ജില്ലാ കളക്ടറുടെ ഓഫീസ് ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രിയുടെ കാലില് വീണ് ജില്ലാ കളക്ടറുടെ അപ്രതീക്ഷിത പെരുമാറ്റം.
തെലങ്കാനയിലെ സിദ്ധിപേട്ടിലെ പുതിയ കളക്ടറേറ്റില് ഞായറാഴ്ചയാണ് സംഭവം. ഉദ്ഘാടനം നടത്തിയ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്റെ കാലില് വീണ കളക്ടര് വെങ്കട്റാം റെഡ്ഡി താന് ചെയ്ത പ്രവര്ത്തിയെ ന്യായീകരിക്കുകയും ചെയ്തു.
മുഖ്യമന്ത്രി തനിക്ക് അച്ഛന് തുല്യനായ മനുഷ്യനാണ്. ഞായറാഴ്ച ഫാദേഴ്സ് ഡേയായതിനാലാണ് താന് അങ്ങനെ ചെയ്തതെന്നും അതില് തെറ്റൊന്നും ഇല്ലെന്നുമായിരുന്നു കളക്ടറുടെ പക്ഷം.
സംഭവത്തിന്റെ വൈറലായ വീഡിയോയില് കാണുന്നത് ഇങ്ങനെയാണ്. മുഖ്യമന്ത്രിയുടെ തൊട്ടടുത്ത സീറ്റില് ഇരിക്കുകയായിരുന്നു ജില്ലാ കളക്ടര് വെങ്കട്റാം റെഡ്ഡി.
മറ്റ് വിശിഷ്ടാതിഥികളും സ്ഥലത്തുണ്ടായിരുന്നു. ഇതിനിടെ റെഡ്ഡി മുഖ്യമന്ത്രിയുടെ കാല്ക്കല് വീഴുകയായിരുന്നു. മുഖ്യമന്ത്രി കളക്ടറുടെ ശ്രമം തടയാന് ശ്രമിക്കുന്നതും വീഡിയോയിലുണ്ട്.
താന് ചെയ്തത് തെലങ്കാനയുടെ സംസ്കാരത്തിന്റെ ഭാഗമാണെന്നും കളക്ടര് റെഡ്ഡി പറഞ്ഞു. പുതിയതായി ചാര്ജെടുക്കും മുന്പെ അനുഗ്രഹം വാങ്ങിയതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
എന്നാല് കളക്ടറുടെ നടപടിയില് തെലങ്കാന ബിജെപി ശക്തിയായി പ്രതിഷേധിച്ചു. സിദ്ധിപേട്ട് കളക്ടര് തന്റെ യജമാനനോടുളള വിശ്വാസ്യത കാണിക്കുകയാണെന്ന് ബിജെപി സംസ്ഥാന വക്താവ് കെ.കൃഷ്ണ സാഗര് റാവു വിമര്ശിച്ചു.
ഇത്തരം നടപടികള് ഒരു ഐഎഎസ് ഉദ്യോഗസ്ഥന്റെ ഭാഗത്ത് നിന്നും ഉണ്ടാകാന് പാടില്ലായിരുന്നെന്നും ഇത് ഐഎഎസിന്റെ അന്തസും സ്വാതന്ത്ര്യവുമെല്ലാം കളഞ്ഞുകുളിക്കുന്നതാണെന്നും റാവു പറഞ്ഞു.
സംഭവം അംഗീകരിക്കാന് കഴിയുന്നതല്ലെന്ന് കോണ്ഗ്രസും വ്യക്തമാക്കി. ഇന്ത്യന് ഭരണഘടനയോടാണ് ഭരണത്തിലിരിക്കുന്ന ആളോടല്ല കൂറ് പുലര്ത്തേണ്ടതെന്ന് റെഡ്ഡി മറന്നുപോയെന്ന് കോണ്ഗ്രസ് വക്താവ് ശ്രാവണ് ദസോജു പറഞ്ഞു.
ഇത് തെലങ്കാനയിലെ ഭരണതലത്തിലെ ഏകാധിപത്യവും അരാജകത്വവും തുറന്ന് കാട്ടുന്നതായും അദ്ദേഹം പറഞ്ഞു.