അടുത്ത കാലത്തായി ജനപ്രതിനിധികളേക്കാളും മറ്റ് അധികാരികളെക്കാളുമെല്ലാം ഉപരിയായി കൊച്ചുകുട്ടികളുടെയും പോലും സ്നേഹവും ആദരവും പിടിച്ചു പറ്റിയ വിഭാഗമാണ് കേരളത്തിലെ ഐഎഎസ് ഉദ്യോഗസ്ഥര്‍. പ്രളയം, നിപ്പാ പോലെ കേരളം വിറങ്ങലിച്ച് നിന്ന നിരവധി അവസരങ്ങളില്‍ ജനത്തോടൊപ്പം താങ്ങും തണലുമായി നിന്നതിലൂടെയും വ്യക്തതയും ഉറപ്പുമുള്ള നിരവധി നിലപാടുകളിലൂടെ സമൂഹത്തില്‍ നീതി നടപ്പിലാക്കിയതിലൂടെയും മലയാളികള്‍ പെട്ടൊന്നും മറക്കില്ല, കേരളത്തിലെ പല ഐഎസ് ഉദ്യോഗസ്ഥരുടെയും മുഖം.
സമാനമായ രീതിയില്‍ മലയാളി മനസുകളില്‍ പതിഞ്ഞ മുഖമാണ് കളക്ടര്‍ യു.വി. ജോസിന്റേത്. കോഴിക്കോട് കളക്ടറായിരുന്ന കാലഘട്ടത്തില്‍ സമൂഹ നന്മയ്ക്ക് അദ്ദേഹം ചെയ്ത സേവനങ്ങള്‍ക്ക് കണക്കില്ല എന്നാണ് കോഴിക്കോടുകാര്‍ പറയുന്നത്. എന്നാല്‍ കോഴിക്കോട്ടെ സേവനം മതിയാക്കി അടുത്ത സേവന മേഖലയിലേയ്ക്ക് യാത്ര തിരിക്കാന്‍ അദ്ദേഹത്തിന് സമയമായിരിക്കുന്നു. ഈയവസരത്തില്‍ കോഴിക്കോട്ടുകാര്‍ തനിക്ക് നല്കിയ എല്ലാ സഹകരണങ്ങള്‍ക്കും നന്ദി അറിയിച്ചുകൊണ്ട് കളക്ടര്‍ യു.വി. ജോസ്, എന്ന കോഴിക്കോടുകാരുടെ ജോസേട്ടന് കുറിച്ച വരികളാണ് ഇപ്പോള്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകളിങ്ങനെ…
കോഴിക്കോടിന്റെ നന്മയും സ്നേഹവും ആവോളം നുകര്‍ന്നു. ഔദ്യോഗിക ജീവിതത്തില്‍ അതുവരെ അനുഭവിക്കാത്ത തീഷ്ണമായ വെല്ലുവിളികള്‍ ഒന്നിനു പുറകെ ഒന്നായി വന്നുകൊണ്ടിരുന്നു. രണ്ടാം നാളില്‍ തന്നെ മിഠായിത്തെരുവിലെ തീപിടുത്തത്തിന്റെ രൂപത്തില്‍ തുടങ്ങി ഓഖി, കരിഞ്ചോലമല ഉരുള്‍പ്പൊട്ടല്‍, നിപ്പ എന്നിങ്ങനെ മഹാപ്രളയത്തില്‍ എത്തിനിന്ന ദുരന്തങ്ങളുടെ അസമയ ഘോഷയാത്ര! തുടക്കത്തില്‍ തെല്ലൊന്നമ്പരപ്പിച്ചെങ്കിലും കോഴിക്കോടന്‍ മനസ്സുകളുടെ സ്നേഹാര്‍ദ്രമായ ആഴവും ചങ്കുറപ്പും എന്നെ ധീരനായ കപ്പിത്താനായി നിലനിര്‍ത്തി. ഓരോ ദുരന്തവും വെല്ലുവിളികളും കോഴിക്കോടിന്റെ അകമഴിഞ്ഞ നന്മ അടുത്തനുഭവിക്കാനുള്ള അവസരങ്ങളായി മാറുന്നത് ഞാനറിഞ്ഞു.
‘ജോസേട്ടാ’ എന്ന നിങ്ങളുടെ വിളി ഔപചാരികതയുടെ മൂടുപടം പൊളിച്ച് കോഴിക്കോടന്‍ കുടുംബത്തിലെ മുതിര്ന്നൊരംഗമെന്ന ചിന്ത എന്നില്‍ സന്നിവേശിപ്പിച്ചു. സത്യം പറഞ്ഞാല്‍ ഈ വിളി എന്റെ ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തില്‍ സൃഷ്ടിച്ച ഉത്തരവാദിത്തബോധം ചില്ലറയല്ല!
എണ്ണിയെണ്ണി പറഞ്ഞാല്‍ തീരാത്തത്ര അനുഭവത്തിന്റെ ആഴവും പരപ്പുമുള്ള അറബിക്കടലാണ് നിങ്ങളെനിക്ക് സമ്മാനിച്ചത്. പല സന്ദര്‍ഭങ്ങളിലായി പലതും ഞാന്‍ തന്നെ നിങ്ങള്‍ക്ക് മുന്നില്‍ കുറിച്ചതുകൊണ്ട് വീണ്ടും അവയിലേക്കൊന്നും കടക്കുന്നില്ല.
എന്റെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ പ്രിയരെ തല്ക്കാലം നിങ്ങളോട് വിടചൊല്ലാന്‍ സമയം സമാഗതമായിരിക്കുന്നു. മനസ്സില്‍ നെയ്ത സ്വപ്ന പദ്ധതികളെല്ലാം ചെയ്തു പൂര്‍ത്തിയാക്കാന്‍ സമയ പരിമിതി മൂലം സാധിച്ചില്ലെന്ന തെല്ലു നിരാശ മറച്ചുവെക്കുന്നില്ല.
പുതിയ നിയോഗമേറ്റെടുത്ത് പോകുമ്പോള്‍ നിങ്ങള്‍ പകര്‍ന്ന അനുഭവങ്ങള്‍ കരുത്തുറ്റ ചാലകശക്തിയായി കൂടെ ഉണ്ടാകമെന്ന ബോധ്യം എന്നെ എന്നെത്തേക്കാളും ശക്തനാക്കുന്നു. ഒരു വിടപറയല്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്നും എപ്പൊഴും കയറിവരാവുന്ന എന്റെ കുടുംബ വീടാണ് കോഴിക്കോട്, നിങ്ങള്‍ എന്റെ സഹോദരങ്ങളും.
കിട്ടിയ അവസരങ്ങള്‍ നിങ്ങളെ സേവിക്കാന്‍ ആത്മാര്‍ത്ഥമായി ശ്രമിച്ചു എന്ന ചാരിതാര്‍ത്ഥ്യത്തോടെ കോഴിക്കോട് കലക്ടറേറ്റിന്റെ പടികള്‍ ഞാനിറങ്ങിക്കോട്ടെ. എന്റെ പിന്‍ഗാമിക്കും ഇതേ പിന്തുണ ഉണ്ടാവണം.
ഒരു പ്രളയത്തിനും പിഴുതെറിയാന്‍ കഴിയാത്തതാണ് കോഴിക്കോട്ടെ നന്മമരങ്ങള്! നിങ്ങളുടെ അകമഴിഞ്ഞ പിന്തുണയുടെ കരുത്തില്‍ ഒരു വെല്ലുവിളിക്കു മുമ്പിലും ഞാന്‍ പതറിയിട്ടില്ല. ആകെ പതറിയത് കോഴിക്കോടിന്റെ സ്നേഹ സാഗരത്തിന്റെ തിരതല്ലലിനു മുമ്പില്‍ മാത്രം!
നിങ്ങളെ പോലെ നിങ്ങളില്‍ ഒരാളായി കോഴിക്കോട്ടേക്ക് തിരിച്ച് വരണമെന്ന് എന്റെ മനസ്സ് ആഗ്രഹിക്കുന്നുണ്ട്. കാത്തിരുന്ന് കാണാം.
എന്റെ പ്രാര്‍ത്ഥനയില്‍ നിങ്ങളും, നിങ്ങളുടെ പ്രാര്‍ത്ഥനയില്‍ ഞാനുമുണ്ടാകുമെന്ന ഉറപ്പില്‍ തല്ക്കാലം വിട.