റാഞ്ചി: ഉത്തരേന്ത്യൻ സംസ്ഥാനമായ ജാർഖണ്ഡിൽ ജെസ്യൂട്ട് സഭയുടെ കോളജിനു നേരേ ആക്രമണം. ഈ മാസം മൂന്നിനാണ് സംഭവമുണ്ടായത്. കോളജിലെ ചില കുട്ടികൾ ഹോസ്റ്റലിൽ താമസിക്കുന്ന ആദിവാസി കുട്ടികളുമായി വഴക്ക് ഉണ്ടാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് കോളജിൽപഠിക്കുന്ന 26 വിദ്യാർഥികളടക്കം 500 ഓളം തീവ്രഹിന്ദു പ്രവർത്തകർ ആക്രമണം അഴിച്ചുവിട്ടതെന്ന് മാനേജ്മെൻറ് ആരോപിക്കുന്നു.
ഒരാഴ്ചയായി കോളജ് തുറക്കാനാവാതെ അടഞ്ഞു കിടക്കുകയാണ്. തോക്കും കത്തിയും കുറുവടികളുമായാണ് അക്രമികൾ എത്തിയത്. കോളജിലെ സിസിടിവി കാമറകളും ഡസ്കുകളും കസേരകളും അലമാരയും നോട്ടീസ് ബോർഡും സൗണ്ട് സിസ്റ്റവും ഫർണിച്ചറുകളും ഫാനുകളും മറ്റ് വൈദ്യുതോപകരണങ്ങളും അക്രമികൾ തകർത്തു.
മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന പണവും ഹോസ്റ്റലിലെ കുട്ടികൾക്ക് ഉപയോഗിക്കാനായി സൂക്ഷിച്ചിരുന്ന മൂന്നു മൊബൈൽ ഫോണുകളും സംഘം കവർന്നു. കോളജിലെ വനിതാ ജീവനക്കാരെയും വിദ്യാർഥിനികളെയും അക്രമികൾ അപമാനിക്കാൻ ശ്രമിച്ചതായും മാനേജ്മെന്റ് പറഞ്ഞു. അധികൃതർ വിവരമറിയിച്ചതിനെത്തുടർന്ന് പോലീസ് എത്തിയെങ്കിലും അക്രമികൾ ഇവരെയും ആക്രമിച്ചു. ആക്രമണത്തിൽ ഒരു ഇൻസ്പെക്ടറടക്കം നിരവധി പോലീസുകാർക്ക് പരിക്കേറ്റു. നാലു മണിക്കൂർ ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് സംഘം മടങ്ങിയത്.
തങ്ങൾക്ക് കോളജ് തുറക്കാൻ സാധിക്കുന്നില്ലെന്നും എല്ലാം നശിപ്പിക്കപ്പെട്ടതായും സെൻറ് ജോണ് ബെർക്കുമാൻസ് ഇൻറർ കോളജിന്റെ സെക്രട്ടറി ഫാ. തോമസ് കുഴിവേലിൽ പറഞ്ഞു. സാഹിബ്ഗഞ്ച് പട്ടണത്തിൽനിന്നും 38 കിലോമീറ്റർ മാറിയാണ് കോളജ് സ്ഥിതി ചെയ്യുന്നത്. ജെസ്യൂട്ട് സഭയുടെ ദുംക-റായ്ഗഞ്ച് പ്രൊവിൻസിനാണ് ഇതിന്റെ നിയന്ത്രണം.
15 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായാണ് മാനേജ്മെൻറ് അറിയിച്ചിരിക്കുന്നത്. ആക്രമണമുണ്ടായി ഏട്ടു ദിവസത്തിനുശേഷവും കുറ്റവാളികൾക്കെതിരേ യാതൊരു നടപടിയും പോലീസ് സ്വീകരിച്ചിട്ടില്ല. കുറ്റവാളികൾക്കെതിരേ ഉടൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കോളജ് അധികൃതർ ജാർഖണ്ഡ് ഗവർണർ, മുഖ്യമന്ത്രി, ദേശീയ മനുഷ്യാവകാശ കമ്മീഷൻ, ദേശീയ ന്യൂനപക്ഷ-നിയമ അധികൃതർക്കും പരാതി അയച്ചിട്ടുണ്ട്.