കിഴക്കമ്പലം: 2009 ജൂലൈ 10ന് ജില്ലാ ഭരണസിരാ കേന്ദ്രത്തില്‍ നടന്ന സ്ഫോടനത്തെ തുടര്‍ന്ന് തീവ്രവാദിയെന്നും ഭീകരവാദിയെന്നും മുദ്രചാര്‍ത്തി കാരാഗൃഹത്തിലടക്കപ്പെട്ട് ഒടുവില്‍ കുറ്റംപത്രം സമര്‍പ്പിക്കാനാകാതെ പോലീസ് വെറുതെവിട്ട യുവാവിന്റെ ദുര്യോഗത്തിന് പതിനൊന്നാണ് കഴിഞ്ഞിരിക്കു കയാണ്.
കിഴക്കമ്പലം ഊരക്കാട് സ്വദേശിയായ പുളിയ്ക്കല്‍ ജിനീഷാ (41)ണ് 11 വര്‍ഷം മുമ്പ് അകാരണമായി പീഡിപ്പിക്കപ്പെട്ടതിന്റെ നൊമ്പരം പേറുന്നത്. സ്ഫോടനത്തില്‍ കളക്ടറേറ്റ് ജീവനക്കാരനായ ഒരാള്‍ക്ക് പരിക്കേറ്റിരുന്നു.
ഇതോടൊപ്പം ഫയലുകളും നശിച്ചു എന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍. ഭരണ സിരാ കേന്ദ്രത്തില്‍ നടന്ന സ്ഫോടനമായിരുന്നതിനാല്‍ ആദ്യഘട്ടത്തില്‍ കേന്ദ്ര രഹസ്യാന്വേഷണ ഏജന്സികളടക്കമാണ് ഈ കേസ് അന്വേഷിച്ചത്.
പരിക്കേറ്റ ജീവനക്കാരന്റെ ഫോണ്‍ കോളുകളടക്കം അന്വേഷണ വിധേയമാക്കിയിരുന്നു. ഇതിനിടെ ഫോണില്‍ ഉപയോഗിച്ചിരുന്ന സിം കാര്‍ഡ് ഉടമയുടെതല്ലെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു. ഇതേതുടര്‍ന്നുള്ള അന്വേഷണത്തിനിടെയാണ് പോലീസ് പൂക്കാട്ടുപടിയില്‍ മൊബൈല്‍ ഷോപ്പ് നടത്തിയിരുന്ന ജിനീഷിലേക്ക് എത്തിയത്.
ജിനീഷില്‍ നിന്നാണ് സിം കാര്‍ഡ് വാങ്ങിയതെന്ന ജീവനക്കാരന്റെ മൊഴിയില്‍ മൊബൈല്‍ ഷോപ്പില്‍ തൃക്കാക്കര സ്റ്റേഷനില്‍ നിന്നെത്തിയ പോലീസ് സംഘം പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. സാധാരണ ഗതിയില്‍ അക്കാലത്ത് സിം കാര്‍ഡുകള്‍ നല്‍കുന്നത് ഉപഭോക്താക്കളുടെ ഐഡി പ്രൂഫ് എന്തെങ്കിലും സ്വീകരിച്ചു കൊണ്ടായിരുന്നു.
കൂടുതല്‍ ഉപഭോക്താക്കളെ കണ്ടെത്താന്‍ സ്വകാര്യ ടെലഫോണ്‍ കമ്പനികള്‍ ഇക്കാര്യത്തില്‍ കടുത്ത നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിരുന്നില്ല. ഉപഭോക്താക്കളില്‍നിന്നും ഐഡി പ്രൂഫ് ലഭിക്കുന്ന മുറയ്ക്ക് സിം കാര്‍ഡുകള്‍ വിതരണം ചെയ്യുകയും ഐഡി പ്രൂഫടക്കം സ്വകാര്യ കമ്പനി ഏജന്‍സികളെ ഏല്‍പ്പിക്കുകയുമായിരുന്നു പതിവ്.
എന്നാല്‍ ഇങ്ങനെയൊരു സിം കാര്‍ഡ് താന്‍ നല്‍കിയിട്ടില്ലെന്ന് ജിനീഷ് പറഞ്ഞെങ്കിലും പോലീസ് ചെവിക്കൊണ്ടില്ല. സിം കാര്‍ഡ് ജിനീഷില്‍ നിന്നാണ് ജീവനക്കാരന് കൈപ്പറ്റിയതെന്ന് തെളിയിക്കാന്‍ പോലീസിന് കഴിഞ്ഞില്ല.
ഇതിനിടിയിലാണ് വ്യാജരേഖ ചമച്ചു എന്ന കാരണം ചൂണ്ടിക്കാട്ടി ജിനീഷിനെ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടക്കുന്നത്. തുടര്‍ന്ന് 11 ദിവസത്തോളമാണ് ജയിലില്‍ കഴിഞ്ഞത്. മാധ്യമങ്ങളില്‍ കളക്ട്രേറ്റ് സ്ഫോടനത്തിലെ പ്രതിയെ പിടികൂടി എന്ന തരത്തിലാണ് പിന്നീട് വാര്‍ത്തകള്‍ വന്നത്.
തുടര്‍ന്ന് ഈ കേസ് ആലുവ പോലീസ് സ്റ്റേഷനിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തു. ഇതോടനുബന്ധിച്ച് ആലുവ സ്റ്റേഷനിലെ എസ്ഐ നടത്തിയ അന്വേഷണത്തിലാണ് ജിനീഷിന്റെ നിരപരാധിത്വം തെളിയിക്കപ്പെടുന്നത്. സംസ്ഥാനത്ത് കൊല്ലം ജില്ലാ കലക്ട്രേറ്റിലടക്കം പ്രധാനപ്പട്ട കേന്ദ്രങ്ങളില്‍ പിന്നീട് ഇത്തരത്തില്‍ സ്ഫോടനം നടന്നതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു.
എന്നാല്‍ ഈ സ്ഫോടന കേസുകളിലെല്ലാം ഒരാളെപ്പോലും പോലീസിന് പിടികൂടാന്‍ കഴിഞ്ഞിട്ടില്ലെന്നു മാത്രമല്ല സംഭവത്തിന്റെ യഥാര്‍ഥ വസ്തുതകള്‍ ഇതുവരെയും പുറത്തുവന്നിട്ടില്ല.