ് മുന്നോട്ടുപോയിരുന്നത്. പ്രളയത്തെ തുടർന്ന് മാപ്രാണം സെന്റ് സേവിയേഴ്സ് സ്കൂളിലെ ക്യാന്പിൽ കഴിഞ്ഞിരുന്ന കോളനിവാസികൾ കുടിവെള്ള പദ്ധതി പ്രാവർത്തികമാക്കാതെ ക്യാന്പിൽ നിന്നും മടങ്ങില്ലെന്ന് നിലപാടെടുത്തതോടെ റവന്യു അധികൃതർ വിഷയം കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു.
ജില്ലാ കളക്ടർ ടി.വി. അനുപമ മണിക്കൂറുകൾക്കകം സ്ഥലത്തെത്തി. നഗരസഭ എൻജിനീയറിംഗ് വിഭാഗത്തിന് അടിയന്തിരമായി മോട്ടോറിന്റെ സാങ്കേതിക തടസങ്ങൾ പരിഹരിക്കാൻ കർശന നിർദേശം നൽകുകയുമായിരുന്നു. കളക്ടറുടെ നിർദേശപ്രകാരം മാളയിൽ ക്യാന്പ് ചെയ്തിരുന്ന കാസർഗോഡ് ഐടിഐയിൽ നിന്നുള്ള 20 ഇലക്ട്രീഷ്യൻമാർ അടങ്ങിയ സംഘം കോളനിയിൽ രാവിലെയെത്തി വീടുകളിലെ റിപ്പയറിംഗും അനുബന്ധപ്രവർത്തനങ്ങളും നടത്തി.
മോട്ടോർ പന്പ് ശരിയാക്കുന്നതുവരെ കുടിവെള്ളം ടാങ്കറിൽ കോളനിയിലെത്തിച്ചു. നഗരസഭ എൻജിനീയറിംഗ് വിഭാഗത്തിന്റെ നേതൃത്വത്തിൽ മോട്ടോറും പന്പ്സെറ്റും മാറ്റി പദ്ധതിയും പ്രാവർത്തികമാക്കി കഴിഞ്ഞു. പ്രളയം പീച്ചംപിള്ളിക്കോളനിയിൽ കനത്ത നാശമാണ് വിതച്ചത്.
നാല് വീടുകൾ പൂർണമായും തകരുകയും 15 വീടുകൾക്ക് ഭാഗികമായി തകർച്ചയും സംഭവിച്ചിട്ടുണ്ട്. തൃശൂർ ആർഡിഒ ഡോ.എം.സി. റെജിൽ, തഹസിൽദാർ ഐ.ജി. മധുസൂദനൻ, കൗണ്സിലർമാരായ അൽഫോൻസ തോമസ്, സിന്ധു ബൈജൻ, സി.സി. ഷിബിൻ, സിജി അജയകുമാർ എന്നിവരും സ്ഥലത്തുണ്ടായിരുന്നു.