പത്തനംതിട്ട: ബാര്‍ബിയും സ്പൈഡര്‍മാനും ഛോട്ടാഭീമുമൊക്കെ കുഞ്ഞിക്കൈകളിലേക്ക് കിട്ടിയപ്പോള്‍ അഞ്ച് വയസുകാരി അമ്മുവിന്റെ കണ്ണുകളില്‍ കൗതുകത്തിന്റെ തിളക്കം. ജില്ലാ കളക്ടര്‍ പി.ബി നൂഹിന്റെ നേതൃത്വത്തിലാണ് പ്രളയബാധിതമായ അങ്കണവാടികളെ കുട്ടികള്‍ക്ക് കളിപ്പാട്ടങ്ങള്‍ വിതരണം ചെയ്തത്.
കുട്ടികളുടെ കൂട്ടത്തിലൊരാളായി കളക്ടറും കൂടിയപ്പോള്‍ അത് കണ്ടു നിന്നവരും ആഹ്ലാദത്തിലായി. പ്രളയശേഷം അങ്കണവാടികള്‍ സ്കൂളുകള്‍ എന്നിവിടങ്ങളിലേക്ക് തിരികെയെത്തിയ കുട്ടികള്‍ക്ക് പ്രളയഭീതി മാറിയിട്ടില്ല. പ്രളയം കുട്ടികള്‍ക്ക് മാനസികമായും ശാരീരികമായും ഏറെ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കിയിട്ടുണ്ടെന്ന് മനസിലാക്കിയാണ് ഇത്തരമൊരു പദ്ധതിയുമായി ആവിഷ്കരിച്ചതെന്നും കുഞ്ഞുമനസുകളില്‍ പ്രളയമുണ്ടാക്കിയ ആഘാതം കുറയ്ക്കാനാണ് കളിയും ചിരിയുമായി അവര്‍ക്കൊപ്പം കൂടുന്നതെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.
ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് കുട്ടികള്‍ക്ക് വിതരണം ചെയ്ത കളിപ്പാട്ടങ്ങള്‍ സ്പോണ്സര് ചെയ്തത്. ജില്ലയിലെ 162 ഓളം അങ്കണവാടികളിലായി 2500 ഓളം കുട്ടികളാണ് പഠിക്കുന്നത്. മൂന്ന് അങ്കണവാടികളിലെ കുട്ടികള്‍ക്കാണ് ജില്ലാ കളക്ടര്‍ കളിപ്പാട്ടങ്ങള്‍ നേരിട്ട് വിതരണം ചെയ്തത്.
പദ്ധതിയുടെ ഭാഗമായി എല്‍പി, യുപി സ്കൂളുകളിലെ കുട്ടികള്‍ക്ക് മാനസികോല്ലാസം നല്കുന്ന പദ്ധതികളും ആസൂത്രണം ചെയ്യുന്നുണ്ട്. ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ എല്‍.ഷീബ വിവിധ തദ്ദേശ ഭരണ ഭാരനാഹികള് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍,അംഗനവാടി ജീവനക്കാര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.