പത്തനംതിട്ട: സർക്കാർഭൂമി ഏറ്റെടുക്കാനുള്ള നടപടികളിൽനിന്നു റവന്യൂ സ്പെഷൽ ഓഫീസർ എം.ജി. രാജമാണിക്യത്തെ നീക്കി. കഴിഞ്ഞ ദിവസം സർക്കാർ ഇതു സംബന്ധിച്ച് ഉത്തരവിറക്കി.
രാജമാണിക്യം വഹിച്ചിരുന്ന സ്പെഷൽ ഓഫീസർ, ഭൂമി ഏറ്റെടുക്കൽ ചുമതലകൾ ലാൻഡ് ബോർഡ് സെക്രട്ടറി എ. കൗശികനു കൈമാറി. ഹാരിസണ്‍സ് കേസിൽ ഹൈക്കോടതി നിർദേശപ്രകാരം 2013 ഏപ്രിൽ 24-നാണു രാജമാണിക്യത്തെ സ്പെഷൽ ഓഫീസറായി അന്നത്തെ യുഡിഎഫ് സർക്കാർ നിയമിച്ചത്.
2015-ൽ തോട്ടം മേഖലയിലെ മുഴുവൻ അനധികൃതഭൂമിയും ഏറ്റെടുക്കാനുള്ള ചുമതല അദ്ദേഹത്തിനു നൽകി. ഇതുസംബന്ധിച്ചു രാജമാണിക്യം സമർപ്പിച്ച റിപ്പോർട്ടിൽ ഇതുവരെ നടപടിയുണ്ടായിട്ടില്ല.
ഹാരിസണ്‍സ് ഉൾപ്പെടെ തോട്ടം മേഖലയിൽ കന്പനികൾ കൈയടക്കിയ ആറുലക്ഷം ഏക്കർ സർക്കാർഭൂമി ഏറ്റെടുക്കാനുള്ള നടപടികൾ പുരോഗമിക്കവെയാണു രാജമാണിക്യത്തെ നീക്കിക്കൊണ്ടു പൊതുഭരണവകുപ്പ് ഉത്തരവിറക്കിയത്.