ആലപ്പുഴ: കളക്ടറേറ്റിലെ വനിതാ ജീവനക്കാരിയോട് മോട്ടോർ വാഹന വകുപ്പുദ്യോഗസ്ഥൻ മോശമായി പെരുമാറിയെന്ന് പരാതി. റവന്യു വകുപ്പിലെ ജൂനിയർ സൂപ്രണ്ടായ വനിതയോടാണ് അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ മോശമായി പെരുമാറിയത്. കളക്ടറേറ്റിൽ ആർടിഒ ഉദ്യോഗസ്ഥരുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് പുറത്ത് ജീവനക്കാരി വാഹനം പാർക്ക് ചെയ്തിരുന്നു.
മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥന്റെ സ്വകാര്യവാഹനത്തിനു പിന്നിലായി സ്കൂട്ടർ ഇരുന്നതിനാൽ ഇദ്ദേഹം ആർടി ഓഫീസിലെത്തി ഓണ്‍ലൈൻ രേഖകളിൽനിന്നും വാഹനഉടമയുടെ ഫോണ്‍നന്പർ കണ്ടെത്തി ഇവരെ വിളിച്ചുവരുത്തുകയായിരുന്നു. വാഹനം മാറ്റികൊടുക്കുന്നതിനിടെ ഉദ്യോഗസ്ഥൻ ഇവരുടെനേരെ അസഭ്യവർഷം ചൊരിഞ്ഞതായും ആക്ഷേപമുണ്ട്.
തുടർന്നു ഇവർ കളക്ടർക്കു പരാതി നല്കി. കളക്ടർ ആർടിഒയുടെ വിശദീകരണം തേടി. സംഭവത്തിൽ സ്റ്റാഫ് കൗണ്‍സിൽ യോഗം ചേർന്നു പ്രതിഷേധിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ജോയിന്റ് കൗണ്‍സിൽ നേതൃത്വത്തിൽ ഉദ്യോഗസ്ഥനെതിരേ നടപടി ആവശ്യപ്പെട്ട് ആർ.ടി ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചു.