അന്പലപ്പുഴ: മഴ ശക്തമായതോടെ കാക്കാഴം, നീർക്കുന്നം ഭാഗങ്ങളിലുണ്ടായ കടലാക്രമണത്തിൽ ഭീഷണി നേരിടുന്ന വീടുകൾക്കുള്ള സംരക്ഷണ ഭിത്തിയുടെ നിർമാണം രണ്ട് ദിവസത്തിനുള്ളിൽ ആരംഭിക്കുമെന്ന് ജില്ലാ കളക്ടർ എസ്..സുഹാസ് ഉറപ്പ് നൽകി.
പ്രദേശത്ത് കടലാക്രമണത്തിൽ സാരമായ കേടുപാടുകൾ സംഭവിച്ചതുൾപ്പടെ അനവധി വീടുകൾക്ക് ഭീഷണി നേരിടുന്ന അവസരത്തിൽ തീരദേശവാസികൾ നടത്തിയ ദേശീയപാത ഉപരോധത്തിൽ രാത്രി വൈകി എത്തി ചർച്ച നടത്തിയ ശേഷമാണ് വീടുകൾക്കുള്ള സുരക്ഷാ ഭിത്തിയുടെ നിർമാണം സംബന്ധിച്ച് കളക്ടർ ഉറപ്പ് നൽകിയത്.
കടൽക്ഷോഭ പ്രദേശത്ത് നിന്ന് ആളുകൾക്ക് മാറി താമസിക്കാമെന്നും മാറി താമസിക്കാൻ തയ്യാറാകുന്നവർക്ക് 10 ലക്ഷം രൂപ നൽകുമെന്നും കളക്ടർ പറഞ്ഞു.ഇന്നലെ പകൽ രണ്ടു മണിയോടെയാണ് കടൽ പ്രക്ഷുബ്ദമായത്. കടൽ ഭിത്തിയോട് ചേർന്നുള്ള വീടുകളിൽ കൂറ്റൻ തിരമാലകൾ പതിക്കുകയായിരുന്നു. റോഡ് ഉപരോധം അവസാനിച്ച ശേഷം കടലാക്രമണ ബാധിത പ്രദേശങ്ങളും കളക്ടർ സന്ദർശിച്ചു.