ചെങ്ങാലൂർ: മങ്ങാട്ടുപാടത്ത് നെൽ വയലിൽ അനധികൃതമായി നിർമിച്ച റോഡ് പൊളിച്ച് നീക്കി വയൽ പൂർവ സ്ഥിതിയിലാക്കാൻ ജില്ലാ കളക്ടർ എ. കൗശികൻ ഉത്തരവിട്ടു. മങ്ങാട്ടുപാടത്ത് നെൽ കൃഷി ചെയ്യുന്ന ഭൂമിയിൽ മൂന്ന് മീറ്റർ വിതിയിലും 100 മീറ്റർ നീളത്തിലുമാണ് സ്വകാര്യവ്യക്തികൾ അനധികൃതമായി റോഡ് നിർമിച്ചിരിക്കുന്നത്. പുതുക്കാട് വരന്തരപ്പിള്ളി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന തരത്തിലായിരുന്നു റോഡ് നിർമാണം.പാടത്ത് അനധികൃതമായി രണ്ടു ഭാഗങ്ങൾ കരിങ്കൽ ഭിത്തി കെട്ടി അതിൽ മണ്ണിട്ട് നികത്തിയാണ് റോഡ് നിർമിച്ചിരിക്കുന്നത്.
സ്ഥലമുടമകൾ അനധികൃതമായി നിക്ഷേപിച്ച മണ്ണും മറ്റു നിർമിതികളും നീക്കം ചെയ്ത് 30 ദിവസത്തിനകം വയൽ പൂർവ സ്ഥിയിലാക്കണമെന്നാണ് കളക്ടറുടെ ഉത്തരവ്. സ്ഥലമുടമ ഇക്കാര്യത്തിൽ വാഴ്ച വരുത്തിയാൽ മുകുന്ദപുരം അഡീഷ്ണൽ തഹസീൽധാർ മുഖേന ഭൂമി പൂർവസ്ഥിതിയിലാക്കണമെന്നും,ഇതിനായി വരുന്ന ചെലവ് വസ്തു ഉടമകളിൽ നിന്ന് റവന്യു റികവറിയിലൂടെ ഈടാക്കണമെന്നും ഉത്തരവിൽ പറയുന്നു.
റോഡ് നിർമാണം നടക്കുന്ന സമയത്ത് കർഷകരും ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തകരം റോഡ് വയൽ നികത്തുന്നതിനെതിരെ പ്രതിഷേധിച്ചിരുന്നു. നെൽകൃഷി ചെയ്യുന്ന പാടത്തിന് കുറുകെ റോഡ് നിർമിച്ചത് റിയൽ എസ്റ്റേറ്റ് മാഫിയകളെ സഹായിക്കാനാണെന്ന ആരോപണവും ഉയർന്നിരുന്നു.ഇതിനിടെ ചെങ്ങാലൂർ വില്ലേജ് ഓഫീസർ നൽകിയ സ്റ്റോപ്പ് മെമോ ലംഘിച്ചും സ്വകാര്യ വ്യക്തികൾ റോഡ് നിർമാണം തുടരുകയായിരുന്നു.പിന്നീട് സ്വകാര്യവ്യക്തി ഈ റോഡ് സർക്കാരിന് വിട്ടുനൽകാൻ ശ്രമം ആരംഭിച്ചു.
ഇതിന്റെ ഭാഗമായി വില്ലേജ് ഓഫീസർ ഇടപെട്ട് നികത്തിയ നിലത്തിന് നിയമ പ്രാബല്യം ലഭിക്കുന്നതിനായുള്ള നടപടികൾ നടത്തിയിരുന്നു. പുതുക്കാട് പഞ്ചായത്ത് ഭൂമിയുടെ ഉടമസ്ഥാവകാശം ഏറ്റെടുക്കുകയും ഭൂമി പോക്കുവരവ് നടത്തി കിട്ടാൻ വേണ്ടി പഞ്ചായത്ത് ആർഡിഒക്ക് അപേക്ഷ നൽകുകയും ചെയ്തിരുന്നു.
എന്നാൽ ഈ അപേക്ഷ ആർഡിഒ നിരസിക്കുകയും അനധികൃത പ്രവർത്തികൾ നടത്തിയവർക്കെതിരെ നടപടി സ്വീകരിക്കുന്നതിന് കളക്ടർക്ക് ശുപാർശ ചെയ്യുകയും ചെയ്യുകയായിരുന്നു. പിന്നീട് വയലിലെ അനധികൃത റോഡ് നെൽകൃഷിയെ ബാധിക്കുമെന്നും വയലിലെ സ്വാഭാവിക നീരൊഴുക്കിനെ തടയുമെന്നും കൃഷി,വില്ലേജ് ഓഫീസർമാർ കണ്ടെത്തി റിപ്പോർട്ട് ചെയ്തിരുന്നു.
ഇതിനിടെ മണ്ണ് നീക്കം ചെയ്ത് വയൽ പൂർവ്വസ്ഥിതിയിലാക്കുന്നതിന് വേണ്ടി പരിസ്ഥിതി പ്രവർത്തകനായ ടി.എൻ.മുകുന്ദൻ കളക്ടർക്ക് പരാതി നൽകി.വയലിൽ മണ്ണ് നിക്ഷേപിച്ചുള്ള അനധികൃത റോഡ് നിർമാണം 2008ലെ കേരള നെൽ വയൽ-തണ്ണീർതട സംരക്ഷണ നിയമത്തിന്റെ ലംഘനമാണെന്നുമുള്ള പരാതിയിലാണ് കളക്ടർ നടപടി സ്വീകരിച്ചത്.