കോഴിക്കോട്: സർക്കാർ വാഹനം ദുരുപയോഗം ചെയ്തുവെന്ന പരാതിയുടെ അടിസ്ഥാനത്തിൽ കോഴിക്കോട് മുൻ കളക്ടർ എൻ.പ്രശാന്ത് കാൽ കോടി രൂപ പിഴ അടയ്ക്കാൻ സർക്കാർ ഉത്തരവിട്ടു. 25,73,385 രൂപ പിഴ അടയ്ക്കണമെന്നാണ് സംസ്ഥാന ധനകാര്യവകുപ്പ് ഉത്തരവിട്ടത്.
കളക്ടർ സ്വന്തം വീട്ടിലെ ആവശ്യങ്ങൾക്കുപയോഗിച്ച വാഹനം വാങ്ങിയ, 2015 സെപ്റ്റംബർ എട്ടു മുതൽ ഈ വർഷം സെപ്റ്റംബർ എട്ടുവരെയുള്ള കാലയളവിലെ പലിശയടക്കമാണ് നഷ്ടപരിഹാരമായി 25,73,385 രൂപ പിഴ ഈടാക്കാൻ ഉത്തരവിട്ടത്. ചീഫ് സെക്രട്ടറിയുടെ അന്തിമ അനുമതിയോടെ ധനകാര്യ വകുപ്പിന്റെ അഡീഷണൽ സെക്രട്ടറി അനിൽകുമാറാണ് പ്രശാന്തിനെതിരായ ഫയലിൽ ഉത്തരവ് പുറപ്പെടുവിച്ചത്.
മണൽ സ്ക്വാഡിന് വാങ്ങിയ വാഹനം തഹസിൽദാർക്ക് അനുവദിച്ച് നൽകാതെ കളക്ടർ സ്വന്തം ബംഗ്ലാവിൽ ഉപയോഗിക്കുകയായിരുന്നു. 31,852 കിലോമീറ്റർ വാഹനം സ്വകാര്യ ആവശ്യങ്ങൾക്കായി ഉപയോഗിച്ചു. സർക്കാറിന്റെ ചുവന്ന ബോർഡ് അഴിച്ചു മാറ്റിയാണ് വാഹനം വീട്ടിൽ ഉപയോഗിച്ചതെന്നും അന്വേഷണത്തിൽ കണ്ടെത്തി.