ചിറ്റൂർ: കച്ചേരിമേട് മിനി സിവിൽ സ്റ്റേഷൻ കോന്പൗണ്ടിൽ ശുചീകരണപ്രവർത്തനമില്ലാത്തതിനാൽ മാലിന്യം കുമിഞ്ഞുകൂടുന്നു. അതിനാൽ വിവിധ ആവശ്യങ്ങൾക്കായി സിവിൽസ്റ്റേഷനിലെത്തുന്നവർക്ക് ബുദ്ധിമുട്ടുണ്ടാവുന്നതായി പരാതി. മാലിന്യ നിക്ഷേപത്തിനു ബോക്സുകൾ സ്ഥാപിക്കാത്തതിനാൽ കോന്പൗണ്ടിന്റെ പടിഞ്ഞാറുഭാഗത്താണ് വിവിധമാലിന്യം നിക്ഷേപിച്ചുവരുന്നത്.
ഒരുവർഷംമുന്പ് കോന്പൗണ്ടിനകത്തുനിന്നിരുന്ന വൻവൃക്ഷം നിലംപതിച്ചതും നീക്കം ചെയ്തിട്ടില്ല. ഇതുകാരണം വാഹനങ്ങളിലെച്ചുന്നവർ പാർക്കിംഗിനു സ്ഥലമില്ലാതെ അരകിലോമീറ്റർ അകലെ വാഹനം നിർത്തേണ്ടിവരുന്നു.
വിവിധ ആവശ്യവും മിനി സിവിൽസ്റ്റേഷനിൽ എത്തുന്നവർക്ക് പ്രാഥമികാവശ്യത്തിന് ടോയ്ലറ്റു സൗകര്യമില്ലാത്തതിനാൽ മരച്ചുവട്ടിലുംമറ്റുമാണ് മൂത്രവിസർജനം നടത്തിവരുന്നത്.
കൊതുക് ശല്യവും ദുർഗന്ധവും ഇവിടെ വർധിച്ചിട്ടുണ്ട്. കോന്പൗണ്ടിനകത്ത് അവശേഷിക്കുന്ന ആൽവൃക്ഷങ്ങളും ഉണക്കംതട്ടി അപകടഭീഷണിയിലാണ്. കഴിഞ്ഞവർഷം സർക്കാർ അവധിദിവസത്തിലാണ് വൃക്ഷം കടപുഴകി വീണത്. ഇതിനാൽ മറ്റു അനിഷ്ടസംഭവങ്ങളൊന്നും ഉണ്ടായില്ല. എന്നാൽ മരം വീണതിന്റെ സമീപത്തെ പോലീസ് ക്വാർട്ടേഴ്സിലെ മൂന്നു വീടുകൾക്ക് നാശനഷ്ടമുണ്ടായി.
ഭാഗ്യവശാലാണ് വീടുകളിലുണ്ടായിരുന്നവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. മിനി സിവിൽ സ്റ്റേഷൻ പ്രവേശന കവാടത്തിലെ സ്ലാബുകൾ തകർന്ന് ഗർത്തമുണ്ടായിരിക്കുന്നതിനാൽ വാഹനങ്ങൾ അകത്ത് പ്രവേശിക്കുന്നതും അപകടഭീഷണിയിലാണ്. കോന്പൗണ്ടിനകത്ത് നിർമിച്ച ശൗചാലയം വിവിധകാരണംപറഞ്ഞ് പ്രവർത്തനത്തിന് അനുവദിക്കില്ലെന്നും ആരോപണമുണ്ട്.