ഫേസ്ബുക്ക് ഫ്രണ്ട്‌സിനെയെല്ലാം വിവാഹം ക്ഷണിക്കുന്നത് ഇപ്പോള്‍ പതിവുള്ള കാര്യമാണ്. പിന്നെ പല പ്രമുഖരെയും ഫേസ്ബുക്കിലൂടെ വിവാഹം ക്ഷണിക്കാറുമുണ്ട്. എന്നാല്‍ അടുത്ത സുഹൃത്തുക്കളല്ലാതെ ഒട്ടുമിക്ക ആളുകളും ഫേസ്ബുക്ക് ക്ഷണം സ്വീകരിച്ച് വരാറില്ലയെന്നതാണ് യാഥാര്‍ഥ്യം. എന്നാല്‍ തന്റെ വിവാഹ ദിവസം വീട്ടിലേക്ക് കയറിവന്ന ആളെ കണ്ട് ഓട്ടോ ഡ്രൈവര്‍ രാകേഷിന്റെ കണ്ണു തള്ളിപ്പോയി. കാസര്‍കോട് ജില്ലാകളക്ടറായിരുന്നു ആ അപ്രതീക്ഷിത അതിഥി.
എല്ലാവരെയും ഫേസ്ബുക്കിലൂടെ ക്ഷണിച്ച കൂട്ടത്തില്‍ കളക്ടറെയും രാകേഷ് ക്ഷണിച്ചിരുന്നു.എങ്കിലും വീട് തേടിപ്പിടിച്ച് കാസര്‍കോട് ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു എത്തുമെന്ന് ഒട്ടും പ്രതീക്ഷിച്ചതല്ല. വിവാഹ വീട്ടില്‍ ചെന്ന കാര്യം കളക്ടറും പോസ്റ്റി. ഈ പോസ്റ്റ് കാസര്‍കോട്ട് വൈറലായിരിക്കയാണ്.കളക്ടറുടെ പോസ്റ്റിലും കാര്യമുണ്ട്. ഭര്‍ത്താവ് മരിച്ച ഏഴ് വയസ് പ്രായമുള്ള മകളുള്ള യുവതിയെ രാകേഷ് വിവാഹം കഴിച്ച് കൂടെ താമസിപ്പിക്കാന്‍ തീരുമാനിച്ചു. ഈ മാതൃകയാണ് കളക്ടറെ ആ വീട്ടിലേയ്ക്ക് ആകര്‍ഷിച്ചത്. ഭര്‍ത്താവ് മരിച്ച സ്ത്രീകളുടെ ജീവിതം പ്രധാന സാമൂഹ്യ പ്രശ്‌നമെന്ന നിലയില്‍ കളക്ടര്‍ക്ക് മുമ്പിലുണ്ടായിരുന്നു.
‘സാര്‍ ഇന്ന് എന്റെ വിവാഹമാണ് സാര്‍, വന്നിരുന്നെങ്കില്‍ എനിക്കും കുടുംബത്തിനും ഒരു സന്തോഷമായിരിക്കും. ഞാന്‍ വിവാഹം കഴിക്കുന്നത് ഭര്‍ത്താവ് മരിച്ച ഏഴ് വയസുള്ള മകളുള്ള യുവതിയെയാണ്..’ എന്നായിരുന്നു രാകേഷിന്റെ കളക്ടര്‍ക്കുള്ള കുറിപ്പ്. നാടുനീളെ വിവാഹം അറിയിക്കാന്‍ പോയപ്പോഴും രാകേഷ് ഇങ്ങനെ പറഞ്ഞു തന്നെയാണ് ക്ഷണിച്ചത്. ചന്തേര ചെമ്പിലോട്ട് ഭഗവതി ക്ഷേത്രം ഓഡിറ്റോറിയത്തില്‍ വെച്ചായിരുന്നു വിവാഹം.
പതിവുപോലെ രാവിലെ അഞ്ചുമണിക്ക് എഴുന്നേറ്റ് ഫയല്‍ നോക്കുന്ന നേരത്താണ് വാട്‌സ്ആപ്പ് സന്ദേശങ്ങളിലൊന്ന് കളക്ടര്‍ പ്രത്യേകം ശ്രദ്ധിച്ചത്, സേവ് ചെയ്യാത്ത ഒരു നമ്പറില്‍ നിന്ന് വന്ന, കല്യാണക്കുറി വായിച്ചപ്പോള്‍ പോകണമെന്ന് കളക്ടറുടെ മനസ് പറഞ്ഞു. ‘രാകേഷിന്റെ വാക്കുകള്‍ കൊള്ളിയാന്‍ പോലെ എന്റെ ഹൃദയത്തില്‍ കൊണ്ടു. ഉടന്‍ തീരുമാനിച്ചു വിവാഹത്തില്‍ തീര്‍ച്ചയായും പങ്കെടുക്കണം. വീട് തേടിപ്പിടിച്ചു. നമ്മുടെ ജില്ല നേരിടുന്ന ചില സാമുഹിക പ്രശ്‌നങ്ങള്‍ സമൂഹ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിന് കൂടി ഉദ്ദേശിച്ചാണ്..’ കളക്ടറുടെ പോസ്റ്റ് തുടരുന്നു. എന്തായാലും രാകേഷിന്റെ വലിയ മനസിന് സോഷ്യല്‍ മീഡിയയില്‍ നിന്നും നിറഞ്ഞ അഭിനന്ദനമാണ് ലഭിക്കുന്നത്.