കോട്ടയം: ചില സ്വാശ്രയ കോളജുകളിലും ലോ അക്കാഡമിയിലും വിദ്യാര്‍ഥി സമരം മാധ്യമശ്രദ്ധ നേടിയതോടെ കോളജുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമെതിരേ വ്യാജപ്രചാരണങ്ങളും ശക്തമായി. സ്ഥാപനങ്ങളോടും അധികാരികളോടും അനിഷ്ടമുള്ള പലരും അവസരം മുതലാക്കി രംഗത്തിറങ്ങുകയാണ്. ഗുരുതരകുറ്റങ്ങള്‍ ചെയ്ത് അച്ചടക്ക നടപടിക്കു വിധേയരായവരും മുതലെടുപ്പിനു രംഗത്തുണ്ട്. സോഷ്യല്‍ മീഡിയയിലൂടെയും ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെയും കോളജുകള്‍ക്കെതിരേ ആരോപണങ്ങള്‍ഉന്നയിച്ചു രംഗത്തുവരികയെന്നതാണു പലരുടെയും തന്ത്രം. അങ്ങനെ ചര്‍ച്ചയുണ്ടാക്കി വിദ്യാര്‍ഥി യൂണിയനുകളെ അതില്‍കൊണ്ടു ചാടിക്കാനാണ് പല കേന്ദ്രങ്ങളും ശ്രമിക്കുന്നത്. ഇങ്ങനെയൊരു ശ്രമം പത്തനംതിട്ടയില്‍ നടന്നതു വിദ്യാര്‍ഥികളുടെ ഇടപെടലില്‍ എട്ടു നിലയില്‍ പൊട്ടി.
പത്തനംതിട്ടയിലെ ഒരു പ്രമുഖ കോളജിലെ പ്രിന്‍സിപ്പലിനെതിരേ കഴിഞ്ഞ ദിവസം ഒരു പൂര്‍വവിദ്യാര്‍ഥി ആരോപണങ്ങളുമായി രംഗത്തെത്തി. ഇതു ഒരു ഓണ്‍ലൈന്‍ മാധ്യമത്തിലും സോഷ്യല്‍ മീഡിയയിലും വന്നു. എന്നാല്‍, ഇതു പ്രസിദ്ധീകരിച്ചു നിമിഷങ്ങള്‍ക്കകം ആ കോളജിലെ വിദ്യാര്‍ഥികള്‍ കൂട്ടത്തോടെ ഇതിനെതിരേ രംഗത്തുവന്നു. ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും അടിസ്ഥാനരഹിതമാണെന്നും വിദ്യാര്‍ഥികള്‍ ഓണ്‌ലൈന്‍ മറുപടി പോസ്റ്റ് ചെയ്തു.
ഓണ്‍ലൈന്‍ വാര്‍ത്ത സൈറ്റില്‍ ആരോപണമുന്നയിച്ച മുന്‍ വിദ്യാര്‍ഥികള്‍ക്കെതിരേ പോലീസില്‍ ക്രിമിനല്‍ കേസ് അടക്കം നിരവധി പരാതികള്‍ ഉണ്ടെന്നു വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാട്ടുന്നു. ഇതിന്‍റെ തെളിവിനായി കേസ് നന്പറും മറ്റും നല്‍കിയാണ് വിദ്യാര്‍ഥികള്‍ പോസ്റ്റ് ഇട്ടത്.
അച്ചടക്ക നടപടിയുടെ ഭാഗമായി നേരത്തെ പല കോളജുകളില്‍നിന്നു പുറത്താക്കിയ വിദ്യാര്‍ഥിയാണ് ആരോപണവുമായി എത്തിയത്. മദ്യപിച്ചതിനും അധ്യാപകരോടു മോശമായി പെരുമാറിയതിന്‍റെയും പേരില്‍ നിരവധി പരാതികള്‍ കോളജ് അധികൃതര്‍ക്കു ലഭിച്ചതോടെയാണ് ഇയാളെ കോളജില്‍നിന്നു പുറത്താക്കിയത്. ഇതോടെ, പരാതിയുടെ വിശ്വാസ്യത അന്വേഷിക്കാതെ വാര്‍ത്ത പ്രസിദ്ധീകരിച്ച ഓണ്‍ലൈന്‍ മാധ്യമവും വെട്ടിലായി.
സംസ്ഥാനത്തെ പല സ്വാശ്രയ കോളജുകള്‍ക്കതിരേയും ഇത്തരം അനാവശ്യ ആരോപണങ്ങള്‍ ഉന്നയിച്ചു മാധ്യമ ശ്രദ്ധനേടാന്‍ പലരും ശ്രമിക്കുന്നുണ്ട്. പല ആരോപണങ്ങള്‍ക്കും പിന്നില്‍ കോളജില്‍നിന്നു പഠനം കഴിഞ്ഞു പുറത്തിറങ്ങിയ വിദ്യാര്‍ഥികളോ അച്ചടക്ക നടപടികളുടെ പേരില്‍ പുറത്താക്കിയവരോ ആണെന്നാണ് വ്യക്തമാകുന്നത്. ആരോപണങ്ങളില്‍ കഴന്പില്ലാത്തതിനാല്‍ വിദ്യാര്‍ഥിസംഘടനകളുടെ പിന്തുണയും ഇത്തരക്കാര്‍ക്കില്ല. ചില വിദ്യാര്‍ഥികള്‍ സ്വാശ്രയ കോളജുകള്‍ക്കെതിരേ അനാവശ്യ ആരോപണങ്ങളുമായി എത്തുന്നത് സദ്ഉദേശ്യത്തോടെയുള്ള സമരത്തിന്‍റെ കൂടി മുനയൊടിക്കുമെന്നാണ് വിദ്യാര്‍ഥി സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നത്.ഇത്തരക്കാര്‍ക്കെതിരേ ജാഗ്രത പാലിക്കണമെന്നും സംഘടനകള്‍ നേതാക്കള്‍ക്കു മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. എവിടെയെങ്കിലും ആരോപണം ഉന്നയിക്കപ്പെട്ടാല്‍ അതിന്‍റെ നിജസ്ഥിതി പരിശോധിച്ചതിനു ശേഷം ഇടപെട്ടാല്‍ മതിയെന്നാണ് നിര്‍ദേശം കൊടുത്തിരിക്കുന്നത്.