പത്തനംതിട്ട: ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന ആരോപണവുമായി നഗരസഭ മുൻ വൈസ് ചെയർമാനും ടൗണ്‍ വാർഡ് കൗണ്‍സിലറുമായ പി.കെ. ജേക്കബ്. സെന്റ് പീറ്റേഴ്സ് ജംഗ്ഷനിൽ നിന്നും കളക്ടറേറ്റ് കവാടത്തിലേക്കുള്ള ബൈപാസ് റോഡ് കളക്ടറുടെ ഉത്തരവ് പ്രകാരം വെട്ടിപ്പൊളിച്ചതാണ് ചട്ടലംഘനമായി പി.കെ. ജേക്കബ് പറയുന്നത്. നഗരസഭയുടെ ഉടമസ്ഥതയിലുള്ള റോഡാണിത്.
ഒരു നോട്ടീസ് പോലും നൽകാതെയാണ് ഇത് വെട്ടിപ്പൊളിച്ചത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ നഗരസഭ കൗണ്‍സിൽ ചേർന്ന് തീരുമാനമെടുക്കാൻ കഴിയാത്ത സ്ഥിതിയാണെന്നും അദ്ദേഹം പറഞ്ഞു. റോഡിലെ സ്ലാബുകൾ ഇളക്കിയതുമായി ബന്ധപ്പെട്ട് വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യങ്ങൾക്കാണ് കളക്ടറുടെ നിർദേശപ്രകാരമായിരുന്നു നടപടിയെന്ന മറുപടി ലഭിച്ചിട്ടുള്ളത്. ക
ളക്ടറേറ്റിന്റെ സുരക്ഷിതത്വത്തിനുവേണ്ടിയാണ് നഗരസഭ റോഡ് വെട്ടിപ്പൊളിച്ചതെന്നതാണ് വാദം.25 വർഷം മുന്പ അന്നത്തെ എംഎൽഎ കെ.കെ. നായരുടെയും വാർഡ് കൗണ്‍സിലറായിരുന്ന എ. സൈനുദ്ദീന്റെയും ശ്രമഫലമായിട്ടാണ് ഈ റോഡ് നിർമിച്ചത്.
കളക്ടറേറ്റ് ജീവനക്കാർക്കും പൊതു ജനങ്ങൾക്കും ഉൾപ്പെടെ നൂറുകണക്കിനാളുകൾക്കു പ്രയോജനപ്പെടുന്ന വഴി 7.20 ലക്ഷം മുടക്കി നഗരസഭ നവീകരിച്ചതിനു പിന്നാലെയാണ് കളക്ടറുടെ ഉത്തരവ് പ്രകാരം വെട്ടിപ്പൊളിച്ചത്. ഇത് രാഷ്ട്രീയ പകപോക്കലും ഗുരുതരമായ ചട്ടലംഘനവുമാണെന്ന് പി.കെ. ജേക്കബ് ആരോപിച്ചു. റോഡ് തകർത്തതിലൂടെ നഗരസഭയ്ക്ക് ഉണ്ടായിട്ടുള്ള സാന്പത്തിക നഷ്ടം പരിഹരിക്കണമെന്നും റോഡ് പുനർനിർമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.